ബെംഗളൂരു : നമ്മ മെട്രോ നിരക്ക് വർധനയെത്തുടർന്ന് 16 ശതമാനം യാത്രക്കാർ നിരക്ക് കുറഞ്ഞ മറ്റു പൊതുഗതാഗത സംവിധാനങ്ങളെ ആശ്രയിച്ചുതുടങ്ങിയെന്ന് ഗ്രീൻപീസ് ഇന്ത്യയുടെ സർവേ.
ഫെബ്രുവരി ഒമ്പതിനാണ് മെട്രോ നിരക്ക് വർധിപ്പിച്ചത്. അതിനുശേഷം തിരക്കുള്ള സ്റ്റേഷനുകളിലും മാർക്കറ്റുകളിലും 505 യാത്രക്കാർക്കിടയിൽ സർവേ നടത്തിയപ്പോഴാണ് 16 ശതമാനം യാത്രക്കാർ മറ്റു പൊതുഗതാഗതങ്ങളെ ആശ്രയിച്ചുതുടങ്ങിയതായി കണ്ടെത്തിയത്.
യാത്രയ്ക്ക് ചെലവ് കുത്തനെ കൂടിയെന്ന് 68 ശതമാനം ആളുകൾ പറഞ്ഞപ്പോൾ 16 ശതമാനം ആളുകൾ മറ്റ് യാത്രാ മാർഗങ്ങളിലേക്കു മാറിയെന്ന് പറഞ്ഞു.
കർണാടക വായു മലിനീകരണ ബോർഡ് പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം നഗരത്തിലെ മലിനീകരണ തോത് വർദ്ധിച്ചു.
ബോർഡിന്റെ വായു ഗുണനിലവാര നിരീക്ഷണ പഠനമനുസരിച്ച്, രാവിലെയും വൈകുന്നേരവും പീക്ക് സമയങ്ങളിൽ ശരാശരി പിഎം 2.5 കണികകളുടെ സാന്ദ്രത മെട്രോ ടിക്കറ്റ് നിരക്ക് വർദ്ധനവിന് മുമ്പ് ഒരു ക്യൂബിക് മീറ്ററിന് 43 മുതൽ 54 മൈക്രോഗ്രാം വരെയായിരുന്നു.
ഫെബ്രുവരി 10 ന് ഇത് 112-114 മൈക്രോഗ്രാമായി വർദ്ധിച്ചു. ഫെബ്രുവരി 17, 24 തിങ്കളാഴ്ചകളിൽ ഈ അളവ് ശരാശരി 68 മുതൽ 105 മൈക്രോഗ്രാം വരെ എത്തി. വായു മലിനീകരണം വർദ്ധിച്ചാൽ, ആസ്ത്മ മുതൽ കാൻസർ വരെയുള്ള രോഗങ്ങൾ വർദ്ധിക്കാനുള്ള സാധ്യതയുണ്ട്.