ഓലക്കും ഉബെര്‍നും പണികൊടുക്കാന്‍ കുമാരസ്വാമിയുടെ ടാക്സി സര്‍വിസ് റെഡി;വലിയ നിരക്കില്‍ ഓടാന്‍ തയ്യാറാകുന്ന ‘ടൈഗര്‍’ വെല്ലുവിളി ആകില്ല എന്ന ഉറപ്പില്‍ ഓലയും ഉബെറും.

ബെംഗളൂരു : തിരക്കനുസരിച്ചു യാത്രാക്കൂലി കുത്തനെ കൂടുന്ന ‘സർജ് പ്രൈസിങ്’ ഉണ്ടാകില്ലെന്ന വാഗ്ദാനവുമായി ടൈഗർ(ടിവൈജിആർ) വെബ്ടാക്സി സർവീസ് 25 മുതൽ. മുൻമുഖ്യമന്ത്രിയും ജനതാദൾ(എസ്) സംസ്ഥാന അധ്യക്ഷനുമായ എച്ച്.ഡി. കുമാരസ്വാമി നേതൃത്വം നൽകുന്ന സംരംഭമാണിത്.

ഓല, ഊബർ കമ്പനികളിൽനിന്നു തെറ്റിപ്പിരിഞ്ഞ ഡ്രൈവർമാരുടെ കൂട്ടായ്മയാണ് നടത്തിപ്പുകാർ. പതിനായിരത്തോളം ടാക്സികൾ ഉപയോഗിച്ചാണ് ടൈഗർ ആപ് പ്രവർത്തനം തുടങ്ങുകയെന്നു കൂട്ടായ്മ നേതാവ് തൻവീർ പാഷ പറഞ്ഞു. ഇതിനകം എണ്ണായിരത്തോളം ഡ്രൈവർമാർ കമ്പനിയിൽ റജിസ്റ്റർ ചെയ്തു. ഇവരുടെ രേഖകൾ പരിശോധിച്ചു വരികയാണ്. ഇപ്പോൾ മറ്റു കമ്പനികൾക്കുവേണ്ടി സർവീസ് നടത്തുന്ന ഡ്രൈവർമാരും ഒപ്പം ചേരുമെന്നാണ് പ്രതീക്ഷയെന്നു പാഷ പറഞ്ഞു.

24 മണിക്കൂറും ഒരേ നിരക്കാണ് ഈടാക്കുകയെന്ന ടൈഗറിന്റെ വാഗ്ദാനം നഗരയാത്രികർക്ക് ആശ്വാസമാകും. സെഡാൻ കാറുകൾക്കു 14.5 രൂപയും ഹാച്ച്ബാക്ക് കാറുകൾക്കു 12 രൂപയുമാണു കിലോമീറ്റർ നിരക്ക്. നോൺ എസി കാറിനു 14.50 രൂപയും എസി കാറിനു 19.50 രൂപയുമാണു സർക്കാർ നിശ്ചയിച്ച നിരക്ക്.

ഇതിൽ കുറഞ്ഞ നിരക്കിലാണു ടൈഗർ നിരത്തിലിറക്കുക. ഒരേ ദൂരത്തേക്കു പല സമയങ്ങളിൽ വെവ്വേറെ നിരക്ക് ഈടാക്കുന്ന സർജ് പ്രൈസിങ്ങിനെതിരെ യാത്രികർ നിരന്തരം പരാതിപ്പെട്ടു വരികയാണ്. തുടർന്ന്, നിരക്ക് ഉയർത്തില്ലെന്നു കമ്പനികൾ പലതവണ മോട്ടോർ വാഹന വകുപ്പിന് ഉറപ്പു നൽകിയെങ്കിലും പാലിക്കാത്ത സാഹചര്യത്തിലാണു ടൈഗറിന്റെ വരവ്. കഴിഞ്ഞ ജൂണിൽ നടന്ന സർവേയിൽ ഓല 50%, ഊബർ 44.2% എന്നിങ്ങനെയാണു വിപണി സാന്നിധ്യം.

അതേസമയം ഓല ഉബെര്‍ തുടങ്ങിയവ പലപ്പോഴും കിലോ മീറ്റര്‍ നു ഏഴു രൂപ നിരക്കില്‍ വരെ സര്‍വിസ് നടത്തുന്നുണ്ട്,ഓല മൈക്രോ ,ഉബെര്‍ ഗോ എന്നിങ്ങനെയാണ് കുറഞ്ഞ നിരക്കില്‍ സര്‍വിസ് നടത്തുന്ന കാറ്റഗറികള്‍.റണ്ണിംഗ് ടൈം മിനുട്ട് നു ഒരു രൂപ മുതല്‍ ഒന്നര രൂപ വരെയും അവര്‍ ഈടാക്കാറുണ്ട്.

ബെംഗളൂരുവിലെ ബി എം ടി സി ചാര്‍ജിനെക്കള്‍ കുറവാണു പലപ്പോഴും ഷെയര്‍ ടാക്സികള്‍ ഇടക്കുന്നത്,ഓല ഷെയര്‍ ,ഉബെര്‍ പൂള്‍ എന്നിവ.

ഡ്രൈവർമാർക്കും മറ്റു കമ്പനികൾ നൽകുന്നതിൽ കൂടുതൽ ആനുകൂല്യങ്ങൾ നൽകുമെന്നു പാഷ അവകാശപ്പെട്ടു. മറ്റു കമ്പനികൾ യാത്രാക്കൂലിയുടെ 20–30% കമ്മിഷൻ വാങ്ങുമ്പോൾ ടൈഗർ ടാക്സി 12% കമ്മിഷനാണ് ഡ്രൈവർമാരിൽ നിന്നു വാങ്ങുക. ഇതിനു പുറമെ അപകട, വാഹന ഇൻഷുറൻസ്, വാഹന സർവീസ് തുടങ്ങിയ ആനുകൂല്യങ്ങളും ലഭ്യമാക്കും. ഒരുദിവസം നിശ്ചിത മണിക്കൂർ സർവീസ് നടത്തണമെന്ന ചട്ടവും ഉണ്ടാകില്ല. എത്ര മണിക്കൂർ സർവീസ് നടത്തണമെന്നു ഡ്രൈവർമാർക്കു തീരുമാനിക്കാം.

പല യാത്രക്കാർ ഒരു വാഹനത്തിൽ യാത്ര ചെയ്യുന്ന ‘ഷെയർ റൈഡ്–കാർ പൂളിങ്’ ടൈഗറിൽ ഉണ്ടാകില്ല. കാർ പൂളിങ് മോട്ടോർ വാഹന നിയമത്തിന് എതിരാണെന്നതാണു കമ്പനി പറയുന്ന ന്യായം. അതേസമയം ഗതാഗതക്കുരുക്കും അന്തരീക്ഷ മലിനീകരണവും കുറയ്ക്കാൻ സഹായിക്കുമെന്നു ചൂണ്ടിക്കാട്ടി ഓല, ഊബർ കമ്പനികൾ ഇത്തരം സർവീസുകൾ നടത്തുന്നുണ്ട്. ഓലയുടെതുപോലെ ഓട്ടോറിക്ഷ സർവീസുകളും ടൈഗറിന് തുടക്കത്തിൽ ഉണ്ടാകില്ല.

ആനുകൂല്യം കൂട്ടുക, പുതിയ കാബുകൾക്ക് അനുമതി നൽകുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഡ്രൈവർമാർ ഈ വർഷമാദ്യം വെബ്ടാക്സി കമ്പനികൾക്കെതിരെ സമരം നടത്തിയത്. ഇതിൽ അനുകൂല നടപടി ഉണ്ടാകാതെ വന്നതോടെയാണ് സ്വന്തമായി കമ്പനി രൂപീകരിക്കാൻ തീരുമാനിച്ചത്.

ഇവരുടെ ആശയത്തിനു പിന്തുണയേകിയ കുമാരസ്വാമി നിക്ഷേപം നടത്താമെന്ന് ഉറപ്പു നൽകുകയായിരുന്നു. എച്ച്ഡികെ കാബ് എന്നാണ് പേരു നിശ്ചയിച്ചിരുന്നത്. ഏപ്രിലിൽ സർവീസ് തുടങ്ങുമെന്നു പ്രഖ്യാപിച്ചിരുന്നെങ്കിലും പല കാരണങ്ങളാലും വൈകി. കമ്പനിക്കു സ്വന്തമായി ആപ് വികസിപ്പിച്ചെടുക്കാൻ കുമാരസ്വാമിയാണ് കൊൽക്കത്തയിലെ കമ്പനിയുമായി ചർച്ച നടത്തിയത്.

ഈ മേഖലയില്‍ മത്സരം വര്‍ദ്ധിച്ചതോടെ അതിന്റെ ആനുകൂല്യങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കും,യാത്ര തുടങ്ങുന്നതിനു മുന്‍പ് മൂന്ന് അപ്പ് കളിലും വിലവിവരം ചെക്ക്‌ ചെയ്തതിനു ശേഷം മാത്രം ബുക്ക്‌ ചെയ്യുക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us