ബെംഗളൂരു : സംസ്ഥാനത്തെ 1.43 കോടി കുടുംബങ്ങൾക്കു പ്രയോജനപ്പെടും വിധം സർക്കാർ തലത്തിലുള്ള ആരോഗ്യ പരിരക്ഷാ പദ്ധതികളെ ഒരു കുടക്കീഴിലാക്കിയുള്ള ആരോഗ്യ കർണാടക പദ്ധതിക്കു തുടക്കമായി. മിതമായ ചെലവിൽ ചികിൽസ ലഭ്യമാക്കുകയാണ് ലക്ഷ്യം. സമഗ്ര ആരോഗ്യപരിരക്ഷ (യൂണിവേഴ്സൽ ഹെൽത്ത് സ്കീം) ഇത്തരത്തിൽ നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനം കർണാടകയാണെന്ന് വെള്ളിയാഴ്ച പദ്ധതി ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. പ്രാരംഭഘട്ടത്തിൽ 10 ആശുപത്രികളിലാണ് പദ്ധതി നടപ്പിലാക്കുന്നത്.
വരും മാസങ്ങളിൽ വിവിധ ഘട്ടങ്ങളിലായി പദ്ധതി വ്യാപിപ്പിക്കുമെന്ന് ആരോഗ്യമന്ത്രി കെ.ആർ. രമേഷ് കുമാർ പറഞ്ഞു. അടുത്ത ഘട്ടത്തിൽ ജില്ലാ ആശുപത്രികളിൽ ഉൾപ്പെടെ 33 ഇടങ്ങളിലും ആരോഗ്യ കർണാടക പദ്ധതി സേവനങ്ങൾ ലഭ്യമാക്കും. ജൂൺ അവസാനത്തോടെ ഇതു സാധ്യമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. രണ്ടു വിഭാഗങ്ങളിലായി യുഎച്ച്സി യൂണിവേഴ്സൽ ഹെൽത്ത് കാർഡ് (യുഎച്ച്സി) ഹാജരാക്കി രോഗികൾക്ക് ഈ ആശുപത്രികളിൽ ചികിൽസ തേടാം. ഗുണഭോക്താക്കളെ ബിപിഎൽ, എപിഎൽ വിഭാഗങ്ങളിലായി തിരിച്ച്, ആധാറുമായി ബന്ധപ്പെടുത്തിയാണ് യുഎച്ച്സി ലഭ്യമാക്കുന്നത്.
ആദ്യതവണ ചികിൽസ തേടുമ്പോൾ ആധാർ കാർഡോ റേഷൻ കാർഡോ ഇതിനൊപ്പം ഹാജരാക്കി ‘ആർക്ഐഡി’ എന്ന തിരിച്ചറിയൽ ഐഡിയും സ്വന്തമാക്കേണ്ടതുണ്ട്. ബിപിഎൽ വിഭാഗത്തിൽ പെട്ട കർഷകർ, എയ്ഡഡ് സ്കൂൾ അധ്യാപകർ, അങ്കണവാടി, ആശാ പ്രവർത്തകർ, സ്കൂളുകളിലെ ഉച്ചയൂണുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവർ, പട്ടിക വിഭാഗങ്ങൾ, പൗരകർമികർ, മാധ്യമപ്രവർത്തകർ, സഹകരണ സൊസൈറ്റി അംഗങ്ങൾ, സർക്കാർ ജീവനക്കാർ എന്നിവരുടെ കുടുംബങ്ങൾക്കു ചികിൽസ സൗജന്യമായി ലഭിക്കും. 1.05 കോടി കുടുംബങ്ങളാണ് ഈ ഗണത്തിൽ ഉൾപ്പെടുന്നത്. ആധാർ വിശദാംശങ്ങളുടെ അടിസ്ഥാനത്തിൽ ഇതര വിഭാഗങ്ങളെ എപിഎൽ ശ്രേണിയിലും ഉൾപ്പെടുത്തിയിരിക്കുന്നു. എപിഎൽ വിഭാഗത്തിൽ അംഗമാകാൻ ഗ്രാമമേഖലകളിൽ നിന്നുള്ളവർ 300 രൂപയും നഗരങ്ങളിൽ താമസിക്കുന്നവർ 700 രൂപയും ഓൺലൈനായി വിഹിതമടയ്ക്കണം. 70% ചികിൽസാ ചെലവ് ഈ വിഭാഗക്കാർ വഹിക്കേണ്ടി വരും.
ആദ്യഘട്ടം പത്ത് ആശുപത്രികളിൽ ബെംഗളൂരുവിലെ കെസി ജനറൽ ആശുപത്രി, ജയദേവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോളജി, വിക്ടോറിയ ആശുപത്രി, പിഎംഎസ്എസ്വൈ സൂപ്പർ സ്പെഷ്യൽറ്റി ഹോസ്പിറ്റൽ, മണ്ഡ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, ശിവമൊഗ്ഗ മക്ഗാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, മംഗളൂരു വെൻലോക് ജില്ലാ ആശുപത്രി, ഹുബ്ബള്ളി കർണാടക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, കലബുറഗി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, ബെള്ളാരി വിജയനഗര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് എന്നിവിടങ്ങളിലാണ് നിലവിൽ പദ്ധതി ആരംഭിച്ചിരിക്കുന്നത്.
സർക്കാർ, സ്വകാര്യ ആശുപത്രികളിൽ രണ്ടു ദിവസത്തിലധികം കിടത്തിച്ചികിൽസ ആവശ്യമായി വന്നാൽ യൂണിവേഴ്സൽ ഹെൽത്ത് കാർഡ് ഉപയോഗപ്പെടുത്താനാകും. ചില പ്രത്യേക ചികിൽസകൾക്കായി പരമാവധി 30,000 രൂപ ധനസഹായം ലഭിക്കും. അഞ്ചുപേർ വരെയുള്ള കുടുംബത്തിനു വാർഷിക ചികിൽസാ പരിധി ഒന്നരലക്ഷം രൂപവരെ ഉയർത്തിയിട്ടുണ്ട്. ഇതു പൂർണമായി വിനിയോഗിച്ചശേഷം അത്യാഹിത സാഹചര്യങ്ങളുണ്ടായാൽ 50,000 രൂപയുടെ ചികിൽസ കൂടി ലഭ്യമാക്കാനും വ്യവസ്ഥയുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.