മഹാരാഷ്ട്ര ഡെർബിയിൽ മുംബൈ സിറ്റിയെ മറികടന്ന് പൂനെ പ്ലേ ഓഫ് പ്രതീക്ഷ സജീവമാക്കി. ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കാണ് പൂനെ മുംബൈയെ മറികടന്നത്. ഇരു പകുതികളിലുമായി ഡിയേഗോ കാർലോസും മാഴ്സെലിഞ്ഞോയുമാണ് പൂനെയുടെ ഗോളുകൾ നേടിയത്.
പൂനെയുടെ ആക്രമണം കണ്ടാണ് മത്സരം തുടങ്ങിയത്. തുടരെ തുടരെ മുംബൈ ഗോൾ മുഖം ആക്രമിച്ച പൂനെ 18ആം മിനുട്ടിൽ ഡിയേഗോ കാർലോസിലൂടെ മുൻപിലെത്തുകയായിരുന്നു. സെൽഫ് ഗോളിന് സമാനമായ ഗോളിലൂടെയാണ് മുംബൈ പിറകിലായത്. സാർഥകിന്റെ ക്രോസിൽ കാർലോസ് ഹെഡ് ചെയ്യാൻ ശ്രമിച്ചെങ്കിലും പന്ത് മുംബൈ താരം രാജു ഗെയ്ക്വാദിന്റെ കാലിൽ തട്ടി പോസ്റ്റിൽ കയറുകയായിരുന്നു. പന്ത് പോസ്റ്റിൽ കയറുന്നതിനു തൊട്ടു മുൻപ് കാർലോസിന്റെ ചെറിയ ടച്ച് ഉള്ളത്കൊണ്ട് ഗോൾ കാർലോസിന് ലഭിക്കുകയായിരുന്നു.
ഗോൾ വഴങ്ങിയതോടെ മുംബൈ ഉണർന്നു കളിച്ചെങ്കിലും പൂനെ പ്രതിരോധം മികച്ചു നിന്നതോടെ ഗോൾ നേടാനുള്ള മുംബൈയുടെ ശ്രമങ്ങൾ എല്ലാം വിഫലമാവുകയായിരുന്നു. രണ്ടാം പകുതിയിൽ ബൽവന്തിലൂടെ മത്സരത്തിൽ സമനില പിടിക്കാൻ മുംബൈക്ക് അവസരം ലഭിച്ചെങ്കിലും താരത്തിന്റെ ഹെഡർ ലക്ഷ്യം തെറ്റി പുറത്ത്പോവുകയായിരുന്നു.
തുടർന്നാണ് മർസെലിഞ്ഞോയിലൂടെ രണ്ടാമത്തെ ഗോൾ നേടി പൂനെ മത്സരം തങ്ങളുടേതാക്കിയത്. ജോനാഥൻ ലൂക്കയുടെ പാസിൽ നിന്ന് പന്ത് ലഭിച്ച മർസെലിഞ്ഞോ മുംബൈ ഗോൾ കീപ്പർ അമരീന്ദർ സിങ്ങിന് യാതൊരു അവസരവും നൽകാതെ ഗോളകുകയായിരുന്നു. മർസെലിഞ്ഞോയുടെ സീസണിലെ എട്ടാമത്തെ ഗോളായിരുന്നു ഇത്.
ജയത്തോടെ 15 മത്സരങ്ങളിൽ നിന്ന് 28 പോയിന്റുമായി പൂനെ പ്ലേ ഓഫ് സാധ്യത സജീവമാക്കി. 14 മത്സരങ്ങളിൽ നിന്ന് 17 പോയിന്റുമായി മുംബൈ ഏഴാം സ്ഥാനത്ത് തന്നെയാണ്.ഇന്നത്തെ രണ്ടാം മത്സരത്തിൽ അവസാന മിനിറ്റുകളിൽ മെയിൽസൺ ആൽവെസ് നേടിയ ഗോളിൽ സമനില പിടിച്ച് ചെന്നൈയിൻ എഫ്.സി. അവസാന സ്ഥാനത്തുള്ള ഡൽഹി ഡൈനാമോസിനെയാണ് ചെന്നൈയിൻ 1 -1ന് സമനിലയിൽ പിടിച്ചത്. കലു ഉച്ചേയുടെ പെനാൽറ്റി ഗോളിൽ ലീഡ് നേടിയ ഡൽഹിയെ പ്രതിരോധ തരാം മെയിൽസണിന്റെ ഗോളിൽ ചെന്നൈയിൻ സമനില പിടിക്കുകയായിരുന്നു.
മികച്ച തുടക്കമാണ് ഡൽഹി ഡൈനാമോസിന് മത്സരത്തിൽ ലഭിച്ചത്. തുടക്കത്തിൽ പൗളിഞ്ഞോ ഡയസിന് ലഭിച്ച അവസരം താരം പാഴാക്കി കളയുകയായിരുന്നു. മത്സരം പുരോഗമിച്ചതോടെ പതിയെ മത്സരത്തിലേക്ക് തിരിച്ചുവന്ന ചെന്നൈയിൻ അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഗോൾ നേടാനായില്ല. ആദ്യ പകുതിക്ക് തൊട്ടുമുൻപ് ഗാവിൽസണിന്റെ പാസിൽ നിന്ന് നെൽസണു അവസരം ലഭിച്ചെങ്കിലും ഗോൾ കീപ്പർ മറികടക്കാൻ താരത്തിനായില്ല.
തുടർന്ന് രണ്ടാം പകുതിയിലാണ് മത്സരത്തിലെ ആദ്യ ഗോൾ പിറന്നത്. മാത്തിയാസിനെ റാഫേൽ ആഗസ്റ്റോ ഫൗൾ ചെയ്തതിനു ലഭിച്ച പെനാൽറ്റി ഗോളാക്കിയാണ് ഡൽഹി ആദ്യം ഗോൾ നേടിയത്. പെനാൽറ്റി അനായാസം ഗോളാക്കി കലു ഉച്ചേ ഡൽഹിയെ മുൻപിലെത്തിച്ചു.
ഒരു ഗോളിന് പിറകിൽ പോയതോടെ പകരക്കാരുടെ ബെഞ്ചിൽ നിന്ന് മുഹമ്മദ് റാഫിയെയും ജൂഡ് നൗറഹിനെയും ഇറക്കി ആക്രമണം ശക്തമാക്കിയ ചെന്നൈയിൻ മെയിൽസണിലൂടെ സമനില പിടിക്കുകയായിരുന്നു. റെനെ മിഹേലിച്ചിന്റെ ഫ്രീ കിക്കിന് തല വെച്ചാണ് മെയിൽലസൺ ആൽവെസ് ഡൽഹി വല കുലുക്കിയത്.
ഇന്നത്തെ സമനിലയോടെ ചെന്നൈയിൻ എഫ്. സി 14 മത്സരങ്ങളിൽ നിന്ന് 24 പോയിന്റോടെ നാലാം സ്ഥാനത്ത് തുടരുന്നു ഡൽഹിയാവട്ടെ 13 മത്സരങ്ങളിൽ നിന്ന് 8 പോയിന്റുമായി പത്താം സ്ഥാനത്താണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.