ലൈസൻസില്ല കുമാരസ്വാമിയുടെ ടൈഗർ ടാക്സിക്ക് പണി കിട്ടി.

ബെംഗളൂരു : ഓല, ഊബർ വെബ്ടാക്സികൾക്കു ഭീഷണിയായി ജനതാദൾ–എസ് സംസ്ഥാനാധ്യക്ഷൻ എച്ച്.ഡി. കുമാരസ്വാമിയുടെ നേതൃത്വത്തിൽ മാസങ്ങൾക്കു മുൻപാരംഭിച്ച നമ്മ ടൈഗർ വെബ്ടാക്സികൾക്കു ഗതാഗതവകുപ്പിന്റെ സഡൻ ബ്രേക്ക്. ലൈസൻസ് ഇല്ലാതെയാണ് നമ്മ ടൈഗർ പ്രവർത്തിക്കുന്നതെന്നു ചൂണ്ടിക്കാട്ടിയാണ് വെബ്ടാക്സി പ്രവർത്തനം തടഞ്ഞത്. അനധികൃതമായി സർവീസ് നടത്തിയെന്നാരോപിച്ച് ഇവരുടെ മൂന്നു ടാക്സികൾ ആർ‌ടിഒ ഉദ്യോഗസ്ഥർ പിടിച്ചെടുക്കുകയും ചെയ്തു. സംസ്ഥാനത്തു സർവീസ് നടത്തുന്ന വെബ്ടാക്സികൾ കർണാടക ഓൺ–ഡിമാൻഡ് ട്രാൻസ്പോർട്ടേഷൻ ടെക്നോളജി അഗ്രിഗേറ്റേഴ്സ് നിയമം അനുസരിച്ച് റജിസ്റ്റർ ചെയ്യേണ്ടതുണ്ട്.

എന്നാൽ നമ്മ ടൈഗറിന് ഈ ലൈസൻസ് ഇല്ലെന്നു വ്യക്തമായതോടെയാണ് ജോയിന്റ് കമ്മിഷണറുടെ നേതൃത്വത്തിൽ കമ്പനിക്കെതിരെ നടപടി സ്വീകരിച്ചതെന്നു ഗതാഗത കമ്മിഷണർ ബി. ദയാനന്ദ പറഞ്ഞു. നമ്മ ടൈഗറിനു സർവീസ് നടത്താനുള്ള ലൈസൻസില്ലെന്നു മാത്രമല്ല, അവർ ഇതിനു വേണ്ടി അപേക്ഷിച്ചിട്ടുമില്ലെന്നു ബെംഗളൂരു അർബൻ ജോയിന്റ് ഗതാഗത കമ്മിഷണർ ജ്ഞാനേന്ദ്ര കുമാർ പറഞ്ഞു. ഗതാഗത വകുപ്പ് നടപടി സ്വീകരിച്ചതോടെ നമ്മ ടൈഗർ മൊബൈൽ ആപ്പ് നിശ്ചലമാവുകയും ചെയ്തു. ഓല, ഊബർ എന്നിവയിൽ നിന്നു പിരിഞ്ഞുവന്ന അയ്യായിരത്തിലേറെ ഡ്രൈവർമാരെ ഉൾപ്പെടുത്തി നവംബർ അവസാനവാരമാണ് നമ്മ ടൈഗർ പ്രവർത്തനം തുടങ്ങിയത്.

തിരക്കനുസരിച്ച് യാത്രാക്കൂലി മാറിമറിയാതെ(സർജ് പ്രൈസിങ്) 24 മണിക്കൂറും ഒരേനിരക്കിൽ യാത്ര വാഗ്ദാനം ചെയ്തെത്തിയ ടൈഗർ ആപ്പിനു രണ്ടുമാസം കൊണ്ട് കാര്യമായ ചലനമുണ്ടാക്കാൻ സാധിച്ചില്ല. ഇതിനിടെ വെബ്ടാക്സി ഉൾപ്പെടെ ബെംഗളൂരുവിലെ എല്ലാ ടാക്സികളുടെയും നിരക്ക് സർക്കാർ ഏകീകരിച്ചതും തിരിച്ചടിയായി. അതേസമയം പരീക്ഷണാടിസ്ഥാനത്തിലാണ് ഇതുവരെ സർവീസ് നടത്തിയിരുന്നതെന്നു നമ്മ ടൈഗർ ആപ്പ് കൈകാര്യം ചെയ്യുന്ന ഹൂളി ടെക്നോളജീസ് അധികൃതർ അവകാശപ്പെട്ടു. മൊബൈൽ ആപ്പ് പരിഷ്കരിക്കുന്നതിന്റെ ജോലി നടന്നു കൊണ്ടിരിക്കുകയായിരുന്നു. വെബ്ടാക്സി നിയമം സംബന്ധിച്ച ചില കേസുകൾ കോടതിയുടെ പരിഗണനയിൽ ഉള്ളതിനാലാണ് ലൈസൻസിന് അപേക്ഷിക്കാത്തത്.

നമ്മ ടൈഗറിന്റെ പ്രവർത്തനം തടഞ്ഞതുമായി ബന്ധപ്പെട്ട് ഈയാഴ്ച ഗതാഗതവകുപ്പിനെ സമീപിക്കുമെന്നും വിലക്ക് നീക്കാൻ നിയമപരമായ നടപടികളെക്കുറിച്ച് ആലോചിക്കുമെന്നും അധികൃതർ അറിയിച്ചു. അതേസമയം മറ്റ് വെബ്ടാക്സികൾ കോടതിയെ സമീപിച്ചതും ലൈസൻസിന് അപേക്ഷിക്കുന്നതും തമ്മിൽ യാതൊരു ബന്ധവുമില്ലെന്നു ജ്ഞാനേന്ദ്രകുമാർ വ്യക്തമാക്കി. സർവീസ് നിർത്തലാക്കിയതിൽ പ്രതിഷേധിച്ച് നമ്മ ടൈഗർ‌ ഡ്രൈവർമാരും രംഗത്തെത്തിയിട്ടുണ്ട്. മറ്റു വെബ്ടാക്സികൾക്കു നിയമവിരുദ്ധമായി ഷെയർ റൈഡിങ് നടത്താൻ അനുവാദം നൽകുന്നതും ഇതേ ഗതാഗതവകുപ്പാണെന്നു ഡ്രൈവേഴ്സ് അസോസിയേഷൻ പ്രസിഡന്റ് തൻവീർ പാഷ പറഞ്ഞു. ചില സാങ്കേതിക കാരണങ്ങളാൽ പൂർണതോതിൽ പ്രവർത്തനം തുടങ്ങിയിട്ടില്ല.മുൻ മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമിയുടെ പിന്തുണയുള്ളതാണ് സർക്കാർ നമ്മ ടൈഗറിനെ ലക്ഷ്യമിടാൻ കാരണമെന്നും പാഷ ആരോപിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us