മൈസൂരു-ഉദയർപൂർ പാലസ് ക്വീൻ പ്രതിവാര ഹംസഫർ എക്സ്പ്രസ് (19668) മാർച്ച് ഒന്ന് മുതൽ വ്യാഴാഴ്ചകളിൽ രാവിലെ 10നു മൈസൂരുവിൽനിന്നു പുറപ്പെട്ട് ശനിയാഴ്ച പുലർച്ചെ 4.55ന് ഉദയ്പൂരിലെത്തും.ഉദയ്പൂർ-മൈസൂരു ഹംസഫർ എക്സ്പ്രസ് 26 മുതൽ തിങ്കളാഴ്ചകളിൽ രാത്രി ഒൻപതിനു ഉദയ്പൂരിൽനിന്ന് പുറപ്പെട്ട് ബുധനാഴ്ച വൈകിട്ട് 4.25നു മൈസൂരുവിലെത്തും. 16 ത്രീടയർ എസി കോച്ചുകളാണ് ഹംസഫർ എക്സ്പ്രസിലുള്ളത്.
കേന്ദ്രബജറ്റിൽ അനുമതി ലഭിച്ചതോടെ നാഗനഹള്ളിയിലെ സാറ്റ്ലൈറ്റ് റെയിൽവേ ടെർമിനൽ മൈസൂരുവിന്റെ റെയിൽവേ വികസനത്തിനു കുതിപ്പേകും. മൈസൂരു– ശ്രീരംഗപട്ടണ റൂട്ടിലെ നാഗനഹള്ളിയിൽ 700 കോടിരൂപ ചെലവിലാണു പുതിയ ടെർമിനൽ സ്ഥാപിക്കുന്നത്. സ്ഥലപരിമിതിമൂലം മൈസൂരു റെയിൽവേ സ്റ്റേഷനിൽ വികസന പ്രവൃത്തികൾ വഴിമുട്ടിയ സാഹചര്യത്തിലാണ് ഏറെക്കാലത്തെ മുറവിളികൾക്കുശേഷം പദ്ധതിക്കു ബജറ്റിൽ അനുമതി ലഭിച്ചത്.
നാഗനഹള്ളിയിൽ ടെർമിനൽ വരുന്നതോടെ ദീർഘദൂര സർവീസുകൾ ഇവിടേക്കു മാറ്റാൻ സാധിക്കും. കേരളത്തിൽനിന്ന് ബെംഗളൂരുവിൽ സർവീസ് അവസാനിപ്പിക്കുന്ന ചില ട്രെയിനുകൾ മൈസൂരുവിലേക്കു നീട്ടാമെന്ന നേട്ടവുമുണ്ട്. ബെംഗളൂരു സിറ്റി-കൊച്ചുവേളി എക്സ്പ്രസ് മൈസൂരുവിലേക്കു നീട്ടുന്നതു സംബന്ധിച്ചു പലവട്ടം ചർച്ചകൾ നടന്നെങ്കിലും സ്റ്റേഷൻ വികസിപ്പിക്കാതെ സാധിക്കില്ലെന്നായിരുന്നു ദക്ഷിണ പശ്ചിമ റെയിൽവേ മൈസൂരു ഡിവിഷന്റെ നിലപാട്.