മണ്ണിൽ നിന്ന് നേരിട്ട് പറിച്ചെടുത്ത ഹസി കടലയ്ക്ക് ഒരു കപ്പിന് 25 രൂപ മുതൽ 30 രൂപ വരെയാണ് വില. ഉപ്പ് പുരട്ടിയും ശർക്കര ഉരുക്കിയും വേവിച്ചെടുത്ത കടല വിഭവങ്ങളും ചൂടോടെ കഴിക്കാൻ അവസരമുണ്ട്. ബെംഗളൂരു ഗ്രാമ ജില്ല, ചിക്കബെല്ലാപുര, ദൊഡബെല്ലാപുര, മണ്ഡ്യ, രാമനഗര , കോലാർ, ഹൊസൂർ, കൃഷ്ണഗിരി എന്നിവിടങ്ങളിൽ നിന്നുള്ള കർഷകരാണ് കടലവിഭവങ്ങൾ വിൽക്കാനെത്തുന്നവരിൽ ഏറെയും. കടലക്കൃഷിയിൽ നിന്ന് പലരും പിൻമാറിയെങ്കിലും പാരമ്പര്യത്തിന്റെ ഭാഗമായാണ് ഇന്നും മേളയ്ക്കെത്തുന്നതെന്നു മാഗഡിയിൽ നിന്നെത്തിയ വിൽപനക്കാരി ഗൗരമ്മ പറഞ്ഞു.
60 കിലോയുടെ ഒരു ചാക്ക് നിലക്കടലയ്ക്ക് 5000 രൂപയാണു വില. കടലയ്ക്കു പുറമെ അടുക്കള വിഭവങ്ങൾ, കാർഷിക ഉപകരണങ്ങൾ, കളിപ്പാട്ടങ്ങൾ, ആഭരണങ്ങൾ, കരകൗശല ഉൽപന്നങ്ങൾ, വസ്ത്രങ്ങൾ എന്നിവയുടെ തെരുവു കച്ചവടവും മേളയുടെ ഭാഗമായുണ്ട്. കടലക്കായ് പരിഷെയുടെ ഉദ്ഘാടനം കേന്ദ്ര രാസവള മന്ത്രി എച്ച്.എൻ. അനന്ത്കുമാർ നിർവഹിച്ചു. ദൊഡഗണേഷ ക്ഷേത്രത്തിലെ പൂജകളോടെയാണു മേള ആരംഭിച്ചത്. രാവിലെ ഒൻപത് മുതൽ രാത്രി ഒൻപത് വരെയുള്ള മേള നാളെ സമാപിക്കും.