ബെംഗളൂരു : സംസ്ഥാനത്തു വൈദ്യുതി നിരക്കുകൾ വർധിപ്പിച്ചു. യൂണിറ്റിന് 82 പൈസ മുതൽ 1.62 രൂപ വരെയാണ് ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മിഷൻ നിരക്ക് ഉയർത്തിയിരിക്കുന്നത്. വൈദ്യുതി വിതരണ ചുമതലയുള്ള അഞ്ചു കമ്പനികളും വിവിധ നിരക്കിലാണു വർധന നടപ്പിലാക്കിയിരിക്കുന്നത്. കലബുറഗി ആസ്ഥാനമായ ജെസ്കോം യൂണിറ്റിന് ഒരുരൂപ 62 പൈസയും മംഗളൂരുവിലെ മെസ്കോം ഒരുരൂപ 23 പൈസയും ഹുബ്ബള്ളിയിലെ ഹെസ്കോം ഒരുരൂപ 23 പൈസയും മൈസൂരുവിലെ ചെസ്കോം ഒരുരൂപ 13 പൈസയുമാണു നിരക്കു വർധിപ്പിച്ചത്.
പുതിയ നിരക്കുകൾക്ക് ഏപ്രിൽ ഒന്നുമുതൽ പ്രാബല്യം ഉണ്ടെന്നു കമ്മിഷൻ ചെയർമാൻ എം.കെ.ശങ്കരലിംഗെ ഗൗഡ പറഞ്ഞു. മാർച്ച് അവസാനം നിയമസഭാ തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലവിൽ വന്നതോടെയാണു നിരക്കുവർധന മാറ്റിവച്ചത്. കഴിഞ്ഞവർഷം യൂണിറ്റിനു 48 പൈസയാണു നിരക്കു വർധിപ്പിച്ചത്.
വൈദ്യുതിനിരക്കു വർധന ബെംഗളൂരു നഗരവാസികളുടെ ജീവിത ചെലവ് ഉയർത്തും. നഗരത്തിൽ വൈദ്യുതി വിതരണ ചുമതലയുള്ള ബാംഗ്ലൂർ ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി ലിമിറ്റഡ് (ബെസ്കോം) യൂണിറ്റിന് 25 പൈസ മുതൽ 82 പൈസ വരെയാണു നിരക്കു വർധിപ്പിച്ചത്. ബാംഗ്ലൂർ മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡിനു നൽകുന്ന വൈദ്യുതിക്ക് യൂണിറ്റിന് ഒരുരൂപ കുറച്ചു. നിലവിൽ യൂണിറ്റിന് ആറുരൂപ നിരക്കിലാണു ബെസ്കോം ബിഎംആർസിഎല്ലിനു വൈദ്യുതി നൽകിയിരുന്നത്. ഇലക്ട്രിക് വാഹനങ്ങൾക്കു ബെസ്കോം ചാർജിങ് പോയിന്റുകളിൽ യൂണിറ്റിനു നാലുരൂപ 85 പൈസ ഈടാക്കും.
പ്രതിദിനം ഉൽപാദിപ്പിക്കുന്ന വൈദ്യുതിയിൽ 17 ശതമാനം പ്രസരണനഷ്ടമായി പോകുന്നുണ്ടെന്നാണു കണക്ക്. വ്യവസായ സംരംഭകർക്കു യൂണിറ്റിനു രണ്ടുരൂപ നിരക്കിലാണു വൈദ്യുതി നൽകുന്നത്. നിരക്കു വർധന സംബന്ധിച്ചു ഫെബ്രുവരിയിൽ പൊതുജനങ്ങളിൽനിന്ന് അഭിപ്രായങ്ങൾ സ്വീകരിച്ചിരുന്നു. ബെംഗളൂരു നഗരജില്ലയ്ക്കു പുറമേ ബെംഗളൂരു ഗ്രാമജില്ല, ചിക്കബെല്ലാപുര, കോലാർ, രാമനഗര, മണ്ഡ്യ, തുമക്കൂരു, ദാവനഗരൈ എന്നീ എട്ടു ജില്ലകളിലെ വൈദ്യുതി വിതരണം ബെസ്കോമിന്റെ നിയന്ത്രണത്തിലാണ്. 1999ൽ ആരംഭിച്ച ബെസ്കോമിന്റെ കീഴിൽ 207 ലക്ഷം ഉപയോക്താക്കളുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.