റോഡരികിലെ പ്ലാസ്റ്റിക് വീപ്പകളിലൂടെ മാലിന്യം സംഭരിക്കുന്നതു പല പ്രയാസങ്ങളും ഉണ്ടാക്കുന്നതിനാലാണ് പുതിയ സംവിധാനത്തിലേക്കു മാറുന്നത്. പ്ലാസ്റ്റിക് വീപ്പകളിൽ വളരെ കുറച്ചു മാലിന്യം മാത്രമാണ് ശേഖരിക്കാൻ കഴിയുക. വീപ്പ നിറഞ്ഞു മാലിന്യം റോഡിൽ ചിതറിക്കിടക്കുന്നതും ദുർഗന്ധമുണ്ടാകുന്നതും പതിവാണ്.
എന്നാൽ ആറടി ആഴവും ആറടി വീതിയുമുള്ള സ്മാർട് വീപ്പകൾക്കു കൂടുതൽ സംഭരണ ശേഷിയുണ്ട്. വലുപ്പം കൂടുതലെങ്കിലും എടുത്തുമാറ്റാൻ സാധിക്കുന്ന ഇവയിൽനിന്നു മാലിന്യം ട്രക്കുകളിലേക്കു മാറ്റാനും ബുദ്ധിമുട്ടില്ല. സ്റ്റീൽ വീപ്പകൾ സമയാസമയങ്ങളിൽ വൃത്തിയാക്കാനും സാധിക്കും.
പദ്ധതി പൂർത്തീകരിച്ചാൽ സ്മാർട് വീപ്പകളിലൂടെ ദിവസേന 108 മെട്രിക് ടൺ ദ്രവമാലിന്യവും 188 മെട്രിക് ടൺ ഖരമാലിന്യവും ശേഖരിക്കാനാകും. സ്മാർട് വീപ്പകളിൽനിന്നു മാലിന്യം ശേഖരിച്ചു ട്രക്കുകളിൽ കൊണ്ടുപോകാൻ മെട്രിക് ടൺ ഒന്നിനു 626 രൂപ വീതം ചെലവാകും. ഇന്ധനം, ജീവനക്കാരുടെ വേതനം ഉൾപ്പെടെയാണിത്. ഓരോ വീപ്പയുടെയും പരിപാലനത്തിനു പ്രതിമാസം 4274 രൂപ ചെലവു വരും. സ്മാർട് വീപ്പകൾ സ്ഥാപിക്കാൻ കരാർ ലഭിച്ച സോണ്ട ഇൻഫ്രാടെക് പ്രൈവറ്റ് ലിമിറ്റഡ് അഞ്ചു വർഷം ഇവ പരിപാലിക്കണം.സ്മാർട്ട് വീപ്പകൾ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ കബൺ പാർക്ക്, കെആർ മാർക്കറ്റ്, ജോൺസൻ മാർക്കറ്റ് എന്നിവിടങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ വച്ചിരുന്നു.