ഡ്രൈവര്‍മാരുടെ പരാതിയില്‍ ഓല, ഊബർ വെബ്ടാക്സി കമ്പനികൾക്കെതിരെ അന്വേഷണത്തിനു സർക്കാർ ഉത്തരവിട്ടു;ലക്ഷ്യം മുന്‍പ് പ്രവര്‍ത്തനം നിര്‍ത്തിവച്ച മുഖ്യമന്ത്രിയുടെ ഉടമസ്ഥതയിലുള്ള നമ്മ ടൈഗര്‍ തിരിച്ചു കൊണ്ടുവരല്‍ തന്നെ?

ബെംഗളൂരു : തുച്ഛമായ വേതനമേ ലഭിക്കുന്നുള്ളൂ എന്ന ഡ്രൈവർമാരുടെ പരാതിയിൽ ഓല, ഊബർ ഉൾപ്പെടെയുള്ള വെബ്ടാക്സി കമ്പനികൾക്കെതിരെ അന്വേഷണത്തിനു സർക്കാർ. കമ്പനികൾക്കെതിരായ ആരോപണങ്ങൾ അന്വേഷിക്കാൻ പ്രത്യേക സമിതി രൂപീകരിക്കാൻ മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി ഗതാഗതവകുപ്പിനു നിർദേശം നൽകി. ഡ്രൈവർമാർക്കു മാന്യമായ വേതനം നൽകാതെ കൊള്ളലാഭം ഉണ്ടാക്കുന്നതായാണ് വെബ്ടാക്സി കമ്പനികൾക്കെതിരായ പരാതി.

ഈ പ്രശ്നം എത്രയും വേഗം പരിഹരിക്കേണ്ടതുണ്ട്. കമ്പനി പ്രതിനിധികൾക്ക് അവരുടെ പ്രശ്നങ്ങൾ‌ പങ്കുവയ്ക്കാനും അവസരം നൽകണമെന്നും കുമാരസ്വാമി ഉദ്യോഗസ്ഥരോട് നിർദേശിച്ചു. തിരക്കേറിയ സമയങ്ങളിൽ അമിത നിരക്ക് ഈടാക്കുന്ന സർജ് പ്രൈസിങ് ചോദ്യം ചെയ്ത് ഗതാഗതവകുപ്പ് ഈ മാസമാദ്യം ഓലയ്ക്കും ഊബറിനും നോട്ടിസ് അയച്ചിരുന്നു.

ഇതിനു പിന്നാലെയാണ് ഇവർക്കെതിരെ പരാതികളുമായി ഡ്രൈവർമാരുടെയും ടാക്സി ഉടമകളുടെയും അസോസിയേഷൻ രംഗത്തെത്തിയത്. പ്രശ്നം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ ടാക്സി ഡ്രൈവേഴ്സ്, ഓണേഴ്സ് അസോസിയേഷൻ പ്രതിനിധികളും ഊബർ വക്താക്കളും പങ്കെടുത്തു. വെബ്ടാക്സി കമ്പനികൾ ആനുകൂല്യങ്ങൾ വെട്ടിക്കുറച്ചതിനാൽ ഈ മേഖലയിൽ തുടരാനാകാത്ത സ്ഥിതിയാണെന്നു ഡ്രൈവർമാരും വാഹന ഉടമകളും പരാതിപ്പെട്ടു.

പരമ്പരാഗത ടാക്സി സർവീസുകൾ നടത്തുന്നവരുടെ അവസ്ഥയും പരിതാപകരമാണ്. ഡൈനാമിക് പ്രൈസിങ്ങിന്റെ പേരിൽ ഡ്രൈവർമാരെ കമ്പനികൾ ചൂഷണം ചെയ്യുകയാണെന്നു ഡ്രൈവേഴ്സ് അസോസിയേഷൻ പ്രസിഡന്റ് തൻവീർ പാഷ ആരോപിച്ചു. എല്ലാ കാബുകളുടെയും നിരക്ക് ഏകീകരിക്കണമെന്നു കർണാടക ടാക്സി ഓണേഴ്സ്, ഡ്രൈവേഴ്സ് ആൻഡ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പ്രസിഡന്റ് എസ്.ഹമീദ് അക്ബർ അലിയും ആവശ്യപ്പെട്ടു.

ഡ്രൈവർമാർക്കും വാഹന ഉടമകൾക്കും സ്ഥിര വരുമാനം ലഭിക്കുംവിധം പ്രശ്നം പരിഹരിക്കാൻ കമ്പനി ഇടപെടുമെന്ന് ഊബർ വക്താവ് പറഞ്ഞു. വേതനം കുറവാണെന്നാരോപിച്ച് നൂറുകണക്കിന് ഓല, ഊബർ ഡ്രൈവർമാർ കഴിഞ്ഞ വർഷം സമരം നടത്തിയിരുന്നു. അന്നു പ്രതിപക്ഷത്തായിരുന്ന എച്ച്.ഡി.കുമാരസ്വാമിയാണ് ഇവരുടെ സമരങ്ങൾക്കു പിന്തുണ നൽകിയത്.

മറ്റു വെബ്ടാക്സി കമ്പനികളിൽ നിന്നു പിരിഞ്ഞെത്തിയ ഡ്രൈവർമാരും കാറുടമകളും കുമാരസ്വാമിയുടെ സഹായത്തോടെ നമ്മ ടൈഗർ എന്ന പേരിൽ സ്വന്തം വെബ്ടാക്സി കമ്പനി രൂപീകരിച്ചിരുന്നു. സർജ് പ്രൈസിങ് ഒഴിവാക്കിയും ഡ്രൈവർമാർക്കും വാഹന ഉടമകൾക്കും ഒട്ടേറെ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്തുമാണ് കഴിഞ്ഞ വർഷം അവസാനം നമ്മ ടൈഗർ വെബ്ടാക്സികൾ നിരത്തിലിറങ്ങിയത്. എന്നാൽ ബെംഗളൂരുവിൽ കാര്യമായ ചലനമുണ്ടാക്കാൻ നമ്മ ടൈഗറിന് കഴിഞ്ഞിട്ടില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us