പാല: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയും ഗവര്‍ണറുമായിരുന്ന എം.എം ജേക്കബ് അന്തരിച്ചു. 92 വയസ്സായിരുന്നു. പാലായിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് രാവിലെയായിരുന്നു അന്ത്യം. സംസ്കാരം നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് രാമപുരത്തെ സെമിത്തേരിയില്‍ നടക്കും.
കോട്ടയം ജില്ലയിലെ കോണ്‍ഗ്രസിന്‍റെ തലമുതിര്‍ന്ന നേതാക്കളില്‍ ഒരാളായ എം.എം ജേക്കബ് ദേശീയ തലത്തില്‍ വ്യക്തിമുദ്ര പതിച്ച നേതാവായിരുന്നു. രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനത്തെത്തിയ ആദ്യ മലയാളി കൂടിയാണ് എം.എം ജേക്കബ്. കേന്ദ്രത്തില്‍ പാര്‍ലമെന്ററികാര്യം, ജലവിഭവം, ആഭ്യന്തരം എന്നീ വകുപ്പുകളില്‍ സഹമന്ത്രിയായിരുന്നു.
1982ലും 88ലും രാജ്യസഭാംഗമായി 1986ല്‍ രാജ്യസഭാ ഉപാദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു. വിവിധ രാജ്യങ്ങളില്‍ നടന്ന സമ്മേളനങ്ങളില്‍ രാജ്യത്തിന്‍റെ പ്രതിനിധിയായി. 1985ലും 1993ലും യു.എന്‍.ജനറല്‍ അസംബ്ലിയില്‍ ജേക്കബ്ബിന്‍റെ ശബ്ദംമുഴങ്ങി. 1995ലും 2000ലുമായി രണ്ടുതവണ മേഘാലയ ഗവര്‍ണറായിരുന്നു.
സാമൂഹികസേവകന്‍, അധ്യാപകന്‍, അഭിഭാഷകന്‍, സംഘാടകന്‍, പരിശീലകന്‍, രാഷ്ട്രീയനേതാവ്, ഭരണാധികാരി, പ്രസംഗകന്‍, സഹകാരി, കായികതാരം ഇവയെല്ലാമായിരുന്ന അദ്ദേഹം കുറേനാളുകളായി രാമപുരത്തെ കുടുംബവീട്ടില്‍ വിശ്രമജീവിതം നയിക്കുകയായിരുന്നു. ഇന്ന് രാവിലെ ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് പാലായിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയും അവിടെ വച്ച് മരണം സംഭവിക്കുകയുമായിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.