ഇന്നലെ രാവിലെ ബുക്കിങ് ആരംഭിച്ച നാലു സ്പെഷൽ ബസുകളിലും ഉച്ചയോടെതന്നെ സീറ്റുകൾ തീർന്നു. മൈസൂരുവിൽനിന്നു തിരുവനന്തപുരത്തേക്ക് ഇന്നു വൈകിട്ട് 6.15നുള്ള സ്പെഷൽ എക്സ്പ്രസ് ബസിലും മുഴുവൻ ടിക്കറ്റുകളും വിറ്റഴിഞ്ഞു. ആദ്യം പ്രഖ്യാപിച്ച ബസുകൾക്കു പുറമെ കോഴിക്കോട്, തൃശൂർ എന്നിവിടങ്ങളിലേക്കു രണ്ടു വീതവും പയ്യന്നൂരിലേക്ക് ഒന്നും സർവീസുകൾ ഇന്നലെ പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതിലും സീ റ്റുകളൊന്നും ബാക്കിയില്ല.
കോഴിക്കോട്ടേക്ക് രാത്രി 8.45നു കുട്ട, മാനന്തവാടി വഴി ഡീലക്സും 10.15നു എക്സ്പ്രസും പയ്യന്നൂരിലേക്ക് 8.45നു എക്സ്പ്രസും തൃശൂരിലേക്കു സേലം വഴി 8.30നു ഡീലക്സ് ബസുമാണ് ഇന്നലെ പ്രഖ്യാപിച്ചിരുന്നത്.കർണാടക ആർടിസി ഇന്നു മാത്രം 37 സ്പെഷൽ ബസുകളാണു കേരളത്തിലേക്ക് ഓടിക്കുന്നത്.
ഇതിലും സീറ്റുകളൊന്നും ബാക്കിയില്ല. ഇന്നു കേരളത്തിലേക്കുള്ള മൂന്നു പ്രതിദിന ട്രെയിനുകളിലും തൽക്കാൽ സീറ്റുകളടക്കം തീർന്ന സാഹചര്യത്തിൽ സീറ്റ് ലഭിക്കാത്ത ഒട്ടേറെ പേർ യാത്ര മറ്റുദിവസങ്ങളിലേക്കു മാറ്റിയിരിക്കുകയാണ്. കേരളത്തിൽനിന്നു തിരിച്ച് ഒക്ടോബർ ഒന്ന്, രണ്ട്, മൂന്ന് തീയതികളിലും 20 സ്പെഷൽ സർവീസുകളിലേക്കുള്ള ബുക്കിങ് കേരള ആർടിസി ആരംഭിച്ചിട്ടുണ്ട്.
കേരള, കർണാടക ആർടിസി സർവീസുകളിലെ പതിവ്, സ്പെഷൽ ബസുകളിലെ ടിക്കറ്റുകൾ തീർന്ന സാഹചര്യത്തിൽ ബെംഗളൂരുവിൽനിന്നുള്ള സ്വകാര്യ ബസ് നിരക്കുകൾ കുതിച്ചുയർന്നു. തിരുവനന്തപുരത്തേക്ക് എസി മൾട്ടി ആക്സിൽ ബസിൽ 2500 മുതൽ 3100 രൂപവരെയും എറണാകുളത്തേക്കു 2600 രൂപ മുതൽ 3000 രൂപവരെയാണ് ഇന്നലെ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാരിൽനിന്ന് ഈടാക്കിയത്.
സാധാരണദിവസങ്ങളിൽ 1000 രൂപ മുതൽ 1500 രൂപവരെ നിരക്കുണ്ടായിരുന്ന സ്ഥാനത്താണ് ഇരട്ടിയിലേറെ വർധന. കോഴിക്കോട്ടേക്ക് എസി ബസിൽ 1500 മുതൽ 1750 രൂപവരെയും കണ്ണൂരിലേക്ക് 1300 രൂപ മുതൽ 1500 രൂപവരെയുമായിരുന്നു നിരക്ക്. യാത്രക്കാരുടെ തിരക്കേറിയിട്ടും ഒരു സ്പെഷൽ ട്രെയിൻപോലും കേരളത്തിലേക്കു ദക്ഷിണ, പശ്ചിമ റെയിൽവേ അനുവദിക്കാത്തതാണു യാത്രാക്ലേശം രൂക്ഷമാക്കിയത്.
കേരള ആർടിസിയുടെ ബെംഗളൂരുവിലെ റിസർവേഷൻ കൗണ്ടറുകളുടെ ഫോൺ: 080–26756666 (സാറ്റ്ലൈറ്റ് ബസ്സ്റ്റാൻഡ്), 9483519508 (മജസ്റ്റിക്), 080–22221755 (ശാന്തിനഗർ), 080–26709799 (കലാശിപാളയം), 8762689508 (പീനിയ)