മൈസൂരു ∙ റിസർവ് ചെയ്ത കോച്ചിൽ നിന്ന് യാത്ര ചെയ്യേണ്ടി വന്ന സംഭവത്തിൽ യാത്രക്കാരന് 37,000 രൂപ നഷ്ടപരിഹാരം നൽകാൻ റെയിൽവേയോട് മൈസൂരു ഉപഭോക്തൃ കോടതിയുടെ ഉത്തരവ്. മൈസൂരു സിദ്ധാർഥ ലേഔട്ടിൽ താമസിക്കുന്ന വിജേഷിനും കൂടെ യാത്രചെയ്ത രണ്ടു പേർക്കുമാണ് നഷ്ടപരിഹാരം നൽകേണ്ടത്. 2017 മേയ് 25ന് ആണ് സംഭവം. ജയ്പുർ- മൈസൂരു സൂപ്പർഫാസ്റ്റ് (12976) എക്സ്പ്രസിൽ ഉജ്ജയിനിൽ നിന്നാണ് വിജേഷ് മൈസൂരുവിലേക്ക് മൂന്നു സ്ലീപർ ക്ലാസ് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. എന്നാൽ റിസർവ് ചെയ്ത എസ് അഞ്ച് കോച്ചിൽ കയറിയപ്പോൾ ബുക്ക് ചെയ്ത സീറ്റിൽ മറ്റു യാത്രക്കാർ ഇരിക്കുന്നതായി കണ്ടു.
ഇതു സംബന്ധിച്ചു ഡ്യൂട്ടിയിലുണ്ടായിരുന്ന ടിടിഇയോട് പരാതി പറഞ്ഞെങ്കിലും നിങ്ങൾ എത്താൻ വൈകിയതു കൊണ്ട് വേറെ യാത്രക്കാർക്കു സീറ്റ് നൽകിയെന്നും വേണമെങ്കിൽ ഇതേ ടിക്കറ്റ് ഉപയോഗിച്ചു ജനറൽ കോച്ചിൽ യാത്ര ചെയ്യാമെന്നുമായിരുന്നു മറുപടി. റെയിൽവേയുടെ പരാതി ഹെൽപ് ലൈനിലേക്ക് വിളിക്കുകയും എസ്എംഎസ് അയയ്ക്കുകയും ചെയ്തെങ്കിലും മറുപടി ലഭിച്ചില്ല. മൈസൂരു വരെ 33 മണിക്കൂർ നിന്നാണ് വിജേഷും കൂടെയുള്ളവരും യാത്ര ചെയ്തത്.
മൈസൂരു റെയിൽവേ സ്റ്റേഷനിൽ പരാതി നൽകാനെത്തിയപ്പോൾ ഇതു തങ്ങളുടെ അധികാര പരിധിയിലല്ലെന്നും ഉജ്ജയിനിൽ തന്നെ പരാതി നൽകണമെന്നുമായിരുന്നു അധികൃതരുടെ മറുപടി. മൈസൂരു ജില്ലാ ഉപഭോക്തൃഫോറത്തിൽ ടിക്കറ്റിനത്തിൽ മൂന്നു പേർക്കും ചെലവായ 2200 രൂപ തിരികെ കിട്ടണമെന്നാവശ്യപ്പെട്ട് വിജേഷ് പരാതി നൽകി. എന്നാൽ നഷ്ടപരിഹാരം നൽകാൻ സാധിക്കില്ലെന്നായിരുന്നു റെയിൽവേ സ്വീകരിച്ച നിലപാട്. തുടർന്നു കോച്ചിലെ തിരക്കിന്റെ ചിത്രങ്ങൾ സഹിതം വിജേഷ് വീണ്ടും നൽകിയ പരാതിയിലാണ് ദക്ഷിണപശ്ചിമ റെയിൽവേ മൈസൂരു ഡിവിഷനൽ മാനേജരോട് നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടത്.