വിജയ്‌ മല്യ ലണ്ടനില്‍ അറസ്റ്റിലായി;കോടതിയില്‍ ഹാജരാക്കി ജാമ്യത്തില്‍ വിട്ടു.

ലണ്ടൻ: ഇന്ത്യയിലെ ബാങ്കുകളിൽനിന്ന് 9000 കോടി രൂപയുടെ വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ ലണ്ടനിലേക്കു രക്ഷപ്പെട്ട വിവാദ വ്യവസായി വിജയ് മല്യ അറസ്റ്റിൽ. ബ്രിട്ടനിലെ സ്‌കോട്ട്‌ലൻഡ് യാർഡ് പൊലീസാണ് മല്യയെ അറസ്റ്റ് ചെയ്തത്. അതേസമയം കോടതിയിൽ ഹാജരാക്കിയ മല്യക്ക് ജാമ്യം ലഭിച്ചു. വിവാദ മദ്യവ്യവസായിയെ ഇന്ത്യയ്ക്കു വിട്ടുകിട്ടാൻ ഏറെ കാത്തിരിക്കേണ്ടി വരുമെന്നാണ് പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ഇന്ത്യൻ സമയം ഇന്ന് ഉച്ചയ്ക്കാണ് മല്യയെ അറസ്റ്റ് ചെയ്തത്. ഉടൻ തന്നെ പൊലീസ് സ്റ്റേഷനിലെത്തിച്ചശേഷം വെസ്റ്റ്മിനിസ്റ്റർ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി. മല്യയ്‌ക്കെതിരേ ബ്രിട്ടനിൽ കേസുകളില്ലാത്തതിനാൽ കസ്റ്റഡിയിൽ വേണമെന്ന ആവശ്യം സ്‌കോട്‌ലൻഡ് യാർഡ് ഉന്നയിച്ചില്ല.അറസ്റ്റിലായി മൂന്നു മണിക്കൂറുകൾക്കകം മല്യയ്ക്കു ജാമ്യം ലഭിച്ചു.

ബാങ്കുകളെ കബളിപ്പിച്ച് രാജ്യം വിട്ട മല്യയെ ഇന്ത്യയ്ക്കു കൈമാറണമോയെന്ന കാര്യത്തിൽ അന്തിമ തീരുമാനം ബ്രിട്ടീഷ് കോടതിയുടേത് ആയിരിക്കും. മജിസ്‌ട്രേറ്റ് കോടതി കൈമാറാൻ ഉത്തരവിട്ടാലും അതിനെ മല്യയ്ക്കു മേൽ കോടതികളിൽ ചോദ്യം ചെയ്യാം. ഇതിനു പുറമേ ബ്രിട്ടീഷ് പൗരത്വം സ്വന്തമാക്കാനും മല്യ നീക്കം നടത്തുന്നുണ്ട്. ചുരുക്കത്തിൽ മല്യയെ ഇന്ത്യയ്ക്കു വിട്ടുകിട്ടാൻ ഏറെ സമയം പിടിക്കും.

മല്യ അറസ്റ്റിലായെന്ന വാർത്തകൾക്കു പിന്നാലെ അദ്ദേഹത്തെ ഉടൻ ഇന്ത്യയ്ക്കു വിട്ടുകിട്ടുമെന്ന് ദേശീയ മാധ്യമങ്ങളടക്കം റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനെ മല്യയും പരിഹസിക്കുകയുണ്ടായി. ‘മാധ്യമങ്ങൾ പതിവ് ആഘോഷം നടത്തുകയാണെന്നും തന്നെ വിട്ടുകൊടുക്കാനുള്ള നടപടി ക്രമങ്ങൾ കോടതിയിൽ ആരംഭിച്ചിട്ടേ ഉള്ളൂവെന്നും’ മല്യ ട്വീറ്റ് ചെയ്യുകയുണ്ടായി. മല്യക്കെതിരായ കേസുകൾ അന്വേഷിക്കുന്ന സിബിഐ, എൻഫോഴ്‌സ്‌മെന്റ് സംഘം ഉടൻ ലണ്ടനിലേക്ക് പോകുമെന്നു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഇന്ത്യയുടെ ആവശ്യപ്രകാരമാണ് മല്യയെ സ്‌കോട്‌ലൻഡ് യാർഡ് അറസ്റ്റ് ചെയ്തത്. മല്യ ഒരു പ്രഖ്യാപിത അപരാധി ആണെന്ന് അറസ്റ്റിനുശേഷം സ്‌കോട്‌ലൻഡ് യാർഡ് പുറപ്പെടുവിച്ച പ്രസ്താവനയിൽ വ്യക്തമാക്കി. മല്യയ്‌ക്കെതിരേ ഹൈദരാബാദ് ഹൈക്കോടതി അടക്കം പുറപ്പെടുവിച്ച അറസ്റ്റ് വാറന്റുകളുടെ അടിസ്ഥാനത്തിലാണ് വിട്ടുകിട്ടണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടത്. ഇതിനെ തുടർന്ന് ബ്രിട്ടൻ കോടതിയിലടക്കം നടപടികൾ ആരംഭിക്കുകയായിരുന്നു.

കഴിഞ്ഞ വർഷമാണ് വിജയ് മല്യ ബ്രിട്ടനിലേക്കു കടന്നത്. ഒമ്പതിനായിരം കോടിയുടെ വായ്പയെടുത്തശേഷം തിരിച്ചടയ്ക്കാതിരുന്നതിനെ തുടർന്ന് ബാങ്കുൾ നടപടി ആരംഭിക്കാൻ തീരുമാനിച്ചതിനെ തുടർന്നാണ് മല്യ ബ്രിട്ടനിലേക്കു രക്ഷപ്പെടുന്നത്.

ബാങ്കു തട്ടിപ്പു നടത്തിയ വിജയ് മല്യയെ വിട്ടുകിട്ടണമെന്ന് ഇന്ത്യ ബ്രിട്ടനോട് നേരത്തേ തന്നെ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായി മല്യയുടെ പാസ്‌പോർട്ട് ഇന്ത്യ റദ്ദാക്കി. എന്നാൽ മല്യയെ ഇന്ത്യയ്ക്കു കൈമാറാൻ ബ്രിട്ടനു സമ്മതമില്ലായിരുന്നു. കൈമാറാനുള്ള ഇന്ത്യയുടെ അഭ്യർത്ഥന തങ്ങളുടെ നിയമപ്രകാരം ബാധകമല്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. ബ്രട്ടൻ സന്ദർശിക്കുന്നവരുടെ പാസ്‌പോർട്ടിന് സാധുത ഇല്ലെങ്കിലും രാജ്യത്ത് തുടരാൻ അനുവദിക്കുന്ന നിയമം ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.

എന്നാൽ ഹൈദരാബാദ് ഹൈക്കോടതി പുറപ്പെടുവിച്ച ജാമ്യമില്ലാ വാറന്റുകൾ അടക്കം ചൂണ്ടിക്കാട്ടി മല്യയെ വിട്ടുകിട്ടണമെന്ന് ഇന്ത്യ വീണ്ടും ആവശ്യപ്പെട്ടു. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിലും സമ്മർദം ശക്തമാക്കി. ഇതോടെ പ്രതിയെ വിട്ടുകിട്ടാനുള്ള ഇന്ത്യയുടെ ആവശ്യം പരിഗണിച്ച ബ്രിട്ടൻ കോടതി നടപടികൾ ആരംഭിക്കുകയായിരുന്നു.

ഇപ്പോൾ നിലവിലില്ലാത്ത കിങ് ഫിഷർ എയർലൈൻസ് കമ്പനിയുടെ പേരിലാണ് മല്യ 9,000 കോടി രൂപയുടെ വായ്പ വിവിധ ബാങ്കുകളിൽനിന്നായി എടുത്തത്. സിബിഐയും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റുമാണ് മല്ല്യയ്‌ക്കെതിരായ കേസുകൾ അന്വേഷിക്കുന്നത്. സിബിഐ ആയിരം പേജു വരുന്ന കുറ്റപത്രമാണു സമർപ്പിച്ചിരിക്കുന്നത്. ഗൂഢാലോചനയും വഞ്ചനാക്കുറ്റവുമാണ് ചുമത്തിയിരിക്കുന്ന പ്രധാന കുറ്റംങ്ങൾ.

കിങ് ഫിഷർ ബിയറുകൾ അടക്കം ഉത്പാദിപ്പിക്കുന്ന യുബി ഗ്രൂപ്പിന്റെ ഉടമസ്ഥനായിരുന്ന മല്യ അപ്രതീക്ഷിതമായാണ് കടക്കെണിയിൽ അകപ്പെടുന്നത്. കിങ് ഫിഷർ എയർലൈൻസിനു വേണ്ടി എടുത്ത വായ്പകളാണ് മല്യയെ കുഴപ്പത്തിലാക്കിയത്. ബാങ്കുകൾ നടപടി സ്വീകരിക്കുമെന്ന് ഉറപ്പായതോടെ 2016 മാർച്ച് രണ്ടിന് അദ്ദേഹം ബ്രിട്ടനിലേക്കു കടന്നു. അന്ന് രാജ്യസഭാംഗമായിരുന്നു മല്യ. പിന്നീട് രാജ്യസഭാംഗത്വം രാജിവച്ചു.

എസ്‌ബിഐയുടെ നേതൃത്വത്തിൽ 17 ബാങ്കുകൾ മല്യയെ വിട്ടുകിട്ടാനും അദ്ദേഹത്തിന്റെ സ്വത്തുക്കൾ കണ്ടുകെട്ടി പണം ഈടാക്കാനും സുപ്രീംകോടതിയെ സമീപിക്കുകയുണ്ടായി. തുടർന്ന് മല്യയെ ഇന്ത്യയിലെത്തിക്കാൻ സുപ്രീംകോടതി കേന്ദ്ര സർക്കാരിനു നിർദ്ദേശം നല്കി. മല്യയെ രക്ഷപ്പെടാൻ കേന്ദ്രം സഹായിച്ചുവെന്ന ആരോപണം പ്രതിപക്ഷവും ഉയർത്തി. ഇതിനെ തുടർന്നാണ് പാസ്‌പോർട്ട് റദ്ദാക്കുന്നതടക്കമുള്ള നടപടികൾ ഇന്ത്യ സ്വീകരിച്ചത്.

ഇന്ത്യൻ ബാങ്കുകളെ പറ്റിച്ച് ബ്രിട്ടനിലേക്കു കടന്നിട്ടും അത്യാഡംബര ജീവിതമാണ് മല്യ നയിച്ചിരുന്നത്. ലണ്ടനിലെ അത്യാഡംബര ബംഗ്ലാവിലായിരുന്നു താമസം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us