ഷോപിയാന്‍: കശ്മീരിലെ ഷോപ്പിയാനിലും പുല്‍വാമയിലും ഉണ്ടായ സംഘര്‍ഷത്തില്‍ അഞ്ച് ഗ്രാമീണര്‍ കൊല്ലപ്പെട്ടു. പൊലീസും നാട്ടുകാരും തമ്മിലാണ് സംഘര്‍ഷം ഉണ്ടായത്. രാവിലെയുണ്ടായ ആക്രമണത്തില്‍ സൈന്യം അഞ്ച് ഭീകരരെ വധിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് പ്രദേശത്ത് സംഘര്‍ഷമുണ്ടായത്.
ഷോപിയാനില്‍ നടന്ന ഏറ്റുമുട്ടലില്‍ കശ്മീര്‍ സര്‍വകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസര്‍ അടക്കം അഞ്ച് ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരരെയാണ് സൈന്യം വധിച്ചത്. കശ്മീര്‍ യൂണിവേഴ്‌സിറ്റിയിലെ സോഷ്യോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ മുഹമ്മദ് റാഫി ഭട്ടാണ് കൊല്ലപ്പെട്ടത്.
പ്രൊഫസറെ ഏതാനും ദിവസം മുമ്പ് കാണാതായിരുന്നു. ഇയാള്‍ ഭീകര സംഘടനയില്‍ ചേര്‍ന്നുവെന്നാണ് പോലീസ് പറയുന്നതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. സൈന്യം നേരത്തെതന്നെ വധിച്ച ഹിസ്ബുള്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയുടെ അടുത്ത അനുയായിയും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.
കശ്മീര്‍ യൂണിവേഴ്‌സിറ്റി പ്രൊഫസറായ ഭട്ട് ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ ഭീകരസംഘടനയില്‍ ചേര്‍ന്നുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച വിവരം. കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ ഭട്ടിനെ കാണാതായിരുന്നു. പോലീസ് പ്രൊഫസറുടെ അടുത്ത ബന്ധുക്കളുമായി ആശയവിനിമയം നടത്തുകയും കീഴടങ്ങാന്‍ അവസരം നല്‍കാമെന്ന് അറിയിക്കുകയും ചെയ്തിരുന്നു.
എന്നാല്‍, പോലീസിന്‍റെ വാഗ്ദാനം ഭട്ട് നിരസിച്ചുവെന്നാണ് സൂചന. ഏറ്റുമുട്ടല്‍ നടക്കുന്നതിനിടെയും കീഴടങ്ങാന്‍ തങ്ങള്‍ അഭ്യര്‍ഥിച്ചുവെങ്കിലും ചെവിക്കൊള്ളാന്‍ ഭീകരര്‍ തയ്യാറായില്ലെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു.
ഭീകരരുടെ സാന്നിധ്യം സംബന്ധിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് സൈന്യവും പോലീസും ഷോപിയാനിലെ ബാദിഗം ഗ്രാമം വളഞ്ഞത്. ഇതേത്തുടര്‍ന്ന് ഭീകരര്‍ സൈന്യത്തിനുനേരെ വെടിവെപ്പ് നടത്തി. ഒരു സൈനികനും പോലീസ് ഉദ്യോഗസ്ഥനും ഏറ്റുമുട്ടലിനിടെ പരിക്കേറ്റിട്ടുണ്ട്. അതിനിടെ, പ്രദേശത്തുണ്ടായ സംഘര്‍ഷത്തില്‍ 17കാരന്‍ കൊല്ലപ്പെട്ടു. സൈന്യത്തിനുനേരെ കല്ലേറുണ്ടായതാണ് സംഘര്‍ഷത്തിന് ഇടയാക്കിയത്. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് പ്രദേശത്തെ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ താത്കാലികമായി നിര്‍ത്തിവച്ചിട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.