കൊച്ചി ∙ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ കീഴ്ക്കോടതി വിധി ഹൈക്കോടതി ശരിവച്ചു. പിണറായി ലാവ്‌ലിൻ ഇടപാടിൽനിന്ന് സാമ്പത്തിക നേട്ടമുണ്ടാക്കിയിട്ടില്ല. സിബിഐ പിണറായി വിജയനെ കുടുക്കാൻ ശ്രമിച്ചു. പിണറായി വിജയനെതിരെ തെളിവുകളില്ലെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് പി.ഉബൈദാണ് വിധി പ്രസ്താവിച്ചത്. വിധി മുഴുവൻ വായിച്ചതിനുശേഷമേ വാർത്ത നൽകാവൂയെന്ന് മാധ്യമങ്ങൾക്ക് ജഡ്ജിയുടെ നിർദേശം നൽകിയിരുന്നു. വിധി പറയാൻ മാറ്റിയശേഷം ഊമക്കത്തുകൾ കിട്ടിയെന്നു പറഞ്ഞ ജഡ്ജി, 202 പേജുള്ള വിധിന്യായം മുഴുവൻ വായിച്ചു കേൾപ്പിക്കുമെന്നും വ്യക്തമാക്കി. പെട്ടെന്ന് വിധി പറയാൻ തീരുമാനിച്ചത് ചർച്ചകൾ ഒഴിവാക്കുന്നതിനാണ്. പലർക്കും രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നും അതു ശരിയല്ലെന്നും കോടതി നിരീക്ഷിച്ചു.
പിണറായി വിജയൻ ഉൾപ്പെടെയുള്ള പ്രതികളെ കുറ്റവിമുക്തരാക്കിയ കീഴ്ക്കോടതി ഉത്തരവിനെതിരെ സിബിഐയാണ് റിവിഷൻ ഹർജി നൽകിയത്. സിബിഐ സമർപ്പിച്ച കുറ്റപത്രത്തിലെ കണ്ടെത്തലുകൾ അപൂർണമാണെന്നു വ്യക്തമാക്കിയാണ് പിണറായി വിജയനടക്കം ഏഴു പേരെ സിബിഐ പ്രത്യേക കോടതി പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കിയത്. തുടർന്ന് റിവിഷൻ ഹർജിയുമായി സിബിഐ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
സുപ്രീംകോടതി അഭിഭാഷകൻ ഹരീഷ് സാൽവെയാണ് കേസുമായി ബന്ധപ്പെട്ട് പിണറായി വിജയനായി ഹൈക്കോടതിയിൽ ഹാജരായത്. പള്ളിവാസൽ, ചെങ്കുളം, പന്നിയാർ ജലവൈദ്യുത പദ്ധതികളുടെ പുനരുദ്ധാരണത്തിന്, കനേഡിയൻ കമ്പനിയായ എസ്എൻസി ലാവ്‌ലിനുമായി ഒപ്പിട്ട കരാറുകളുമായി ബന്ധപ്പെട്ട വ്യവസ്ഥാ ലംഘനങ്ങളാണ് കേസിനു കാരണം. ഈ കരാർ ലാവ്‌ലിൻ കമ്പനിക്ക് നൽകുന്നതിന് പ്രത്യേക താൽപര്യം കാണിച്ചതിലൂടെ സംസ്ഥാനത്തിന് 374 കോടി രൂപയുടെ നഷ്ടമുണ്ടായെന്നുമാണ് ആരോപണം. യുഡിഎഫിന്റെ കാലത്താണ് പദ്ധതി കൊണ്ടുവന്നതെങ്കിലും അന്തിമ കരാർ ഒപ്പിട്ടത് പിന്നീട് വന്ന ഇ.കെ.നായനാർ മന്ത്രിസഭയിലെ വൈദ്യുതിമന്ത്രി ആയിരുന്ന പിണറായി വിജയനായിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.