റാണി പദ്മാവതി അല്ലെങ്കില്‍ പദ്മിനിയെ കുറിച്ചു മുന്‍പും ചര്‍ച്ചകള്‍ ഒരുപാടു വന്നിട്ടുണ്ട് …ഇന്ത്യയിലെ ഏറ്റവും പുകല്‍ പെറ്റ ഹിന്ദു ക്ഷത്രിയ സമുദായങ്ങളില്‍ ഒന്നായ രജപുത്രവംശത്തിലെ ചരിത്രത്തില്‍ വിളങ്ങി നില്‍ക്കുന്ന ഒരേട് അല്ലെങ്കില്‍ ….ധീരതയുടെയും ,ആത്മാഭിമാനത്തിന്റെയും അവസാനവാക്കായ രജപുത്ര വനിതയുടെ ആകസ്മികമായ നിരവധി സന്ദര്‍ഭങ്ങള്‍ നിറഞ്ഞ ജീവിതം …..!
വെള്ളിത്തിരയിലും സാഹിത്യത്തിലും വരെ നിരവധി തവണ ഈ വിഷയം അതിന്റെ തീക്ഷണത ഒട്ടും ചോരാതെ അവതരിപ്പിച്ചിട്ടുണ്ട് …
ദേബകി ബോസിന്റെ നിശബ്ദ ചിത്രം മുതല്‍ ഈ അടുത്ത് സഞ്ജയ് ലീല ബന്‍സാലി ഒരുക്കുന്ന ഏറ്റവും ‘റാണി പദ്മാവതി ‘ വരെ എത്തിനില്‍ക്കുന്നു എടുത്തു പറയേണ്ട ചിത്രങ്ങളുടെ നിര …! നാളുകള്‍ക്ക് മുന്പ് സെറ്റില്‍ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായ അലാവുദ്ദീന്‍ ഖില്‍ജിയുടെയും റാണിയുടെയും ചില രംഗങ്ങളില്‍ കൃത്രിമത്വം ആരോപിച്ചു ‘രജപുത്ര കര്‍നി സേന’ എന്ന സംഘടന സംവിധായകന് നേരെ അഴിച്ചു വിട്ട അക്രമം മുതല്‍ തുടരുകയാണ് പദ്മാവതിയെ ചുറ്റി പറ്റിയുള്ള വിവാദങ്ങള്‍ …ഒടുവില്‍ ചിത്രത്തിന്‍റെ റിലീസ് പോലും അനിശ്ചിതത്വത്തിലേക്ക് നീണ്ടു ..പക്ഷെ ഈ അടുത്ത് ലഭിക്കുന്ന വിവരം അനുസരിച്ച് സിനിമ ഈ മാസം ജനുവരി 25 നു തന്നെ തിയേറ്ററിലെത്തിക്കുമെന്ന് അണിയറപ്രവര്‍ത്തകര്‍ ഉറപ്പിച്ചു പറയുകയാണ് ….കാത്തിരിക്കാം …വിവാദങ്ങള്‍ക്ക് തല്‍ക്കാലം ഗുഡ് ബൈ പറഞ്ഞു ഒരു നല്ല ദൃശ്യ വിസ്മയതിനായി ….
ഖില്‍ജി രാജവംശത്തിനു ശേഷം നൂറ്റാണ്ടുകള്‍ കഴിഞ്ഞു മുഗൾ ഭരണകാലത്തെ(1540) കവിയായിരുന്ന മാലിക് മുഹമദ് ജയ്സി രചിച്ച ‘പദ്മാവതി ‘ എന്ന കവിതയിലാണ് രജപുത്ര വനിതയുടെ അഭൌമ്യ സൌന്ദര്യത്തില്‍ ഭ്രെമിച്ചു പോയ ഖില്‍ജി രാജവംശത്തിലെ രണ്ടാമത്തെ സുല്‍ത്താന്‍ ആയിരുന്ന അലാവുദ്ദീന്‍ ഖില്ജിയുടെ കഥയെ കുറിച്ച് പ്രതിപാദിക്കുന്നത് ….ചരിത്രത്തെ ഐതിഹ്യമായി കൂട്ടികുഴയ്ക്കുന്നത് പമ്പര വിഡ്ഢിത്തമാണെന്നു നമുക്ക് അറിയാം ..എന്നാല്‍ കേവലം ആരോപണങ്ങളെ മുന്‍ നിര്‍ത്തി ചരിത്ര വ്യക്തിത്വങ്ങളെ തള്ളികളയാനും കഴിയില്ല ..എന്താണ് നിജസ്ഥി എന്ന അന്വേഷണത്തിലേക്ക് കിടക്കുന്നതിനു മുന്പ് ആ ചരിത്രത്തിന്റെ ലഘുവായ സംഗ്രഹത്തിലേക്ക് നീങ്ങേണ്ടിയിരിക്കുന്നു …
(1290 -96) ജലാലുദ്ധീന്‍ ഫാറൂക്ക് ആണ് ഇന്ത്യയില്‍ ‘ഖില്‍ജി ‘രാജവംശത്തിന്റെ സ്ഥാപകന്‍ ..തുടര്‍ന്ന് ജ്യേഷ്ഠ പുത്രനായ അലാവുദ്ദീന്‍ ഖില്‍ജി സ്ഥാനമേല്‍ക്കുന്നത് ….എന്നാല്‍ ജലാലുദ്ദീന്‍ ചക്രവര്‍ത്തിയെ ചതിവില്‍ കൊലപ്പെടുത്തിയാണ് അദ്ദേഹം അധികാരം കൈക്കലാക്കിയാതെന്നു രേഖകളില്‍ പറയുന്നുണ്ട് …ചില ചരിത്രകാരന്‍മാര്‍ എഴുതിപ്പിടിപ്പിച്ച ക്രൂരനും , ആഭാസനുമായ മുസ്ലീം ചക്രവര്‍ത്തിമാരുടെ ചരിത്രങ്ങളാണ് അലാവുദ്ദീന്‍ ഖില്ജിയുടെ പേരിലും നാം കേട്ടിരിക്കുന്നത് ..എന്നാല്‍ അദ്ദേഹത്തിന്റെ കഴിവും ഭരണ നൈപുണ്യത്തെയും കുറിച്ച് അധിക രേഖകള്‍ കുറവാണു …അധികാരത്തിനു വേണ്ടിയുള്ള കുടിപ്പകയും അക്രമവും ഏതൊരു രാജാവിനെ പോലെ അദ്ദേഹത്തില്‍ പ്രകടമായിരുന്നു…എന്നാല്‍ അദ്ദേഹം നടപ്പിലാക്കിയ സാമൂഹ്യ ,സാമ്പത്തിക പരിഷ്കാരങ്ങള്‍ ,ഭൂ നികുതി വ്യവസ്ഥകള്‍ ഇതൊക്കെ കണ്ടിലെന്ന് നടിക്കാന്‍ ആവില്ല … ചരിത്രത്തിനു കഴിയില്ല…..!
അക്ഷരാര്‍ത്ഥത്തില്‍ ഖില്‍ജി രാജ വംശം ശക്തമായി നിലയുറപ്പിക്കുന്നത് അലാവുദ്ദീന്റെ കാലത്താണ് …ചുറ്റുമുള്ള ശത്രു രാജ്യങ്ങളെ വെട്ടിപിടിക്കാനുള്ള നീക്കത്തിലാണ് ഡല്‍ഹി സുല്‍ത്താന്റെ കണ്ണുകള്‍ മറ്റു രാജ്യങ്ങളിലേക്ക് തിരിയുന്നത് …..അതായത് വാറംഗല്‍,ചിറ്റോര്‍ ,തുടങ്ങിയ നാട്ടുരാജ്യങ്ങളിലെക്ക് …
ഇനി മുഹമദ് ജയ്സിയുടെ കഥയിലേക്ക് വരാം ..സിംഹള ദ്വീപിലെ (ശ്രീലങ്ക ) രാജാവായ ഗന്ധര്‍വ സേനയുടെ പുത്രിയായിരുന്നു പദ്മാവതി …രാജ്ഞിക്ക് വിവാഹപ്രായമെത്തിയപ്പോള്‍ അനുയോജ്യനായ വരനെ തേടി ഒരു സ്വയംവരം നടത്താന്‍ തീരുമാനിച്ചു ..തുടര്‍ന്ന് രാജാവ് രാജ്യമൊട്ടുക്ക് സന്ദേശങ്ങളയച്ചു ..ചിറ്റൊരിലെ രജപുത്ര രാജാവ് രത്തന്‍ സിംഗിനും ലഭിച്ചു ഈ ദൂത് ..തുടര്‍ന്ന് സ്വയം വരത്തില്‍ പങ്കെടുത്ത് , ചില യോഗ്യത മത്സരങ്ങള്‍ വിജയിച്ചു രാജ്ഞിയെ സ്വന്തമാക്കി ചിറ്റൊറിലേക്ക് തിരിക്കുകയും ചെയ്തു ..ശേഷം പദ്മിനി എന്ന രജപുത്രരുടെ ആലങ്കാരിക പദവിയില്‍ മഹാറാണിയായി വിരാജിച്ചു …
രാജാ രത്തന്‍ സിംഗിന്റെ സാഹിത്യ സദസിലെ ഒരു കലാകാരന്‍ ആയിരുന്നു രാഘവ് ചേതന്‍ …ചില അഭിജാര ക്രിയകള്‍ രഹസ്യമായി പിന്തുടര്‍ന്നിരുന്ന അദ്ദേഹത്തെ ഒരിക്കല്‍ രാജാവ് പിടികൂടുകയും സദസ്സില്‍ പുറത്താക്കുകയും ചെയ്തു ….തന്നെ അപമാനിച്ചു പുറത്താക്കിയ രാജാവിനോട് കലശലായ വൈരം രൂപപെട്ട രാഘവ് ചേതന്‍, അദ്ദേഹത്തെ വക വരുത്താന്‍ ഡല്‍ഹി സുല്‍ത്താന്‍ ആയിരുന്ന അലാവുദീന്‍ ഖില്‍ജിയുടെ സഹായം തേടാന്‍ തീരുമാനിക്കുന്നു…..കലാകാരനായ തന്റെ കഴിവ് തന്ത്ര പൂര്‍വ്വം ഉപയോഗിച്ചാണ് അയാള്‍ സുല്‍ത്താന്റെ മുന്‍പില്‍ എത്തിച്ചേരുന്നത് …ആ പ്രതിഭയില്‍ ആകൃഷ്ടനായ സുല്‍ത്താനോട് തന്റെ കഴിവിനേക്കാള്‍ വില പിടിച്ച ഒന്ന് ഈ ഭൂമുഖത്ത് നിലനില്‍ക്കുന്നുവെന്നും അതിനു മുന്‍പില്‍ താന്‍ ഒന്നുമല്ലയെന്നും ഭ്രമിപ്പിച്ച് ചിറ്റൊരിലെ രാജ്ഞിയെ സുല്ത്താന് മുന്‍പില്‍ വര്‍ണ്ണിക്കുന്നു …എങ്ങനെയും രാജകുമാരിയെ കൈക്കലാക്കി, സുല്‍ത്താന്‍റെ കൊട്ടാരത്തില്‍ എത്തിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിക്കുന്നത് കൂടി പദ്മാവതിയുടെ സംഭ്രമിപ്പിക്കുന്ന ജീവിതം തുടങ്ങുകയായി ….
ചിറ്റൊറിലേക്ക് പടയൊരുക്കം തുടങ്ങിയ അലാവുദ്ദീന്‍ ഖില്‍ജിയ്ക്ക് പക്ഷെ വിചാരിച്ച എളുപ്പമായിരുന്നില്ല ചിറ്റോര്‍ എന്ന കൂറ്റന്‍ കോട്ട കീഴടക്കുന്നത് ….എന്നാല്‍ കടലു പോലെ ഒഴുകി വന്ന സൈന്യം കോട്ടയ്ക്ക് മുന്നില്‍ ഉപരോധം ഏര്‍പ്പെടുത്തി .. രജപുത്രരും പെട്ടെന്നൊരു പടയോരുക്കം നല്‍കാന്‍ കഴിയാതെ വിഷമിച്ചു …ഒടുവില്‍ കൌശലക്കാരനായ സുല്‍ത്താന്‍ ഒരു ഉടമ്പടി അങ്ങോട്ട് വെച്ചു …തന്റെ മനസ്സിളക്കിയ ആ ‘സൌന്ദര്യ ധാമത്തെ’ ഒന്ന് കാണുന്ന പക്ഷം ഉപരോധം ഉപേക്ഷിച്ചു തിരികെ പോകാമെന്ന്….! എന്നാല്‍ ആത്മാഭിമാനം പണയം വെയ്ക്കുന്നതിനെക്കാള്‍ നല്ലത് മരണമെന്ന് ചിന്തിച്ച രാജ്ഞി അതിനു വഴങ്ങിയില്ല ….അല്ലാത്തപക്ഷം ഒരു രീതിയിലും പിന്നോട്ട് ഇല്ല എന്ന സുല്‍ത്താന്റെ പക്ഷം ഉറപ്പിച്ചു ദൂതന്മാരെ അയച്ചു ..ഒടുവില്‍ റാണിയുടെ സമ്മതപ്രകാരം അവര്‍ ഒരു ഉപായം കണ്ടെത്തി ..സുല്‍ത്താന്‍ കോട്ടയ്ക്കുള്ളില്‍ നിരായുധനായി വന്നാല്‍ റാണി പദ്മാവതിയുടെ ‘രൂപം’ കാട്ടി നല്‍കാമെന്നു സമ്മതിച്ചു …ഭയക്കേണ്ട യാതൊരു കാര്യവുമില്ല എന്നും നിരായുധനായ അദ്ദേഹത്തെ അക്രമിക്കില്ല എന്നും രജപുത്രര്‍ വാക്ക് നല്‍കി ….വാക്കുകളില്‍ വ്യതിചലിക്കാത്ത പാരമ്പര്യമുള്ള രജപുത്രരെ വിശ്വസിച്ചു കോട്ടയ്ക്കുള്ളില്‍ കയറിയ അലാവുദ്ദീനെ എല്ലാ ആതിഥ്യ മര്യാദകളോടെയും അവര്‍ സ്വീകരിച്ചു ..തുടര്‍ന്ന് പൂന്തോട്ടതിലൂടെ കൊട്ടാരത്തിന്റെ രണ്ടാം നിലയില്‍ പ്രവേശിച്ചു … അവിടെ ഒരു ‘കണ്ണാടി’ ഒരുക്കി വെച്ചിരുന്നു .. മറ്റൊരു മുറിയില്‍
ഉപവിഷ്ടയായ രാജ്ഞിയുടെ പ്രതിബിംബം സുല്‍ത്താന് ദര്‍ശിക്കാം ..പക്ഷെ ഒരു തരത്തിലും നേരിട്ട് കാണാന്‍ കഴിയില്ല …അക്ഷരാര്‍ത്ഥത്തില്‍ അദ്ദേഹം ഇളിഭ്യനായെങ്കിലും , ദര്‍പ്പണത്തില്‍ പ്രതിഫലിച്ച ആ സൌന്ദര്യവതിയുടെ രൂപം കണ്ടു അമ്പരന്നു പോയി …..!!
എന്ത് കൌശലം പ്രയോഗിച്ചും റാണിയെ സ്വന്തമാക്കാനുള്ള ആഗ്രഹം അദ്ദേഹത്തില്‍ വര്‍ദ്ധിച്ചു …
ശേഷം കോട്ടവാതില്‍ക്കല്‍ വരെ തന്നെ അനുഗമിച്ച രാജ രത്തന്‍ സിംഗിനെ തന്ത്രപൂര്‍വ്വം പുറത്തു കാത്തു നിന്ന അനുയായികളെ ഉപയോഗിച്ച് തടവിലാക്കി …തുടര്‍ന്ന് റാണി പദ്മിനി നേരിട്ട് വന്നാല്‍ മാത്രമേ ഭര്‍ത്താവിന്റെ ജീവനോടെ നല്‍കുകയുള്ളൂ എന്ന് അറിയിക്കുകയും ചെയ്തു …അങ്കലാപ്പിലായ റാണിയും കൂട്ടരും പക്ഷെ മറ്റൊരു ഉപായം കണ്ടെത്തുകയും, റാണിയുടെയും പരിവാരങ്ങളുടെ യാത്ര പല്ലക്കില്‍ ,കാഴ്ചയില്‍ റാണിയും തോഴിമാരും എന്ന് തോന്നിപ്പിക്കതക്കവണ്ണം,
യോദ്ധാക്കളായ അവരുടെ ബന്ധുക്കളും ( രാജ്ഞിയും പാളയത്തില്‍ ആയുധമേന്തി എത്തിയെന്നും പറയുന്നു ) സ്ത്രീ വേഷം ധരിച്ച സൈനീകര്‍ക്കൊപ്പം അലാവുദ്ദീന്റെ പാളയത്തില്‍ കടന്നു ഒരു പോരാട്ടത്തിലൂടെ രത്തന്‍ സിംഗിനെ സ്വതന്ത്രനാകുകയും ചെയ്തു ..എന്നാല്‍ പ്രതികാരാഗ്നി ജ്വലിച്ച സുല്‍ത്താന്‍ തന്റെ മുഴുവന്‍ പടയുമായി ചിറ്റൊരിലെക്ക് കുതിക്കുകയും കോട്ടവാതില്‍ തകര്‍ത്ത് രാജ്ഞിയെ പിടിച്ചെടുക്കാനുള്ള ശ്രമം തുടരുകയും ചെയ്തു ..ആഴ്ചകള്‍ നീണ്ട ഉപരോധത്തിനിടയില്‍ കോട്ടയിലെ അടിസ്ഥാന ആവശ്യങ്ങളുടെ ലഭ്യത കുറഞ്ഞു …ഭക്ഷ്യ സാധനങ്ങളുടെ ലഭ്യതയും നിലച്ചു ….. തുടര്‍ന്ന് പ്രത്യാക്രമണം അല്ലാതെ മറൊരു പോവഴി ഇല്ലെന്നു രജപുത്രര്‍ മനസ്സിലാക്കി ..ശേഷം നടന്ന കനത്ത പോരാട്ടത്തില്‍ പക്ഷെ സുല്‍ത്താന്റെ സൈനീകരോട് പിടിച്ചു നില്ക്കാന്‍ കഴിയാതെ അവര്‍ വീരമൃത്യു അടഞ്ഞു …എന്നാല്‍ റാണിയെയും മറ്റു സ്ത്രീകളെയും കീഴ്പ്പെടുത്താന്‍ അലാവുദ്ദീന് കഴിഞ്ഞില്ല …അയാള്‍ കോട്ടയില്‍ കടക്കും മുന്പ് …വലിയ അഗ്നികുണ്ഡങ്ങള്‍ ഒരുക്കി ..അതില്‍ ചാടി ‘ജാഹര്‍ ‘ എന്ന രജപുത്ര ആചാരം ധീരതയോടെ നടപ്പാക്കി.. …തീവ്രാനുരാഗതോടെ റാണിയെ തിരഞ്ഞ സുല്‍ത്താനെ എതിരേറ്റത് കത്തി കരിഞ്ഞ മൃതദേഹങ്ങള്‍ ആയിരുന്നു ….
ചില വസ്തുതകള്‍
———————
മാലിക്ക് മുഹമദ് ജയ്സി എന്ന ഷാജഹാന്റെ സദസ്സിലെ പണ്ഡിതന്‍ ഈ ചരിത്രം നടന്നു ഏകദേശം 230 കൊല്ലങ്ങള്‍ക്ക് ശേഷമാണു ഈ കവിത എഴുതുന്നത് …അമീര്‍ ഖുസ്രോവിനെ പോലെ സംഗീതജ്ഞനും കവിയുമായിരുന്ന അലാവുദ്ദീന്‍ ഖില്ജിയുടെ ആശ്രിതനായ പ്രതിഭയുടെ ഒരു ലേഖനങ്ങളില്‍ പോലും ‘പദ്മാവതി ‘ യുടെ യാതൊരു പരാമര്‍ശവും ഇല്ല …(ഇനി ഖില്‍ജിയുടെ പ്രതിച്ഛായയെ നശിപ്പിക്കാതിരിക്കാന്‍ മനപൂര്‍വ്വം തഴഞ്ഞതാണോ ഈ ലേഖനം എന്നും സംശയിക്കേണ്ടിയിരിക്കുന്നു ..)
സിംഹള രാജാവായ ഗന്ധര്‍വസേനനെ കുറിച്ച് പറയുമ്പോള്‍ സിംഹള ചരിത്രം നോക്കിയാല്‍ ആ കാലഘട്ടത്തില്‍ അങ്ങനെയൊരു രാജാവ് ജീവിച്ചിരുന്നില്ല എന്ന് രേഖകളില്‍ ദര്‍ശിക്കാം …പകരം വിജയ ബാഹു മൂന്നാമനും (1220-24) ഭുവനൈക ബാഹു 1 (1281-83) ,തുടര്‍ന്ന് വിജയബാഹു അഞ്ചാമനും ( 1325-26) ആണെന്ന് വ്യക്തമാണ് …തന്നെയുമല്ല തമിഴ് നാട്ടിലെ (ഇന്നത്തെ തഞ്ചാവൂരിനെ കേന്ദ്രീകരിച്ചു) പാണ്ട്യ രാജാക്കന്മാരുമായല്ലാതെ രജപുത്രരുമായി എന്തെങ്കിലും ബന്ധം പുലര്തിയതായി യാതൊരു രേഖകളും ചരിത്രത്തില്‍ കാണാനാവില്ല …
(Volume 6 of the History and Culture and Indian People, published by Bhartiya Vidya Bhavan, )
അതുപോലെ , പില്‍ക്കാലത്ത് അക്ബറുടെ സദസ്സിലെ പണ്ഡിതനും എഴുത്തുകാരനും അദ്ദേഹത്തിന്റെ ജീവചരിത്ര രചയിതാവുമൊക്കെയായ അബുല്‍ ഫസല്‍, ‘പദ്മിനി ‘ എന്ന നാമധേയം രജപുത്ര വനിതകളുടെ മഹത്തായ ഒരു വിശേഷണം ആണെന്നും രേഖകളില്‍ കുറിച്ചിട്ടുണ്ട് ….എന്നാല്‍ ഇത് കൈവശപ്പെടുത്താന്‍ ഖില്‍ജി നീക്കം നടത്തിയിട്ടുണ്ട് എന്ന് സൂചന നല്‍കുന്നു ….അതായത് ആ സ്ത്രീകളെ കൈവശപെടുത്തുകയും ,സ്വത്തും മറ്റും കൈക്കലാക്കുകയും …
അദ്ദേഹം കീഴടക്കിയ ‘ദേവഗിരി’ എന്ന പ്രദേശത്തെ (ഇന്ന് മഹാരാഷ്ട്രയിലെ ദൌലാത്താബാദ്) രാമചന്ദ്ര എന്ന രാജാവിന്റെ മകള്‍ കമല ദേവിയുടെ ജീവിതവുമായി റാണി പദ്മിനിയുടെ കഥയ്ക്ക് അല്‍പ്പം സാദൃശ്യം ഉണ്ടെന്നു ചില ചരിത്രകാരന്മാര്‍ വാദിക്കുന്നുണ്ട് …രാജസ്ഥാനിലെ ചിറ്റോര്‍ കോട്ടയില്‍ ഇന്ന് കാണാന്‍ കഴിയുന്ന റാണി പദ്മിനിയുമായി ബന്ധപ്പെടുത്തിയ ചില ചരിത്ര ശേഷിപ്പുകള്‍ ഉണ്ട് …അതിലൊന്ന് മേല്‍പ്പറഞ്ഞ കഥയിലെ ‘പ്രതിബിംബവുമായി’ സാമ്യമുള്ള അന്നത്തെ രജപുത്ര വംശത്തിലെ നാട്ടുരാജാക്കന്മാരുമായി ബന്ധപ്പെട്ടതെന്ന് അനുമാനിക്കുന്ന ഒരു ‘കണ്ണാടിയാണ്’ …പതിമൂന്നാം നൂറ്റാണ്ടിന്‍റെ ഉത്തരാര്‍ദ്ധത്തില്‍ നടന്നുവെന്നു പറയുന്ന ഈ സംഭവ കഥയെയും, കണ്ണാടിയുമൊക്കെ , 1946 ല്‍ ജവഹര്‍ലാല്‍ നെഹ്‌റു ,അഹമദ് നഗര്‍ കോട്ടയിലെ തന്റെ ജയില്‍വാസക്കാലത്ത് എഴുതിയ ,ഡിസ്കവറി ഓഫ് ഇന്ത്യ എന്ന ചരിത്ര പുസ്തകത്തിലാണ് പരാമര്‍ശിക്കുന്നത് …
അതുപോലെ ചില കഥകളില്‍ പറയുന്ന ഹിരാമണി എന്ന റാണിയുടെ തത്തയും , രാജ രത്തന്‍ സിംഗിന് ലഭിച്ച തത്തയുടെ
ദൂതുമൊക്കെ മുഹമദ് ജയ്സി എന്ന കവിയുടെ ഭാവനകള്‍ മാത്രമായിരുന്നു എന്ന് ചരിത്രം തെളിവ് നിരത്തുന്നു ….1829-1832 ബ്രിടീഷ് ചരിത്രകാരനായ ജയിംസ് ടോഡ് രാജസ്ഥാന്റെ പൂര്‍വ ചരിത്രത്തെ കുറിച്ച് പ്രതിപാദികുന്ന രേഖകളില്‍ റാണി പദ്മിനിയുടെ കഥ വിവരിക്കുന്നുണ്ട് ….പക്ഷെ അവിടെ പേരുകളും വ്യക്തികളുമെല്ലാം പരസ്പരം മാറിപ്പോകുന്നത്, അത്യന്തം രസകരമാണ് ..ചില രാജസ്ഥാനി പരിചാരകരും , അദേഹത്തിന് പരിചയമുണ്ടായിരുന്ന ചില നാടോടികളുമായി സംവദിച്ചു ,വാമൊഴിയായ പകര്‍ന്നു കിട്ടിയ വിവരങ്ങളാണ് പകര്‍ത്തിയത് …മറ്റൊരു ഉറവിടവും അദ്ദേഹത്തിനു ലഭിച്ചതായി തെളിവില്ല …..!
അദ്ദേഹത്തിന്റെ ചരിത്രത്തില്‍ ചിറ്റൊറിലെ റാണിയായിരുന്ന ലക്ഷ്മിയുടെ സഹോദരന്‍ ആണ് മേല്‍പ്പറഞ്ഞ ‘ജയ്സി മുഹമദ് കഥയിലെ’ റാണിയുടെ ശരിക്കുള്ള ഭര്‍ത്താവു രത്തന്‍ സിംഗ്..! ..റാണി പദ്മാവതി ആകട്ടെ ..സിലോണിലെ ചൌഹാന്‍ രാജാവിന്റെ മകളും …തത്ഫലം അലാവുദീന്‍ ഖില്‍ജി ‘അലിയാസ് ആര’ എന്ന സുല്‍ത്താനായി പരിണമിക്കുന്നു ….ആദ്യം പറഞ്ഞ കഥയില്‍ രത്തന്‍ സിംഗിനെ തടലാക്കുമ്പോള്‍ രക്ഷപെടുത്താന്‍ രഹസ്യമായി പോകുന്ന സംഘത്തിലെ റാണിയുടെ ബന്ധുക്കളായ ഗോരയും ,ബാദലും അവിടെ പക്ഷെ മാറ്റമില്ലാതെ തുടരുന്നുണ്ട് …..
ഉപസംഹാരം
——————–
ഒരു ചരിത്രാന്വേഷണം മാത്രമാണ് ഇവിടെ നടന്നത് ..അല്ലാതെ ഇത് മാത്രമാണ് ശെരിയെന്നു ഒരിക്കലും വാദിക്കുന്നില്ല…. അലാവുദ്ധീന്‍ ഖില്ജിയുടെ ചരിത്രത്തില്‍ ക്ഷേത്ര ധ്വംസനവും,കൊള്ളയും മുതലുള്ള കാര്യങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട് ….അതുപോലെ ചരിത്രത്തില്‍ രജപുത്ര രാജാക്കന്മാരുടെ തമ്മിലടിയും വിസ്മരിക്കരുത് …വിദേശാധിപത്യത്തിനെതിരെ അന്നത്തെ രാജാക്കന്മാര്‍ വിഘടിച്ചു നിന്നപ്പോള്‍ ‘മഹാറാണ പ്രതാപിനെ പോലെയുള്ള രാജാക്കന്മാര്‍ ജ്വലിച്ചു നിന്നിട്ടുള്ളത് ചരിത്രം …
ഏതായാലും ഈ ഡിസംബറില്‍ സഞ്ജയ് ലീല ബന്‍സാലിയുടെ ഭാഷ്യം കൂടി ഇറങ്ങും …ഇതൊരു കവിതയില്‍ നിന്നും കടമെടുത്ത കഥയാണെന്ന് അദ്ദേഹം പല തവണ സൂചിപിച്ചതാണ് ..എങ്കിലും അലാവുദ്ദീന്‍റെ സ്വപ്ന സഞ്ചാരത്തിലെ , റാണി പദ്മാവതിയുടെ രംഗം പോലും അഭ്രപാളിയില്‍ പകര്‍ത്താന്‍ ചില പ്രവര്‍ത്തകര്‍ സമ്മതിച്ചില്ല …കലാസൃഷ്ടികളില്‍ പോലും തങ്ങളുടെ പക്ഷത്തെ താറടിക്കുന്നു എന്ന അബദ്ധ ധാരണയില്‍, ഇന്ന്, ഈ ജനാധിപത്യരാഷ്ട്രത്തില്‍ പോലും ഒരു കൂട്ടര്‍ സംഘടിതമാവുമ്പോള്‍ ..വാളുകള്‍ മറുപടി പറയുന്ന ഏകാധിപത്യത്തിന്റെ നാളുകളില്‍ ഭൂരിഭാഗം ചരിത്രവും വളച്ചൊടിക്കപ്പെടുമെന്നത് നിശ്ചയമല്ലേ ……?
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.