ന്യൂഡൽഹി∙ നരേന്ദ്ര മോദി സർക്കാർ അധികാരം ഏറ്റെടുത്തതിനു ശേഷം ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ പ്രകടനം ഉജ്വലമായിരുന്നെന്ന് കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്ലി. നിലവിൽ ലോകത്തിലെ ഏറ്റവും വലിയ ഏഴാമത്തെ സമ്പദ് വ്യവസ്ഥയാണ് ഇന്ത്യയെന്നും കേന്ദ്ര ബജറ്റ് അവതരണത്തിന് തുടക്കം കുറിച്ചുകൊണ്ട് ജയ്റ്റ്ലി പറഞ്ഞു. എട്ടു ശതമാനം വളർച്ചാനിരക്കിലേക്കുള്ള കുതിപ്പിലാണ് ഇന്ത്യൻ സമ്പദ് വ്യവസ്ഥ. 2018–19 സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ 7.2–7.5 വളർച്ചാ നിരക്കാണ് രാജ്യം പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കൃഷിക്കും ഗ്രാമീണമേഖലയ്ക്കും ആരോഗ്യക്ഷേമത്തിനും ബജറ്റിൽ ഊന്നൽ നൽകുമെന്ന് തുടക്കത്തിൽത്തന്നെ അദ്ദേഹം വ്യക്തമാക്കി. അടിസ്ഥാനസൗകര്യ രംഗത്തും വിദ്യാഭ്യാസമേഖലയിലും നിക്ഷേപം വർധിപ്പിക്കും. അനാവശ്യ നടപടിക്രമങ്ങളിൽ ഉഴലുന്ന രാജ്യത്തെ പൗരന്മാർക്ക് സാങ്കേതികവിദ്യയുടെ വിനിയോഗത്തോടെ നടപടികളിൽ സുതാര്യത ഉറപ്പാക്കിയതായും ജയ്റ്റ്ലി ചൂണ്ടിക്കാട്ടി.
രാജ്യം സ്വാതന്ത്ര്യത്തിന്റെ 75–ാം വാർഷികം ആഘോഷിക്കുന്ന 2022 ൽ രാജ്യത്തെ കർഷകരുടെ വരുമാനം ഇരട്ടിയാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. റെക്കോർഡ് ഭക്ഷ്യോൽപാദനമാണ് രാജ്യത്തുണ്ടാകുന്നത്. ഉൽപാദനത്തിനൊപ്പം മികച്ച വില കർഷകർക്കു ലഭിക്കാൻ നടപടി സ്വീകരിക്കുമെന്നും ജയ്റ്റ്ലി പറഞ്ഞു. കർഷകർക്ക് ചെലവിന്റെ അൻപതു ശതമാനമെങ്കിലും കൂടുതൽ വരുമാനം ലഭ്യമാക്കുകയെന്നതാണ് സർക്കാരിന്റെ ലക്ഷ്യം. നീതി ആയോഗും സംസ്ഥാന സർക്കാരുകളുമായി ചർച്ച നടത്തി വിളകള്ക്കു താങ്ങുവില ഉറപ്പാക്കുമെന്നും ജയ്റ്റ്ലി വ്യക്തമാക്കി.
രാജ്യം ആകാംക്ഷയോടെ കാത്തിരിക്കുന്ന കേന്ദ്ര ബജറ്റ് അവതരണത്തിന് രാവിലെ 11 മണിയോടെയാണ് തുടക്കമായത്. അടുത്ത വർഷം നടക്കേണ്ട പൊതു തിരഞ്ഞെടുപ്പിനു മുൻപു മോദി സർക്കാരിന്റെ അവസാന പൂർണ ബജറ്റാണ് ധനമന്ത്രി അവതരിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ വികസനോന്മുഖവും ജനപ്രിയവുമാകും ബജറ്റെന്നാണു പൊതുവിലയിരുത്തൽ. അടുത്ത വർഷം ബജറ്റ് അവതരിപ്പിച്ചാലും അത് ഇടക്കാല ധനകാര്യ രേഖ (വോട്ട് ഓൺ അക്കൗണ്ട്) മാത്രമായിരിക്കും.
നേരത്തെ, കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്ലി അവതരിപ്പിക്കുന്ന ബജറ്റിന് പാർലമെന്റ് ഹാളിൽ ചേർന്ന കേന്ദ്രമന്ത്രിസഭയുടെ പ്രത്യേക യോഗം അംഗീകാരം നൽകി. രാഷ്ട്രപതി റാംനാഥ് കോവിന്ദിനെ സന്ദർശിച്ച ശേഷമാണ് ജയ്റ്റ്ലി ബജറ്റ് അവതരണത്തിനായി പാർലമെന്റിലെത്തിയത്.
ആദായനികുതി ഇളവുകളിലാണു നികുതിദായകരുടെ പ്രതീക്ഷ. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിലും ധനകാര്യ സർവേയിലുമുള്ള അനുകൂല സൂചനകളിൽ കർഷകരും ഇടത്തരക്കാരും ഗ്രാമീണ മേഖലയും തൊഴിലന്വേഷകരും പ്രതീക്ഷയർപ്പിക്കുന്നു.
നോട്ട് റദ്ദാക്കലിനു ശേഷം രണ്ടാം ബജറ്റാണിത്. എന്നാൽ, ആ പരിഷ്കാരത്തിന്റെ സ്വാധീനം നിർണയിച്ചു തുടർനടപടികൾ പ്രഖ്യാപിക്കാനുള്ള സാവകാശം കഴിഞ്ഞ വർഷം ധനമന്ത്രിക്കു ലഭിച്ചിരുന്നില്ല. ബജറ്റ് അവതരണ സമയത്തും നോട്ട് റദ്ദാക്കലിന്റെ പ്രത്യാഘാതങ്ങളിൽ ഉഴലുകയായിരുന്നു, രാജ്യം.