ബെംഗളൂരു : കാൽനടയാത്രികർക്കു റോഡ് മുറിച്ചുകടക്കാൻ പെലിക്കൻ (പെഡസ്ട്രിയൻ ലൈറ്റ് കൺട്രോൾ ആക്ടിവേഷൻ) സിഗ്നൽ കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള പ്രചാരണത്തിന് തുടക്കമായി. സന്നദ്ധ സംഘടനയായ സിറ്റിസൻ ഫോർ ബെംഗളൂരുവാണ് വാക്ക് സിഗ്‌നൽ ബേക്കു എന്ന പേരിലുള്ള പ്രചാരണത്തിന് തുടക്കമിട്ടത്. തിരക്കേറിയ റോഡിൽ കാൽനടയാത്രികർക്ക് റോഡ് മുറിച്ച് കടക്കാൻ കഴിയാത്ത സാഹചര്യമാണെന്ന് പ്രചാരണത്തിനു നേതൃത്വം നൽകുന്ന താര കൃഷ്ണസ്വാമി പറഞ്ഞു.
എംജി റോഡിലെ സ്കൈ വാക്ക് നിർമാണം പാതിവഴിയിൽ നിലച്ചിരിക്കുകയാണ്. ടെൻഡർ ഷുവർ റോഡുകളിൽ കാൽനടയാത്രികർക്കായി വീതിയേറിയ നടപ്പാതകൾ സ്ഥാപിച്ചെങ്കിലും റോഡ് മുറിച്ചുകടക്കാൻ സ്ത്രീകൾക്കും പ്രായമായവർക്കും ഏറെ ബുദ്ധിമുട്ട് നേരിടേണ്ടിവരുകയാണ്. ടെൻഡർ ഷുവർ റോഡുകളിൽ സ്ഥാപിച്ച പെലിക്കൺ സിഗ്‌നലുകൾ പൂർണതോതിൽ പ്രവർത്തനമാരംഭിച്ചിട്ടില്ല. ഇത് സംബന്ധിച്ച് ട്രാഫിക് പൊലീസിനും ബിബിഎംപിക്കും പരാതി നൽകിയിട്ടും നടപടികൾ വൈകുകയാണെന്നും താര പറഞ്ഞു.
തിരക്കേറിയ റോഡുകളിൽ കാൽനടയാത്രക്കാർക്ക് സ്വയം പ്രവർത്തിപ്പിക്കാൻ സാധിക്കുന്ന തരത്തിലാണ് പെലിക്കൻ സിഗ്‌നൽ സ്ഥാപിക്കുന്നത്. ഒരു തവണ ബട്ടൺ അമർത്തിയാൽ അഞ്ച് സെക്കൻഡ് സമയം റെഡ് ലൈറ്റ് തെളിയും. ഈ സമയംകൊണ്ട് റോഡ് മുറിച്ചുകടക്കാം. വീണ്ടും സിഗ്‌നൽ ഉപയോഗിക്കാൻ രണ്ട് മുതൽ അഞ്ച് മിനിറ്റ് വരെ സമയമെടുക്കും. ടെൻഡർ ഷുവർ പദ്ധതി പ്രകാരം നിർമാണം പൂർത്തിയായ സെന്റ് മാർക്ക്സ് റോഡിലും റസിഡൻസി റോഡിലും പെലിക്കൻ സിഗ്‌നൽ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇത് ഉപയോഗിക്കുന്നവർ കുറവാണ്. വാഹനഡ്രൈവർമാർക്കും കാൽനടയാത്രികർക്കും ഇത് സംബന്ധിച്ച് വേണ്ട ബോധവൽക്കരണം നടത്തിയാൽ മാത്രമേ പദ്ധതി വിജയകരമാവുകയുള്ളൂ.