ബിബിഎംപി, ബിഎംടിസി, നമ്മ മെട്രോ, ബിഡിഎ, ട്രാഫിക് പൊലീസ്, കർണാടക മലിനീകരണ നിയന്ത്രണ ബോർഡ് എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുക. പൊതുഗതാഗതം ശക്തിപ്പെടണം സ്വകാര്യ വാഹനങ്ങൾക്ക് നിരോധനമേർപ്പെടുത്തുമ്പോൾ പകരം യാത്രാസൗകര്യമൊരുക്കേണ്ടത് ബിഎംടിസിയും നമ്മ മെട്രോയും.
നഗരത്തിൽ ഏറ്റവും കൂടുതൽ പേർ ആശ്രയിക്കുന്ന പൊതുഗതാഗത സംവിധാനമായ ബിഎംടിസി കൂടുതൽ ബസുകളും ഇടവേള കുറച്ച് കൂടുതൽ മെട്രോ സർവീസും ആരംഭിച്ചാൽ മാത്രമേ കൂടുതൽ പേരെ ആകർഷിക്കാൻ സാധിക്കുകയുള്ളൂ. നിലവിൽ ബിഎംടിസി എല്ലാ മാസവും നാലിന് ബസ് ദിനാചരണം സംഘടിപ്പിക്കുന്നുണ്ടെങ്കിലും യാത്രക്കാരെ വേണ്ട രീതിയിൽ ആകർഷിക്കാൻ ഇതുകൊണ്ട് സാധിക്കുന്നില്ല.
മെട്രോയുടെ ഒന്നാംഘട്ടം പൂർത്തിയായതോടെ പ്രതിദിനം മൂന്നരലക്ഷം പേർ മെട്രോയെ ആശ്രയിക്കുന്നുണ്ട്. ബിഎംടിസിയിൽ പ്രതിദിനം 52 ലക്ഷം പേരാണ് യാത്ര ചെയ്യുന്നത്. മെട്രോ റൂട്ടുകളിൽ വാഹനതിരക്ക് അഞ്ച് ശതമാനം വരെ കുറഞ്ഞിട്ടുണ്ടെന്നാണ് ബിഎംആർസിഎല്ലിന്റെ കണക്ക്.
ഇത് 30ശതമാനം ഉയർന്നാൽ മാത്രമേ ഇപ്പോൾ നേരിടുന്ന ഗതാഗതകുരുക്ക് ഒരു പരിധി വരെയെങ്കിലും കുറയ്ക്കാൻ സാധിക്കുകയുള്ളൂ. ബസ് നിരക്കുകൾ കുറയ്ക്കുന്നത് സംബന്ധിച്ച് നിരവധി സംഘടനകൾ ക്യാംപയിനുമായി രംഗത്തെത്തിയിരുന്നെങ്കിലും നിലവിലെ സാഹചര്യത്തിൽ കുറയ്ക്കാൻ സാധിക്കില്ലെന്നാണ് ബിഎംടിസി നിലപാട്.
ബെംഗളൂരു നഗരത്തിൽ റജിസ്റ്റർ ചെയ്തിരിക്കുന്ന വാഹനങ്ങളുടെ എണ്ണം എഴുപത് ലക്ഷം കഴിഞ്ഞിരിക്കുകയാണ്. ഇതിൽ 64.36ലക്ഷം സ്വകാര്യ വാഹനങ്ങളാണ്. സ്വകാര്യ വാഹനങ്ങളിൽ നിന്നുള്ള മലിനീകരണം നാൾക്കുനാൾ വർധിച്ചുവരുന്നതിനെ തുടർന്നാണ് നിയന്ത്രണങ്ങളുമായി സർക്കാരും ബന്ധപ്പെട്ട വകുപ്പുകളും രംഗത്തുവരുന്നത്.