ബെംഗളൂരു : വീട്ടിൽ വളർത്താവുന്ന നായകളുടെ എണ്ണത്തിലും ഇനത്തിലും നിയന്ത്രണം ഏർപ്പെടുത്തി ബെംഗളൂരു മഹാനഗരസഭ (ബിബിഎംപി) ഇറക്കിയ ചട്ടത്തിനെതിരെ പ്രതിഷേധം ശക്തമായി.
കഴിഞ്ഞ ദിവസം പുറത്തിറക്കിയ ചട്ടമനുസരിച്ച് ഇനിമുതൽ അപ്പാർട്ട്മെന്റിൽ താമസിക്കുന്നവർക്ക് ഒരു നായയെയും വീടുകളിൽ പരമാവധി മൂന്നു നായകളെയുമേ വളർത്താനാകൂ. മാത്രമല്ല, തെരുവുനായകൾ ഉൾപ്പെടെ ചിലയിനങ്ങളെ വളർത്തുന്നതിനു വിലക്കേർപ്പെടുത്തുകയും ചെയ്തു. വീട്ടിൽ വളർത്താവുന്നവയുടെ പട്ടികയിൽനിന്ന് തെരുവുനായകൾക്കു പുറമെ ഗോൾഡൻ റിട്രീവേഴ്സ്, ബീഗിൾസ് തുടങ്ങിയ ജനപ്രിയ ഇനങ്ങളെയും ഒഴിവാക്കി.
ലംഘിക്കുന്നവർക്കെതിരെ എന്തു നടപടി സ്വീകരിക്കുമെന്നും വ്യക്തമല്ല.
അമിതവിലയ്ക്കു നായകളെ വാങ്ങുന്നതിനു പകരം തെരുവുനായകളെ ദത്തെടുത്തു വളർത്തുന്നതു പ്രോൽസാഹിപ്പിക്കാൻ മൃഗസ്നേഹികളുടെ നേതൃത്വത്തിൽ നടത്തുന്ന പ്രചാരണത്തിനും പുതിയ നിയമം തിരിച്ചടിയാകും.
പ്രതിഷേധം ശക്തമായതിനാൽ ചട്ടം നടപ്പാക്കുന്നതു ബിബിഎംപി വൈകിച്ചേക്കുമെന്നാണ് സൂചന. നഗരവാസികളുടെ അഭിപ്രായംകൂടി അറിഞ്ഞശേഷം ആവശ്യമെങ്കിൽ നിയമത്തിൽ ഭേദഗതി വരുത്താനാകുമെന്നു ബിബിഎംപി ജോയിന്റ് കമ്മിഷണർ സർഫറാസ് ഖാൻ പറഞ്ഞു.
പുതിയ നിയമത്തിനെതിരെ മൃഗസ്നേഹികളുടെ നേതൃത്വത്തിൽ ഓൺലൈൻ പ്രചാരണം ആരംഭിച്ചു. വേണ്ടത്ര പഠനം നടത്താതെയാണ് ചട്ടം തയാറാക്കിയതെന്ന് ഇവർ ആരോപിച്ചു. ഇതുവരെ കേട്ടിട്ടില്ലാത്ത ചില ഇനങ്ങൾ ബിബിഎംപി ലിസ്റ്റിൽ ഉൾപ്പെട്ടത് ഇവയുടെ വിൽപന കൂട്ടാനുള്ള മനഃപൂർവ നീക്കമാണെന്നും ചിലർ ആരോപിച്ചു.
അതേസമയം ചട്ടം
ജനങ്ങളുടെ നിർദേശങ്ങളും അഭിപ്രായങ്ങളും ബിബിഎംപിയുടെ മൃഗസംരക്ഷണ വകുപ്പിനു കൈമാറും. ചട്ടത്തിനെതിരെ നോട്ട്‌വിതൗട്ട് മൈഡോഗ് എന്ന ഹാഷ്ടാഗിൽ മൃഗസ്നേഹികൾ തയാറാക്കിയ ഓൺലൈൻ ഹർജിയിൽ ആയിരക്കണക്കിനാളുകൾ ഇതിനകം ഒപ്പുവച്ചിട്ടുണ്ട്.