ബെംഗളൂരു : യെഡിയൂരപ്പയുടെ ഇളയമകൻ ബി.വൈ.വിജയേന്ദ്രയ്ക്കു വരുണയിൽ സീറ്റ് നിഷേധിക്കപ്പെട്ടതിന്റെ അലയൊലികൾ അടങ്ങുന്നില്ല. മൈസൂരുവിലെ ടിനരസിപുരയിൽ നടന്ന ബിജെപി തിരഞ്ഞെടുപ്പ് യോഗം വിജയേന്ദ്രയുടെ അനുയായികൾ അലങ്കോലമാക്കി. ബിജെപി സ്ഥാനാർഥി ടി.ബസവരാജുവിനെതിരെ മുദ്രാവാക്യം മുഴക്കിയ പ്രവർത്തകർ കസേരകൾ എടുത്തെറിഞ്ഞു. പൊലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്. കേന്ദ്രമന്ത്രി എച്ച്.എൻ.അനന്ത്കുമാർ, ആർഎസ്എസ് നേതാവ് ബി.എൽ.സന്തോഷ് എന്നിവരുടെ ഇടപെടലാണ് വിജയേന്ദ്രയ്ക്കു സീറ്റ് നിഷേധിക്കപ്പെടാൻ കാരണമെന്നാണ് പ്രവർത്തകരുടെ പ്രധാന ആരോപണം.
മുൻകാലങ്ങളിൽ യെഡിയൂരപ്പയുടെ പല നിലപാടുകളിലും പരസ്യമായി രംഗത്തുവന്നിട്ടുള്ളവരാണ് ഇരുവരും. ബസവരാജുവിനു സീറ്റ് നൽകിയതു വരുണയിൽ ബിജെപിയുടെ സാധ്യതകൾക്കു മങ്ങലേൽപിച്ചുവെന്നാരോപിച്ച വിജയേന്ദ്ര അനുകൂലികൾ ‘സേവ് ബിജെപി’ എന്ന പേരിൽ അനന്ത്കുമാറിനും സന്തോഷിനുമെതിരെ വാട്സാപ്പിലൂടെ പ്രചാരണവും നടത്തുന്നുണ്ട്. അതേസമയം പ്രവർത്തകർ പ്രകോപിതരാകരുതെന്നും ബിജെപി അച്ചടക്കമുള്ള പാർട്ടിയാണെന്നും വിജയേന്ദ്ര പ്രതികരിച്ചു. യോഗം അലങ്കോലമാക്കിയ സംഭവത്തിൽ പരാതി നൽകില്ലെന്നും എന്നാൽ പ്രശ്നം പാർട്ടി നേതൃത്വത്തിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും ബസവരാജു പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.