ബെംഗളൂരു : കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് മുൻതൂക്കം പ്രവചിച്ച് എൻടിവി–എൻജി മൈൻഡ് ഫ്രയിം പ്രീ പോൾ സർവേ. ആർക്കും കേവലഭൂരിപക്ഷം ലഭിക്കില്ലെന്നു വിലയിരുത്തുന്ന സർവേയിൽ കോൺഗ്രസിനു 95– 105 സീറ്റ് പ്രവചിക്കുന്നു (39.47 % വോട്ട്). ബിജെപിക്ക് 75–85 സീറ്റും (36.28 %). ജനതാദളി(എസ്)ന് 35– 41 സീറ്റും (21.83 %) പ്രവചിക്കുന്നു. സ്വതന്ത്രരുൾപ്പെടെ മറ്റുള്ളവർ നാലു മുതൽ എട്ടുവരെ സീറ്റിൽ വിജയിക്കുമെന്നും സർവേയിൽ പറയുന്നു.
224 അംഗ നിയമസഭയിൽ 113 സീറ്റാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് സിദ്ധരാമയ്യയെ 41 % പേർ പിന്തുണയ്ക്കുന്നു. ബി.എസ്. യെഡിയൂരപ്പയ്ക്ക് 33 ശതമാനവും എച്ച്.ഡി.കുമാരസ്വാമിക്ക് 23 ശതമാനവും പിന്തുണയുണ്ട്. 149 മണ്ഡലങ്ങളിലും പത്തു ശതമാനത്തിലേറെ വോട്ടിന്റെ വ്യത്യാസത്തിലാകും വിജയം. 41 മണ്ഡലത്തിൽ അഞ്ചുമുതൽ പത്തു ശതമാനം വരെയാകും വോട്ട് വ്യത്യാസം. മുപ്പത്തിനാലിടത്ത് നേരിയ ഭൂരിപക്ഷമായിരിക്കുമെന്നും സർവേ പ്രവചിക്കുന്നു. സിറ്റിങ് എംഎൽഎയ്ക്ക് വോട്ട് ചെയ്യുമെന്ന് 56 ശതമാനം പേർ പറഞ്ഞു.