ബെംഗളൂരു: പത്രപ്രവർത്തക ഗൗരി ലങ്കേഷ് കൊല ചെയ്യപ്പെട്ട സ്ഥലത്തു നിന്നുള്ള സിസി ക്യാമറ ദൃശ്യങ്ങൾ കൂടുതൽ വ്യക്തതയുള്ള പകർപ്പിനായി യുഎസിലെ ലാബിലേക്ക് അയച്ചു. സെപ്റ്റംബർ അഞ്ചിനു രാത്രി എട്ടു മണിയോടെ വീടിനു മുന്നിലാണ് ഗൗരി വെടിയേറ്റു വീണത്. വീട്ടിലേക്കു കയറുന്ന വഴിയിലും കാർപോർച്ചിലുമായി സ്ഥാപിച്ച രണ്ടു സിസി ക്യാമറകളിൽ നിന്ന് ഒട്ടേറെ ചിത്രങ്ങൾ കേസന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് (എസ്ഐടി) ലഭിച്ചിരുന്നു.
ഹെൽമറ്റ് ധരിച്ച കൊലയാളിയുടെ മുന്നിൽ നിന്നുള്ള ചിത്രവും ഇതിലുണ്ട്. അവ്യക്തമായ ഈ ദൃശ്യങ്ങൾക്കു വ്യക്തത വരുത്തി കൂടുതൽ വലുപ്പമുള്ള ചിത്രങ്ങളാക്കുന്നതിനു വേണ്ടിയാണ് അമേരിക്കയിലെ ഡിജിറ്റൽ ലാബിലേക്ക് അയച്ചിരിക്കുന്നത്. ഇതിന്റെ ഫലം രണ്ടു ദിവസത്തിനകം ലഭിക്കും. കൊലപാതകിയെക്കുറിച്ചും ഇവർ ഉപയോഗിച്ച ചുവന്ന നിറത്തിലുള്ള ബൈക്കിനെക്കുറിച്ചും കൂടുതൽ വിവരങ്ങൾ ലഭിക്കാൻ ഇതു സഹായകമാകുമെന്നാണ് എസ്ഐടി ഉദ്യോഗസ്ഥരുടെ കണക്കുകൂട്ടൽ.
ബൈക്ക് ഏതു കമ്പനിയുടേതാണെന്നു തിരിച്ചറിഞ്ഞെങ്കിലും ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇതിനകം ഒരു ലക്ഷത്തിലേറെ ചുവന്ന ബൈക്കുകളുടെ വിശദാംശങ്ങൾ വിവിധ ആർടി ഓഫിസുകളിൽ നിന്നായി ശേഖരിച്ചു. വിഡിയോ ദൃശ്യങ്ങളിൽ നിന്നു ബൈക്കിന്റെ നമ്പറിനെക്കുറിച്ച് കൂടുതൽ വിവരം ലഭിച്ചാൽ ബൈക്ക് എവിടെ റജിസ്റ്റർ ചെയ്തതാണെന്നും ആരുടെ പേരിലാണെന്നും അറിയാൻ സാധിക്കും.