ബെംഗളൂരു : ബാംഗ്ലൂർ ടർഫ് ക്ലബിൽ(ബിടിസി) കുതിരയ്ക്ക് ഉത്തേജക മരുന്നു നൽകി പന്തയത്തിൽ പങ്കെടുപ്പിച്ചുവെന്ന പരാതിയിൽ സിഐഡി ആറു പേർക്കെതിരെ കുറ്റപത്രം സമർപ്പിച്ചു. കഴിഞ്ഞ വർഷം മാർച്ച് ഏഴിനു നടന്ന പന്തയവുമായി ബന്ധപ്പെട്ട് അന്നത്തെ സിഇഒ നിർമൽ പ്രസാദ്, കുതിര ക്യൂൻ ലത്തീഫയുടെ സഹ ഉടമ അർജുൻ, വെറ്റിറിനറി ഓഫിസർ ഡോ.എച്ച്.എസ്.മഹേഷ്, പരീശീലകൻ നീൽദറഷാ, ബിടിസി ജീവനക്കാരായ പ്രദ്യുമ്ന സിങ്, വിവേക് എന്നിവർക്കെതിരെയാണ് കേസ്.
കുതിരയുടെ ശരീരത്തിൽ അനുവദനീയമായതിൽ അധികം ഉത്തേജകമരുന്നുണ്ടെന്ന മെഡിക്കൽ റിപ്പോർട്ട് ഒളിപ്പിച്ചുവെന്നും ഇതുവഴി പന്തയത്തിൽ പങ്കെടുത്ത മുപ്പതിനായിരത്തിലധികം ആളുകളെ വഞ്ചിച്ചുവെന്നുമാണ് ഇവർക്കെതിരായ ആരോപണം. ഈ പന്തയത്തിൽ ക്യൂൻ ലത്തീഫ വിജയിക്കുകയും ചെയ്തു.