ബെംഗളൂരു : ലാൽബാഗിലെ 207-ാമതു റിപ്പബ്ലിക് ദിന പുഷ്പമേള ഇന്നാരംഭിക്കും. 28 വരെ തുടരുന്ന മേളയിൽ സന്ദർശകർക്കുള്ള പ്രവേശന ടിക്കറ്റ് നിരക്ക് 60 രൂപയാക്കി. സ്വാതന്ത്ര്യദിന പുഷ്പമേളയിൽ 50 രൂപയായിരുന്നു നിരക്ക്. മേള നടക്കുന്ന ദിവസങ്ങളിൽ ഒരേ നിരക്കുതന്നെയാണ് ഇത്തവണ ഈടാക്കുകയെന്നു ഹോർട്ടികൾച്ചർ കമ്മിഷണർ പ്രകാശ് ചന്ദ്ര റായ് പറഞ്ഞു. കുട്ടികൾക്ക് 20 രൂപയാണു ടിക്കറ്റ് നിരക്ക്. 22, 23, 24, 25, 27 തീയതികളിൽ തിരിച്ചറിയൽ കാർഡുമായി വരുന്ന സ്കൂൾ വിദ്യാർഥികൾക്കു പ്രവേശനം സൗജന്യമാണ്.
ശ്രാവണബെലഗോളയിലെ ബാഹുബലി പ്രതിമയുടെ മാതൃകയാണ് ഇത്തവണ ഗ്ലാസ് ഹൗസിലൊരുക്കുന്നത്. മൂന്നുലക്ഷം റോസാപ്പൂക്കൾകൊണ്ട് അലങ്കരിക്കുന്ന മാതൃക 110 തൊഴിലാളികൾ ചേർന്ന് ഒരുമാസംകൊണ്ടാണു പൂർത്തിയാക്കിയത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽനിന്നുള്ള അലങ്കാര ചെടികളായിരിക്കും ഇത്തവണത്തെ മേളയുടെ ആകർഷണീയത. സന്ദർശകർക്കായി കൂടുതൽ ഇലക്ട്രിക് ബഗികളും തേനീച്ചകളുടെ ആക്രമണത്തിൽനിന്നു രക്ഷപ്പെടാൻ ടെന്റ് ഹൗസുകളും സ്ഥാപിച്ചിട്ടുണ്ട്.
സുരക്ഷയ്ക്കായി 40 സിസിടിവി ക്യാമറകളും 400 പൊലീസുകാരെയുമാണു നിയോഗിച്ചിട്ടുള്ളത്. മേളയിൽ പ്ലാസ്റ്റിക് ഉൽപന്നങ്ങൾക്കു നിരോധനമുണ്ട്. മാലിന്യങ്ങൾ നീക്കംചെയ്യാൻ ബിബിഎംപി കൂടുതൽ ശുചീകരണ തൊഴിലാളികളെയും നിയോഗിച്ചിട്ടുണ്ട്. ചുരുങ്ങിയത് അഞ്ചുലക്ഷം സന്ദർശകരെയാണു പ്രതീക്ഷിക്കുന്നതെന്നു പ്രകാശ് ചന്ദ്ര റായ് പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.