നമ്മമെട്രോ ഏതു നിമിഷവും നിന്ന് പോകാം;ഒത്തുതീർപ്പു ചർച്ചകൾ എങ്ങുമെത്താത്ത സാഹചര്യത്തിൽ മിന്നല്‍ പണിമുടക്കിന് തയ്യാറായി ജീവനക്കാര്‍;യാത്രക്കാര്‍ ആശങ്കയില്‍!

ബെംഗളൂരു : ഒത്തുതീർപ്പു ചർച്ചകൾ എങ്ങുമെത്താത്ത സാഹചര്യത്തിൽ ജീവനക്കാർ വീണ്ടും പണിമുടക്കിന് ആഹ്വാനം ചെയ്തതിന്റെ ആശങ്കയിൽ നമ്മ മെട്രോ യാത്രക്കാർ. ശമ്പള പരിഷ്കാരം, യൂണിയന് അംഗീകാരം തുടങ്ങി വിവിധ ആവശ്യങ്ങൾ സംബന്ധിച്ച്   മെട്രോ റെയിൽ എംപ്ലോയീസ് യൂണിയൻ പ്രതിനിധികളും ബെംഗളൂരു മെട്രോ റെയിൽ കോർപറേഷനും(ബിഎംആർസിഎൽ) ഒരു മാസമായി നടത്തിവന്ന ചർച്ചകളിലാണ് വ്യക്തമായ തീരുമാനം ഉണ്ടാകാത്തത്. എട്ടുവട്ടം നടത്തിയ ചർച്ചയിലും ഫലമുണ്ടായില്ലെന്നും സമരമാണ് ഇനി മുന്നിലുള്ളതെന്നും യൂണിയൻ പ്രതിനിധികൾ പറഞ്ഞു. പണിമുടക്ക് തിയതി ഉടൻ തീരുമാനിക്കും. ചിലപ്പോൾ നോട്ടിസ് നൽകാതെ മിന്നൽ പണിമുടക്ക് നടത്താനും നിർബന്ധിതരായേക്കുമെന്ന് അവർ പറഞ്ഞു.

ബെംഗളൂരു മെട്രോ റെയിൽ എംപ്ലോയീസ് യൂണിയന് അംഗീകാരം നൽകുക, ഇന്ത്യയിലെ മറ്റ് മെട്രോ നെറ്റ്‌വർക്കിലെ ജീവനക്കാരുടേതിനു സമാനമായി ശമ്പളവും ആനുകൂല്യങ്ങളും പരിഷ്കരിക്കുക, 1946ലെ ഇൻഡസ്ട്രിയൽ എപ്ലോയ്മെന്റ് നിയമം നടപ്പാക്കുക, ജീവനക്കാർക്കായി പരാതി പരിഹാര സംവിധാനം ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് തൊള്ളായിരത്തോളം സ്ഥിര ജീവനക്കാർ കഴിഞ്ഞ മാസം 22 മുതൽ അനിശ്ചിതകാലം സമരം പ്രഖ്യാപിച്ചിരുന്നു. എന്നാൽ, സമരം മാറ്റിവച്ച് മാനേജുമെന്റും തൊഴിലാളി പ്രതിനിധികളും ഒരു മാസമെടുത്ത് ചർച്ചയിലൂടെ പ്രശ്നം പരിഹരിക്കാൻ ഹൈക്കോടതി നിർദേശിച്ചു.

ഇതനുസരിച്ച് പലവട്ടം ചർച്ച നടന്നത്. മാനേജ്മെന്റ് കടുംപിടുത്തത്തെ യൂണിയൻ പ്രതിനിധികൾ അപലപിക്കുമ്പോൾ  തീരുമാനമെടുക്കാൻ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം തടസമാണെന്നു മാനേജ്മെന്റുമായി ബന്ധപ്പെട്ടവർ പറയുന്നു.  ജീവനക്കാർ പണിമുടക്കിലേക്കു നീങ്ങിയാൽ ദിവസേന മൂന്നരലക്ഷത്തിലേറെ പേർ യാത്ര ചെയ്യുന്ന നമ്മ മെട്രോ ട്രെയിൻ സർവീസുകൾ താളം തെറ്റുമെന്ന ആശങ്കയിലാണ് നഗരം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us