മുംബൈ: ഐപിഎല്ലിലെ നിര്‍ണായക മല്‍സരത്തില്‍ നിലവിലെ ചാംപ്യന്മാരായ മുംബൈ ഇന്ത്യന്‍സിന് ത്രസിപ്പിക്കുന്ന ജയം. അവസാന ഓവറിലേക്ക് നീണ്ട ആവേശപ്പോരില്‍ മുന്‍ ചാംപ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ പരാജയപ്പെടുത്തിയാണ് മുംബൈ ടൂര്‍ണമെന്റിലെ പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തിയത്.
നോക്കൗട്ടിലേക്കുള്ള യാത്രയ്ക്ക് ജയം അനിവാര്യമായിരുന്ന മുംബൈ ഇന്ത്യൻസ്, കോൽക്കത്ത നൈറ്റ് റൈഡേഴ്സിനെ 13 റണ്‍സിനു കീഴടക്കി. നാലാം ജയത്തിലൂടെ എട്ട് പോയിന്റുമായി മുംബൈ അഞ്ചാം സ്ഥാനത്താണ്. 39 പന്തിൽ രണ്ട് സിക്സും ഏഴ് ഫോറും അടക്കം 59 റണ്‍സ് നേടിയ സൂര്യകുമാർ യാദവിന്റെ മികവിൽ മുംബൈ ഇന്ത്യൻസ് 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 181 റണ്‍സ് എടുത്തു. കോൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ മറുപടി 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 168ൽ അവസാനിച്ചു. ഓൾറൗണ്ട് പ്രകടനം കാഴ്ചവച്ച ഹാർദിക് പാണ്ഡ്യയാണ് മാൻ ഓഫ് ദ മാച്ച്. 20 പന്തിൽ 35 റണ്‍സ് എടുത്ത് പുറത്താകാതെനിന്ന ഹാർദിക്, നാല് ഓവറിൽ 19 റണ്‍സിന് രണ്ട് വിക്കറ്റ് വീഴ്ത്തുകയും ചെയ്തു.
ടോസ് നഷ്ടപ്പെട്ട് ക്രീസിലെത്തിയ മുംബൈ ഇന്ത്യൻസിന്റെ ഓപ്പണിംഗ് വിക്കറ്റ് കൂട്ടുകെട്ട് 91 റണ്‍സ് വരെ നീണ്ടു. എവിൻ ലെവിസും (28 പന്തിൽ 43 റണ്‍സ്), സൂര്യകുമാറും മികച്ച തുടക്കമാണ് മുംബൈക്കു നല്‍കിയത്. 32 പന്തിൽ 50 റണ്‍സ് പിന്നിട്ട സഖ്യം 55 പന്തിൽ 91 റണ്‍സ് എടുത്താണ് പിരിഞ്ഞത്. ലെവിസിനെ ലിയോണിന്റെ കൈകളിലെത്തിച്ച് ആന്ദ്രേ സലാണ് കൂട്ടുകെട്ട് പൊളിച്ചത്. ഈ സീസണിൽ നാലാം അർധസെഞ്ചുറി നേടിയ സൂര്യകുമാർ യാദവിനെയും റസലാണ് മടക്കിയത്. റസലിന്റെ പന്ത് കട്ട് ചെയ്യാനുള്ള ശ്രമം പരാജയപ്പെട്ട് വിക്കറ്റിനു പിന്നിൽ കാർത്തിക്കിനു ക്യാച്ച് നല്‍കിയാണ് സൂര്യകുമാർ മടങ്ങിയത്.
മൂന്നാം നന്പറായെത്തിയ ക്യാപ്റ്റൻ രോഹിത് ശർമയ്ക്ക് (11 പന്തിൽ 11 റണ്‍സ്) അധികമൊന്നും ചെയ്യാൻ സാധിച്ചില്ല. സുനിൽ നരെയ്ന്റെ പന്തിൽ രോഹിത് മടങ്ങി. കൃണാൽ പാണ്ഡ്യയും (11 പന്തിൽ 14 റണ്‍സ്) നരെയ്നു മുന്നിൽ കീഴടങ്ങി. നരെയ്നെ തുടർച്ചയായി സിക്സർ പറത്താനുള്ള ശ്രമമാണ് ലോംഗ് ഓണിൽ ശുഭ്മാൻ ഗില്ലിന്റെ ക്യാച്ചിലൂടെ കൃണാലിന്റെ ഇന്നിംഗ്സിനു വിരാമം കുറിച്ചത്. 11 ഒരു സിക്സർ ഉൾപ്പെടെ പന്തിൽ 13 റണ്‍സ് എടുത്ത ജെപി ഡുമിനിയും 20 പന്തിൽ ഒരു സിക്സും നാല് ഫോറും അടക്കം 35 റണ്‍സ് എടുത്ത ഹാർദിക് പാണ്ഡ്യയും പുറത്താകാതെ നിന്നു.
റസൽ (10 പന്തിൽ ഒന്‍പത് റണ്‍സ്), സുനിൽ നരെയ്ൻ (നാല് പന്തിൽ അഞ്ച് റണ്‍സ്) എന്നിവർ വേഗത്തിൽ പുറത്തായതാണ് കോൽക്കത്തയ്ക്കു തിരിച്ചടിയായത്.