കേന്ദ്രം കാലുവാരി;നഗരത്തിലെ ബാറുകള്‍ തുറക്കാന്‍ കഴിയില്ല;ബാറുകള്‍ മാറ്റി സ്ഥാപിക്കേണ്ടി വരും;ദേശീയ പാതാപുനര്‍വിജ്ഞാപനമില്ല.

ബെംഗളൂരു∙ നഗരപരിധിയിലെ ദേശീയപാത സംസ്ഥാന സർക്കാർ പുനർവിജ്ഞാപനം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ബാർ ഉടമകളുടെ ഹർജി ഹൈക്കോടതി തള്ളിയതോടെ ബെംഗളൂരുവിൽ അടച്ചുപൂട്ടിയ ബാറുകൾ മാറ്റി സ്ഥാപിക്കേണ്ടിവരും. പുനർവിജ്ഞാപനം ചെയ്യാനുദ്ദേശിക്കുന്ന ദേശീയ പാതയ്ക്കു പകരം ബൈപാസ് റൂട്ടുകൾ നിർദേശിക്കാൻ സർക്കാരിനു കഴിയാത്ത സാഹചര്യത്തിലാണ് ഹർജി തള്ളിയത്.

ദേശീയ, സംസ്ഥാന ഹൈവേയുടെ അരക്കിലോമീറ്റർ പരിധിയിലുള്ള മദ്യ വിൽപന ശാലകൾ പൂട്ടാനുള്ള സുപ്രീം കോടതി ഉത്തരവിനെ തുടർന്നാണ് ബെംഗളൂരു നഗരപരിധിയിലെ എഴുന്നൂറിലധികം മദ്യശാലകൾ ജൂലൈ ഒന്നു മുതൽ അടച്ചുപൂട്ടിയത്. എം.ജി റോഡും ബ്രിഗേഡ് റോഡും ഉൾപ്പെടെ ബെംഗളൂരു നഗരത്തിനുള്ളിലെ 77.64 കിലോമീറ്റർ ദേശീയപാതയുടെ പരിധിയിലാണെന്ന തിരിച്ചറിവിലാണ് ബാറുകൾ വ്യാപകമായി അടച്ചുപൂട്ടേണ്ടി വന്നത്.

‘ബൈപാസുകളായി പരിഗണിക്കാനാകില്ല’:ഇതേ വിഷയത്തിൽ തമിഴ്നാട് സർക്കാരും ബാലുവും തമ്മിലുള്ള കേസിൽ സുപ്രീം കോടതി പുറപ്പെടുവിച്ച വ്യക്തമായ നിയന്ത്രണങ്ങൾ കണക്കിലെടുത്താണ് ബാർ ലൈസൻസുകൾ പുതുക്കാൻ സംസ്ഥാന എക്സൈസ് വകുപ്പിനു നിർദേശം നൽകാൻ കഴിയാത്തതെന്ന് ജസ്റ്റിസ് വിനീത് കോത്താരി ചൊവ്വാഴ്ച കേസ് പരിഗണിക്കവെ വ്യക്തമാക്കി. സുപ്രീം കോടതിയുടെ നിലവിലുള്ള ഉത്തരവുകളുടെ പശ്ചാത്തലത്തിൽ നഗരപരിധിയിലുള്ള ദേശീയ പാതകൾ പുനർവിജ്ഞാപനം ചെയ്യാനുള്ള സംസ്ഥാന സർക്കാരിന്റെ നിർദേശത്തിന് അനുമതി നൽകാനാകില്ലെന്ന് കേന്ദ്ര ഗതാഗത മന്ത്രാലയം അറിയിച്ചിരുന്നു.

കേന്ദ്ര സർക്കാരിന്റെ ഈ നിലപാടു കൂടി പരിഗണിച്ചാണ് ബാർ ഉടമകളുടെ ഹർജി ഹൈക്കോടതി തള്ളിയത്. ദേശീയ പാത നാല്, ഏഴ് എന്നിവയ്ക്കായി എൻഎച്ച് 207 ഉണ്ടെന്നും എൻഎച്ച് ഏഴ്, നാല്, 209, 275 എന്നിവയ്ക്കു ബദലായി നൈസ് റോഡ് ഉണ്ടെന്നുമാണ് സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിനെ ബോധിപ്പിച്ചത്. എന്നാൽ ബിഒടി അടിസ്ഥാനത്തിൽ നിർമിച്ച പാതകളെ ദേശീയ പാതയുടെ ബൈപാസായി പരിഗണിക്കാനാവില്ലെന്നാണ് കേന്ദ്ര നിലപാട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us