“പ്രധാനമന്ത്രിക്ക് പച്ച വെള്ളം കിട്ടില്ല”25 ലെ കര്‍ണാടക ബന്ദിന് പിന്നാലെ ഫെബ്രുവരി 4 ന് ബന്ദ്‌ പ്രഖ്യാപിച്ച് ഒക്കൂട്ട

ഹുബ്ബള്ളി : മഹാദായി പ്രശ്നത്തിൽ 25നു കർണാടക ബന്ദ് പ്രഖ്യാപിച്ചിരിക്കെ, പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുന്ന ഫെബ്രുവരി നാലിനു ബെംഗളൂരുവിൽ വീണ്ടും ബന്ദ് ആചരിക്കാൻ കന്നഡ ഒക്കൂട്ട. ഹുബ്ബള്ളിയിൽ ഇന്നലെ കന്നഡ അനുകൂല സംഘടനകളും മഹാദായി പ്രക്ഷോഭത്തിലുള്ള കർഷകരും ചേർന്നാണു തീരുമാനമെടുത്തത്.

പ്രതിഷേധസൂചകമായി പ്രധാനമന്ത്രിയെ കരിങ്കൊടി കാണിക്കുമെന്നും കന്നഡ ചലാവലി നേതാവ് വാട്ടാൽ നാഗരാജ് പറഞ്ഞു. ‌ ബെംഗളൂരുവിലേക്കു പ്രക്ഷോഭം മാറ്റാനും തീരുമാനമായി. കർണാടക ബന്ദിനെ കുറിച്ച് കൂടിയാലോചിക്കാൻ സംഘടിപ്പിച്ച യോഗത്തിൽ, കലസ ഭണ്ഡൂരി കർഷക സംഘടനകൾ വാട്ടാൽ നാഗരാജിനെതിരെ രംഗത്തുവന്നിരുന്നു.

ബിജെപിയുടെ നവകർണാടക പരിവർത്തന യാത്രയുടെ സമാപന സമ്മേളനത്തിൽ പങ്കെടുക്കാൻ മോദി എത്തുന്ന ദിവസത്തിനു പകരം, 25ന് ബന്ദ് നടത്തി ജനജീവിതം തടസ്സപ്പെടുത്തുന്നതിനെ അവർ ചോദ്യം ചെയ്തു. തുടർന്നാണ് രണ്ടുതവണ ബന്ദ് സംഘടിപ്പിക്കുന്ന തരത്തിലേക്കു കാര്യങ്ങളെത്തിയത്. മഹാദായി നദിയിൽനിന്നു കലസ, ഭണ്ഡൂരി കനാലുകളിലൂടെ മാലപ്രഭ ഡാമിലേക്കു വർഷം 7.56 ടിഎംസി അടി ജലം ഗോവ വിട്ടുനൽകണമെന്നാണു കർണാടകയുടെ ആവശ്യം.

കർണാടക ബന്ദുമായി ബന്ധപ്പെട്ട് ഇന്നലെ പത്രസമ്മേളനം നടത്തിയ വേദിയിൽ കലസ ഭണ്ഡൂരി ഹോരാട്ട സമന്വയ സമിതി പ്രതിഷേധവുമായി എത്തിയതോടെയാണു ബെംഗളൂരു ബന്ദിനു കളമൊരുങ്ങിയത്.നാലിനു ബന്ദ് നടത്തിയാൽ മതിയെന്ന നിലപാടിൽ കർഷകർ ഉറച്ചുനിന്നു. തങ്ങളോടു കൂടിയാലോചിക്കാതെ ബന്ദ് പ്രഖ്യാപിച്ചതിനെ അവർ ചോദ്യം ചെയ്തു. അതേസമയം കലസ-ഭണ്ഡൂരി പ്രക്ഷോഭത്തിന്റെ 915-ാം ദിനാചരണമായാണ് 25നു രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെ ബന്ദ് ആചരിക്കുന്നതെന്നു വാട്ടാൽ നാഗരാജ് വിശദീകരിച്ചു.

മോദി ബെംഗളൂരുവിലെത്തുമ്പോൾ അദ്ദേഹത്തിനു പച്ചവെള്ളം കിട്ടില്ലെന്ന് ഉറപ്പുവരുത്തുമെന്നു വാട്ടാൽ നാഗരാജ് പിന്നീടു പറഞ്ഞു.

ഒരിക്കൽ പ്രഖ്യാപിച്ച ബന്ദ് മറ്റൊരുദിവസത്തേക്കു മാറ്റാൻ കഴിയില്ലെന്ന നിലപാടിൽ ഉറച്ചുനിന്നെങ്കിലും, പിന്നീടു നാലിനു ബെംഗളൂരു ബന്ദിനു കൂടി വഴങ്ങുകയായിരുന്നു. വാട്ടാലിനു പിന്തുണയുമായി തെക്കൻ കർണാടകയിൽനിന്നുള്ള കന്നഡ അനുകൂല സംഘടനകൾ രംഗത്തുണ്ടായിരുന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അഭിപ്രായം മാനിച്ചാണ് 25നു ബന്ദ് നടത്താൻ വാട്ടാൽ നാഗരാജ് തീരുമാനമെടുത്തതെന്നും കലസ ഭണ്ഡൂരി ഹോരാട്ട സമന്വയ സമിതി കർഷകർ ആരോപിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us