കനത്ത മഴയില്‍ “മുങ്ങി”നഗരം;നിരവധി വീടുകളില്‍ വെള്ളം കയറി;ഔട്ടർ റിങ്‌ റോഡിനുസമീപം മരം വീണ് ഗാതാഗതം സ്തംഭിച്ചു.

ബെംഗളൂരു: നഗരത്തില്‍ കനത്ത മഴ തുടരുന്നു . ചൊവ്വാഴ്ച രാത്രിയിൽ പെയ്ത മഴയിൽ പലയിടങ്ങളിലും വ്യാപക വെള്ളക്കെട്ട് രൂപപ്പെട്ടു. പലയിടങ്ങിളിലും വീടുകളിൽ വെള്ളം കയറി.

വീട്ടുപകരണങ്ങളും വാഹനങ്ങളും കേടായി. ജയനഗർ, നാഗസാന്ദ്ര തുടങ്ങിയ പ്രദേശങ്ങളിൽ വൈദ്യുതിവിതരണവും തകരാറിലായി. ഇവ പരിഹരിച്ചുവരികയാണ്. തിങ്കളാഴ്ച രാത്രിയും ചൊവ്വാഴ്ച പുലർച്ചെയുമായി പെയ്ത മഴയിൽ രൂപപ്പെട്ട വെള്ളക്കെട്ട് ചൊവ്വാഴ്ച ഉച്ചയോടെയാണ് ഒഴിഞ്ഞത്.

നാഗർഭാവി, കോടിച്ചിക്കഹള്ളി, ഔട്ടർ റിങ്‌ റോഡ് തുടങ്ങിയ പ്രദേശങ്ങളിലെ വീടുകളിലാണ് വെള്ളം കയറയത്. ഗൊട്ടിഗരെയിലെയും ഉത്തരഹള്ളിയിലെയും വിവിധ അപ്പാർട്ട്‌മെന്റുകളുടെ താഴത്തെ നിലയിൽ വെള്ളം കയറിയതോടെ നിർത്തിയിട്ട വാഹനങ്ങൾ വെള്ളത്തിനടിയിലായി. ഇരുചക്രവാഹനങ്ങൾ ഒഴുകിപ്പോയി.

ഓടകളിലൂടെ ഒഴുകിയെത്തിയ മലിനജലം വീടുകളുടെ കുടിവെള്ള ടാങ്കുകളിൽ കലർന്നതും ജനങ്ങളെ പ്രതിസന്ധിയിലാക്കി. ടാങ്കറുകളിൽ കുടിവെള്ളമെത്തിച്ചാണ് ഉത്തരഹള്ളി, ബെന്നാർഘട്ടറോഡ് എന്നിവിടങ്ങളിൽ വിതരണം ചെയ്തത്‌. ബി.ടി.എം. ലേഔട്ടിലെ അപ്പാർട്ടുമെന്റുകളുടെ താഴെ നിലയിൽ നിന്നും അഗ്നിരക്ഷാസേനയുടെ സഹായത്തോടെ മോട്ടോർ ഉപയോഗിച്ച് വെള്ളംവറ്റിച്ചു.

ഔട്ടർ റിങ്‌ റോഡിനുസമീപം മരംവീണ് ഗതാഗതം ഏറെനേരം തടസ്സപ്പെട്ടു. കോർപ്പറേഷൻ ജീവനക്കാരും പ്രദേശവാസികളും മരം നീക്കിയതിനുശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. നാഗർഭാവിയിലെ വിദ്യാഗിരി അപ്പാർട്ട്‌െമന്റിനുസമീപം മണ്ണിടിഞ്ഞത് ആശങ്കൾക്കിടയാക്കി. ചെവ്വാഴ്ച രാവിലെയോടെ ഇടിഞ്ഞുവീണ മണ്ണ് നീക്കം ചെയ്തു. മല്ലേശ്വരം, കമ്മനഹള്ളി, ബൊമ്മനഹള്ളി, ആർ. ആർ. നഗർ തുടങ്ങിയ പ്രദേശങ്ങളിലും ഗതാഗതത്തിന് കാര്യമായ തടസ്സമുണ്ടായി.

എം.ജി. റോഡിൽ വലിയ ഗതാഗതക്കുരുക്കാണുണ്ടായത്. മൈസൂരുറോഡ്, കോറമംഗല, വിദ്യാരണ്യപുര, ശാന്തിനഗർ എന്നിവിടങ്ങളിൽ റോഡുകളിൽ കുഴികൾ രൂപപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us