ദുബായ്: യുഎഇയില്‍ ഓഗസ്റ്റ് 1 മുതൽ മൂന്നുമാസത്തേക്ക് പൊതുമാപ്പ് പ്രഖ്യാപിച്ചു.
രാജ്യത്ത് അനധികൃതമായി താമസിക്കുന്നവര്‍ക്ക് രേഖകള്‍ ശരിയാക്കാനും, ശിക്ഷാനടപടി കൂടാതെ രാജ്യം വിടാനുമുള്ള അവസരമാണ് പൊതുമാപ്പിലൂടെ ലഭ്യമാകുക.
പിഴയടച്ചു നിയമാനുസൃതം രാജ്യത്തു തുടരാനോ അതല്ലെങ്കിൽ സ്വമേധയാ രാജ്യം വിട്ടുപോകാനോ ഇതിലൂടെ സാധിക്കും. വീസ നിയമങ്ങളിൽ ഇളവു വരുത്തിയ സർക്കാർ തീരുമാനത്തിന്‍റെ ചുവടുപിടിച്ചാണു പൊതുമാപ്പ് നടപ്പാക്കാൻ ലക്ഷ്യമിടുന്നത്. എന്നാല്‍, ദുരന്തങ്ങളിലും യുദ്ധത്തിലും ഇരയായവർക്ക് ഒരു വർഷത്തെ എമർജൻസി റസിഡൻസി നല്‍കും. വിധവകളുടെയും വിവാഹമോചിതരുടെയും മാനവികതയെ പരിഗണിച്ചു രാജ്യത്ത് അവരുടെ താമസത്തിനു സൗകര്യമൊരുക്കി സഹായിക്കുകയും ചെയ്യും.
2013 ലാണ് യുഎഇ അവസാനമായി പൊതുമാപ്പ് പ്രഖ്യാപിച്ചത്. ഇതേ വര്‍ഷം 62,000 പേരാണ് രേഖകള്‍ ശരിയാക്കിയതും ശിക്ഷകൂടാതെ സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങിയതും. രണ്ട് മാസമായിരുന്നു അന്ന് പൊതുമാപ്പിന്‍റെ കാലാവധി.
രാജ്യത്തെ വിസ നിയമങ്ങളില്‍ വ്യാപകമായ മാറ്റങ്ങള്‍ വരുത്തിയ തീരുമാനങ്ങള്‍ യുഎഇ മന്ത്രസഭാ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ആയിരക്കണക്കിന് വരുന്ന അനധികൃത താമസക്കാര്‍ക്ക് ചെറിയ പിഴയോടെ രേഖകള്‍ ശരിയാക്കി ഇവിടെ തുടരാനും, അല്ലാത്തവര്‍ക്ക് ശിക്ഷയില്ലാതെ സ്വന്തം രാജ്യത്തേക്ക് മടങ്ങാനും വഴിയൊരുങ്ങുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.