ബെംഗളൂരു : വിദ്യാർഥികൾക്ക് സൗജന്യ യാത്രാ പാസ് അനുവദിക്കുന്ന കാര്യത്തിൽ സർക്കാർ അനിശ്ചിതത്വം തുടരുന്നതിനിടെ, സ്റ്റുഡന്റ്സ് പാസിനുള്ള ഓൺലൈൻ ഫോം ലഭ്യമാക്കി ബിഎംടിസി. ഇ-പാസ് സംവിധാനം ആദ്യമായാണ് നടപ്പാക്കുന്നത്. കൗണ്ടറുകളിൽ വിദ്യാർഥികൾ മണിക്കൂറുകൾ ക്യൂ നിന്ന് വലയുന്നതിന് പരിഹാരമായാണ് പുതിയ സംവിധാനം.പ്രാഥമിക വിദ്യാഭ്യാസ വകുപ്പിന്റെ ഓൺലൈൻ സംവിധാനവുമായി ബന്ധിപ്പിച്ചിട്ടുള്ളതിനാൽ വ്യാജ പാസുകൾ അനുവദിക്കുന്നത് തടയാൻ സാധിക്കും.വിദ്യാർഥികളുടെ പേരിലുള്ള സ്മാർട്ട് കാർഡാണ് ഇത്തവണ പാസിനു പകരം വിതരണം ചെയ്യുന്നത്. വെബ്സൈറ്റിൽ ആവശ്യമായ രേഖകൾ സഹിതം അപേക്ഷിക്കാം.
വിദ്യാർഥികൾക്കു സൗജന്യ യാത്രാ പാസ് അനുവദിക്കുന്ന സാഹചര്യമുണ്ടായാൽ ബിഎംടിസി പാസിനായി മുടക്കിയ തുക സർക്കാർ തിരിച്ചുനൽകുമോ എന്ന ആശങ്കയും വിദ്യാർഥികൾക്കുണ്ട്. പഴയ പാസ് ഉപയോഗിച്ച് യാത്ര ചെയ്യാനുള്ള അനുമതി ജൂലൈ 31ന് അവസാനിക്കും. ഈ സാഹചര്യത്തിലാണ് പാസ് അനുവദിക്കാൻ ബിഎംടിസി നടപടിയായത്. പുതിയ സ്കൂളുകളിലും കോളജുകളിലും ചേർന്നവരാണ് പാസ് ഇല്ലാത്തതുമൂലം ഏറെ വലഞ്ഞിരുന്നത്. പാസ് ലഭിക്കാൻ വൈകിയതോടെ ദിവസവും 50 രൂപയിലധികം യാത്രയ്ക്ക് മാത്രമായി ചെലവഴിക്കേണ്ട അവസ്ഥയാണെന്ന പരാതിയും വ്യാപകമായിരുന്നു.
ഹൈസ്കൂൾ വിഭാഗത്തിൽ പെൺകുട്ടികൾക്ക് 400 രൂപ, ആൺകുട്ടികൾക്ക് 600 രൂപ, പിയുസി വിദ്യാർഥികൾക്ക് 900 രൂപ, ഡിഗ്രി, പിജി വിദ്യാർഥികൾക്ക് 1100 രൂപ, പ്രഫഷനൽ കോളജ് വിദ്യാർഥികൾക്ക് 1150 രൂപ, ഈവനിങ് കോളജ് വിദ്യാർഥികൾക്ക് 1480 രൂപയുമാണ് ഒരു വർഷത്തേക്കുള്ള ബിഎംടിസി പാസ് നിരക്ക്. പ്രോസസിങ് ഫീസായി 200 രൂപയും അധികമായി നൽകണം. എസ്സി, എസ്ടി വിദ്യാർഥികൾക്ക് സൗജന്യമായി പാസ് ലഭിക്കുമെങ്കിലും പ്രോസസിങ് ഫീസ് നൽകണം. വെബ്സൈറ്റ്: www.mybmtc.com
ബിഎംടിസി ഇ ഫോം മൊബൈൽ ഫോൺ ടോൾ ഫ്രീ നമ്പർ വഴിയും ലഭിക്കും. 161 എന്ന നമ്പറിലേക്ക് ഡയൽ ചെയ്താൽ കന്നഡയിലും ഇംഗ്ലിഷിലും വിവരങ്ങൾ ലഭിക്കും. നമ്പർ രണ്ട് അമർത്തിയാൽ പാസ് സംബന്ധിച്ച് വിവരങ്ങൾ അറിയാനും വെബ്സൈറ്റ് ലിങ്കിലേക്ക് നേരിട്ട് പ്രവേശിക്കാനും സാധിക്കും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.