മരണ സെല്ഫികള്‍ തുടരുന്നു;റെയില്‍വേ ട്രാക്കില്‍ സെല്‍ഫിയെടുത്ത് മരിച്ചത് മൂന്ന് കൌമാരക്കാര്‍.

ബെംഗളൂരു ∙ റെയിൽപ്പാളത്തിൽ നിന്നു സെൽഫി എടുക്കുന്നതിനിടെ മൂന്നു വിദ്യാർഥികൾ ട്രെയിൻ ഇടിച്ചു മരിച്ചു. ജയനഗർ നാഷനൽ കോളജിൽ പഠിക്കുന്ന പ്രഭു ആനന്ദ് (18), രോഹിത് (16), പ്രതീക് റായ്ക്കർ (20) എന്നിവരാണു മരിച്ചത്. ബെംഗളൂരുവിൽ നിന്നു 30 കിലോമീറ്റർ അകലെ ബിഡദി വണ്ടർല അമ്യൂസ്മെന്റ് പാർക്കിനു സമീപം ഇന്നലെ രാവിലെ 8.30ന് ആയിരുന്നു സംഭവം. ട്രെയിൻ ഇടിച്ചശേഷം അര കിലോമീറ്ററോളം മൃതദേഹങ്ങൾ വലിച്ചുകൊണ്ടുപോയി.

പാഞ്ഞടുക്കുന്ന ടെയിനിനു മുന്നിൽ നിന്നു സെൽഫിയെടുക്കാനുള്ള സാഹസിക ശ്രമമാകാം ദുരന്തത്തിനു വഴിവച്ചതെന്നു പൊലീസ് പറഞ്ഞു. കോളജിൽ നിന്നു ബൈക്കുകളിൽ വിനോദയാത്രയ്ക്കു പോയ പത്തംഗ വിദ്യാർഥി സംഘത്തിൽപ്പെട്ടവരാണു മൂന്നുപേരും. കഴിഞ്ഞ മാസം 25ന് സമീപത്തെ മറ്റൊരു കോളജിലെ വിശ്വാസ് (17) എന്ന വിദ്യാർഥി കൂട്ടുകാരുമൊത്തു സെൽഫി എടുക്കുന്നതിനിടെ കുളത്തിൽ മുങ്ങിമരിച്ചിരുന്നു.

യുവാക്കൾക്കിടയിലെ അതിരുവിട്ട സെൽഫിഭ്രമം മൂന്നു വിദ്യാർഥികളുടെ ജീവനാണ് ഇന്നലെ ബലികൊടുത്തത്. ഒന്നരയാഴ്ചയ്ക്കുള്ളിൽ ബെംഗളൂരുവിന്റെ പ്രാന്തപ്രദേശങ്ങളിൽ രണ്ടാമത്തെ സെൽഫി ദുരന്തം. സെൽഫിഭ്രമംകൊണ്ട് ഒൻപതു ദിവസത്തിനിടെ പൊലിഞ്ഞതു നാലു കൗമാരക്കാർ. പിന്നിലേക്കു പോയാൽ ഈ കണക്കുകൾ വലുതാണ് ; ഭയപ്പെടുത്തും അവ. ഹെജ്ജല, ബിഡദി സ്റ്റേഷനുകൾക്കിടയിലുള്ള വണ്ടർ ലാ വാട്ടർ തീം പാർക്കിനു സമീപം പ്രഭു ആനന്ദ്, രോഹിത്, പ്രതീക് റായ്ക്കർ (20) എന്നീ വിദ്യാർഥികളാണ് ബെംഗളൂരുവിൽനിന്നു മൈസൂരുവിലേക്കു പോയ ഗോൾഗുംബസ് എക്സ്പ്രസ് ഇടിച്ചു മരിച്ചത്.

ട്രെയിൻ കടന്നുവരുന്നതു ശ്രദ്ധിക്കാതെ മൊബൈൽ ഫോണുകളിലെ സെൽഫിയിൽ മുഴുകി നിന്നതാണ് അപകടകാരണമെന്ന് രാമനഗര എസ്പി: രമേഷ് ബാനോട്ട് വ്യക്തമാക്കുന്നു.അരക്കിലോമീറ്ററോളമാണു മൃതദേഹങ്ങൾ വലിച്ചുകൊണ്ടു ട്രെയിൻ കടന്നുപോയത്. മൃതദേഹം തിരിച്ചറിയാനാകാത്തവിധം ചിന്നിച്ചിതറി.  വാട്ടർ തീം പാർക്കിലെ വിനോദങ്ങൾക്കുശേഷം പുറത്തു വന്ന ഇവർ സമീപത്തെ ബാറിൽ മദ്യപിച്ചതായും പൊലീസ് പറയുന്നു. തുടർന്നാണ് ട്രാക്കിനു സമീപം പോയി സെൽഫിയെടുക്കാൻ ശ്രമിച്ചത്.

പുതുതലമുറയ്ക്കിടയിലെ അതിരുവിട്ട സെൽഫിഭ്രമം വരുത്തിവയ്ക്കുന്ന അപകടങ്ങൾ ഇതാദ്യമല്ല. കഴിഞ്ഞ 25ന് ഇത്തരമൊരു കോളജ് വിദ്യാർഥിസംഘം കുളത്തിൽ കുളിക്കുന്നതിനിടെ ഏറ്റവും പിന്നിലുണ്ടായിരുന്നയാൾ മുങ്ങിമരിച്ച വിവരം തിരിച്ചറിയാൻ സെൽഫികൾ പരിശോധിക്കേണ്ടിവന്നു. കനക്പുരയ്ക്കു സമീപത്തെ രവിഗുണ്ടലുവിൽ 21 അംഗ എൻസിസി വിദ്യാർഥികൾ നടത്തിയ ട്രക്കിങ്ങിനിടെയാണ് ബസവനഗുഡി നാഷനൽ കോളജ് വിദ്യാർഥി വിശ്വാസിന്റെ (17) ജീവൻ നഷ്ടപ്പെട്ടത്.

ഇവിടത്തെ ക്ഷേത്രക്കുളത്തിൽ കുളിച്ചശേഷം സുഹൃത്തുക്കൾ ചേർന്നു സെൽഫി എടുക്കുമ്പോൾ ഏറ്റവും പിന്നിലായിരുന്ന വിശ്വാസ് കുളത്തിൽ മുങ്ങിത്താഴ്ന്നു. ചിത്രമെടുക്കലിന്റെ ഹരത്തിൽ ആരും ഇതു ശ്രദ്ധിച്ചില്ല. എന്നാൽ സെൽഫിയിൽ ഈ ദുരന്തം നന്നായി പതിഞ്ഞു. ട്രക്കിങ് സംഘടിപ്പിച്ച കോളജ് അധികൃതരുടെ പിടിപ്പുകേടാണു ദുരന്തത്തിന് ഇടയാക്കിയതെന്നു വിദ്യാർഥികളും രക്ഷിതാക്കളും ഒരുപോലെ ആരോപിച്ച് കോളജിനു മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

അണക്കെട്ടുകളുടെ പാലത്തിനു മുകളിൽ കയറി നിന്നും പാറക്കെട്ടുകളിൽനിന്നു താഴേക്കു ചാടുന്നതായി പോസ് ചെയ്തും പാരഷൂട്ടിൽ താഴേക്കു പറക്കാനായി വിമാനത്തിൽനിന്നു ചാടുന്നതും വൻ കെട്ടിടങ്ങളുടെ ഉയരങ്ങളിൽ നിന്നുമൊക്കെ സെൽഫിയെടുത്തു നവമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്താൽ വലിയ കേമന്മാരും കേമികളുമായി എന്നു പുതുതലമുറ ധരിക്കുന്നുണ്ടാകാം. ഇത്തരം പോസ്റ്റുകൾക്ക് അനേകമായിരം ലൈക്കുകളും കമന്റുകളും കിട്ടുന്നതോടെ കൂടുതൽ സാഹസികമായ ചിത്രങ്ങളെടുക്കാനുള്ള പ്രേരണയായി. എന്നാൽ, ഇത്തരം ഭ്രമങ്ങൾ പ്രത്യേകതരം രോഗമായാണ് ആധുനിക മനഃശാസ്ത്രജ്ഞന്മാർ വിലയിരുത്തുന്നത്. കൂട്ടമായി യാത്ര പോകുമ്പോഴും മറ്റും കൂടെയുള്ളവരുടെ സുരക്ഷ ഉറപ്പാക്കുംവിധമുള്ള കളിക്കേ കൂട്ടുനിൽക്കാവൂ എന്ന സാമാന്യബോധം പുതുതലമുറയ്ക്കു തീർച്ചയായും ഉണ്ടായിരിക്കണമെന്ന് അവർ പറയുന്നു.

കനക്പുര വനമേഖലയിലും ചിക്കമഗളൂരുവിലും കാട്ടാനക്കൂട്ടങ്ങളും മറ്റും റോഡിൽ ഇറങ്ങുമ്പോൾ, ഇവയുടെ പശ്ചാത്തലത്തിൽ സെൽഫി എടുക്കാൻ ശ്രമിക്കുന്നവർപോലുമുണ്ട്. കൗമാരക്കാർ മാത്രമല്ല, ഇത്തരം അഭ്യാസങ്ങൾക്കു മുതിർന്നവർപോലും കൂട്ടുനിൽക്കുന്ന സാഹചര്യമുണ്ട്. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന്റെ വാതിൽക്കൽ നിന്നു സെൽഫി എടുക്കാൻ ശ്രമിക്കുന്നതിനിടെ തല പാളത്തിനു വശത്തെ പോസ്റ്റിലിടിച്ചും താഴേക്കു തെറിച്ചു വീണുമൊക്കെ ജീവൻ പൊലിയുന്ന സംഭവം ഇന്നു നമുക്കിടയിൽ ഏറെയാണ്. എത്രയധികം ബോധവൽക്കരിച്ചാലും അപകടകരമായ ഈ വിനോദങ്ങൾ ഒഴിവാക്കണമെന്ന് അവരവരെടുക്കുന്ന തീരുമാനമാണു പ്രധാനം. അവനവന്റെ ആർജവം സെൽഫിയിലല്ല കുടിയിരിക്കുന്നതെന്ന തിരിച്ചറിവാണ്, ഇത്തരം അപകടങ്ങൾ വിലയ്ക്കു വാങ്ങാതിരിക്കാനുള്ള ഏക പോംവഴി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us