കൊല്‍ക്കത്ത: ത്രിപുരയില്‍ ലെനിന്റേയും തമിഴ്നാട്ടില്‍ പെരിയാറുടേയും പ്രതിമകൾ തകർത്തതിനു പിന്നാലെ കൊല്‍ക്കത്തയില്‍ ഭാരതീയ ജനസംഘം സ്ഥാപകന്‍ ശ്യാമപ്രസാദ് മുഖര്‍ജിയുടെ പ്രതിമയ്ക്കു നേരെയും ആക്രമണം.
ജാധവ്പുര്‍ സര്‍വകലാശാലയുടെ സമീപത്ത് സ്ഥാപിക്കപ്പെട്ട മുഖര്‍ജിയുടെ പ്രതിമയുടെ മുഖത്ത് കരി ഓയില്‍ ഒഴിക്കുകയും പ്രതിമയുടെ കണ്ണും മൂക്കും തകർത്ത നിലയിലുമാണ്. സംഭവുമായി ബന്ധപ്പെട്ട സര്‍വകലാശാലയിലെ അഞ്ച് വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തു. ഇതില്‍ ഒരാള്‍ പെണ്‍കുട്ടിയാണ്.
അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ നേടിയ ഉജ്ജ്വല വിജയാത്തിന്റെ ഭാഗമായി സൗത്ത് ത്രിപുര ബലോണിയ കോളേജ് സോണിലെ ലെനിന്റെ പ്രതിമ തിങ്കളാഴ്ച ഒരു സംഘം ബുള്‍ഡോസര്‍ ഉപയോഗിച്ച് മറിച്ചിടുകയും തകര്‍ക്കുകയും ചെയ്തിരുന്നു. ബിജെപി ദേശീയ സെക്രട്ടറി എച്ച്. രാജയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന് പിന്നാലെ തമിഴ്നാട്ടിലെ വെല്ലൂരില്‍ പെരിയാറിന്റെ പ്രതിമയ്ക്ക് നേരെയും ആക്രമണമുണ്ടായി.
അതേസമയം, ശ്യാമപ്രസാദ് മുഖര്‍ജിയുടെ പ്രതിമയില്‍ കരി പൂശിയതിനെ പശ്ചിമ ബംഗാള്‍ ബിജെപി നേതാവ് സിദ്ധാര്‍ത് നാഥ് സിംഗ് അപലപിച്ചു. കുറ്റവാളികളെ ഉടന്‍ തന്നെ പിടികൂടി ശിക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഒരു ആക്രമ സംഭവത്തിന് മറുപടി മറ്റൊന്നല്ല. ഇരു സംഭവങ്ങളെയും പാര്‍ട്ടി അപലപിക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട് 6 പേരെ ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്. അതുകൂടാതെ ശ്യാമപ്രസാദ് മുഖര്‍ജിയുടെ പ്രതിമ സര്‍ക്കാര്‍ തലത്തില്‍ നന്നാക്കുകയും ചെയ്യുമെന്ന് പശ്ചിമ ബംഗാള്‍ മന്ത്രി സോവന്ദേബ് ഛട്ടോപാധ്യായ അറിയിച്ചു.
ത്രിപുരയിൽ തെരഞ്ഞെടുപ്പ് ഫലം വന്നതിനു പിന്നാലെയാണ് ലെനിന്റെ പ്രതിമയ്ക്കു നേരെ ആക്രമണം ഉണ്ടായത്. അതുകൂടാതെ, തമിഴ്നാട്ടിൽ എച്ച്. രാജയുടെ വിവാദ ഫേസ്ബുക്ക് പോസ്റ്റിനു പിന്നാലെയാണ് പെരിയാറുടെ പ്രതിമ തകർത്തത്. അതേസമയം, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിമകള്‍ തകര്‍ക്കപ്പെട്ട സംഭവത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി അപലപിക്കുകയുണ്ടായി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.