ബെംഗളൂരു ∙ ദാരിദ്ര്യ രേഖയ്ക്കു താഴെയുള്ളവർക്ക് ഒരുലക്ഷം രൂപയ്ക്ക് ലക്ഷം വീടുകൾ ബെംഗളൂരുവിലും പരിസരപ്രദേശങ്ങളിലുമായി നിർമിച്ചുനൽകുന്ന ബഹുനില പാർപ്പിട സമുച്ചയ പദ്ധതി ഉടൻ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. സ്വന്തമായി വീടില്ലാതെ നഗരത്തിൽ അഞ്ചു വർഷത്തിലേറെയായി താമസിക്കുന്നവരാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ. പട്ടിക വിഭാഗക്കാർ ഫ്ലാറ്റ് സ്വന്തമാക്കാൻ 50,000 രൂപ നൽകിയാൽ മതിയാകും.പാർപ്പിട സമുച്ചയ നിർമാണത്തിനുള്ള ടെൻഡർ കാലതാമസം കൂടാതെ വിളിക്കാനും ഉദ്യോഗസ്ഥർക്കു നിർദേശം നൽകി.
1100 ഏക്കർ ഭൂമിയാണ് പദ്ധതിക്കു വേണ്ടത്. നഗരത്തിലെ വിവിധ ഭാഗങ്ങളിലായി റവന്യു ഉദ്യോഗസ്ഥർ പിടിച്ചെടുത്ത നാലായിരത്തോളം ഏക്കർ കയ്യേറ്റ ഭൂമിയിൽ നിന്ന് ഇതിനായി സ്ഥലം കണ്ടെത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നാലു നിലകളുള്ള കെട്ടിട സമുച്ചയങ്ങളാണ് നിർമിക്കുന്നത്. ആദ്യഘട്ട കെട്ടിട നിർമാണത്തിന് 430 ഏക്കർ ഭൂമി വേണ്ടിവരും. രണ്ടു വർഷത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കുകയാണ് ലക്ഷ്യം. നഗരത്തിലെ ദരിദ്ര ജനവിഭാഗത്തിനു വീടെന്ന സ്വപ്നം സാക്ഷാത്കരിക്കുന്ന പദ്ധതിയുടെ പുരോഗതി കൃത്യമായ ഇടവേളകളിൽ അവലോകനം ചെയ്യണമെന്നും ഭവന, തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥരുമായി നടത്തിയ യോഗത്തിൽ മുഖ്യമന്ത്രി നിർദേശം നൽകി.
പദ്ധതിക്ക് സെപ്റ്റംബർ 29ന് ചേർന്ന മന്ത്രിസഭാ യോഗം അംഗീകാരം നൽകിയിരുന്നു. തുടർന്ന് ഇതു നടപ്പാക്കുന്നതു സംബന്ധിച്ച ഉത്തരവ് കഴിഞ്ഞ 10ന്ആണ് സർക്കാർ പുറത്തിറക്കിയത്. ഭവന ബോർഡ്, ചേരി വികസന കോർപറേഷൻ, രാജീവ് ഗാന്ധി ഹൗസിങ് കോർപറേഷൻ എന്നിവ ചേർന്നാണ് 6000 കോടി രൂപയുടെ പദ്ധതി നടപ്പാക്കുന്നത്. ഓരോ വീടിനും 5.50 ലക്ഷം രൂപയാണ് നിര്മാണ ചെലവ്. നവംബർ 15 വരെ ഓൺലൈനിൽ അപേക്ഷിക്കാം. സർക്കാരിനെ സംബന്ധിച്ചിടത്തോളം സുപ്രധാനമായ പദ്ധതിയാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പു നടക്കാനിരിക്കെ മറ്റു പദ്ധതികൾക്കൊപ്പം തിരക്കിട്ടാണ് ലക്ഷം വീടു പദ്ധതിയുമായി സർക്കാർ മുന്നോട്ടുപോകുന്നത്. മാർച്ചോടെ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വരുമെന്നതിനാൽ യുദ്ധകാലാടിസ്ഥാനത്തിൽ പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുകയാണ് സർക്കാർ.