ബെംഗളൂരു : വൻ തീപിടിത്തം ഉണ്ടായി രണ്ടാഴ്ചയ്ക്കുള്ളിൽ ബെലന്തൂർ തടാകത്തിൽ വീണ്ടും തീയും പുകയും. കഴിഞ്ഞ ദിവസം മൂന്നിടങ്ങളിലായുണ്ടായ തീപിടിത്തം അഗ്നിശമനസേനയും ഇന്ത്യൻ സൈന്യവും ചേർന്നു നിയന്ത്രണവിധേയമാക്കി. തടാകത്തിലെ അഗ്നിബാധ സംബന്ധിച്ച കേസ് ദേശീയ ഹരിത ട്രൈബ്യൂണൽ (എൻജിടി) ഈ മാസം അവസാനം പരിഗണിക്കാനിരിക്കെ ഉണ്ടായ പുകയും തീയും സർക്കാരിനെയും പ്രാദേശിക ഭരണകൂടങ്ങളെയും പ്രതിരോധത്തിലാക്കി.
തടാകത്തിൽ തീപിടിത്തം ഉണ്ടായതായി നാലുമണിയോടെയാണ് അഗ്നിശമനസേനയ്ക്കു വിവരം ലഭിച്ചതെന്നു ചീഫ് ഫയർ ഓഫിസർ ബസവണ്ണ പറഞ്ഞു. കഴിഞ്ഞ തവണ തീപിടിത്തം ഉണ്ടായിടത്താണു വീണ്ടും പുക ഉയർന്നത്. അഗ്നിശമനസേനയിലെ 25 പേരും 20 സൈനികരും ചേർന്ന് ഏഴുമണിയോടെ തീയണച്ചു. തീപിടിത്തത്തിന്റെ യഥാർഥ കാരണം വ്യക്തമായിട്ടില്ല. ആരെങ്കിലും മനഃപൂർവം തീയിട്ടതാണോ എന്നും സംശയമുണ്ട്.
ഇതിനിടെ തടാകത്തിലെ മീഥെയ്ൻ വാതകമാണു തീപടരാൻ കാരണമെന്നാണ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് നടത്തിയ പഠനത്തിലെ കണ്ടെത്തൽ. ഫോസ്ഫറസിന്റെയും നൈട്രജന്റെയും സാന്നിധ്യമാണു മീഥെയ്ൻ വാതകം ഉണ്ടാകാൻ കാരണം. ദിവസേന ലക്ഷക്കണക്കിനു ലീറ്റർ മലിനജലമാണു തടാകത്തിലേക്ക് ഒഴുകിയെത്തുന്നത്. ഇതിനു മുൻപ് ജനുവരി 19ന് ആണു തടാകത്തിൽ വൻതീപിടിത്തം ഉണ്ടായത്. അയ്യായിരത്തോളം സൈനികർ ചേർന്നാണ് അന്നു തീ നിയന്ത്രണവിധേയമാക്കിയത്. ഇതെ തുടർന്നു തടാകത്തിലേക്കു മാലിന്യം തള്ളുന്ന 99 അപാർട്മെന്റുകൾക്കു മലിനജല സംസ്കരണ പ്ലാന്റ് (എസ്ടിപി) നിർബന്ധമാക്കുന്നത് ഉൾപ്പെടെ ഒട്ടേറെ നിർദേശങ്ങൾ ദേശീയ ഹരിത ട്രൈബ്യൂണൽ മുന്നോട്ടുവച്ചിരുന്നു.