വൈദ്യുതി നിരക്കും “ശരിയായി”.

തിരുവനന്തപുരം: ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ആഘാതമേല്‍പ്പിച്ച് സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിച്ചു. പുതുക്കിയ നിരക്ക് ഇന്നു മുതല്‍ പ്രാബല്യത്തില്‍. യൂണിറ്റിന് 10 മുതല്‍ 30 പൈസ വരെ വര്‍ദ്ധിപ്പിക്കാനാണ് തീരുമാനം. കെഎസ്ഇബി താരിഫ് സമര്‍പ്പിക്കാത്തതിനാല്‍ വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ ഏകപക്ഷീയമായാണ് നിരക്ക് വര്‍ദ്ധിപ്പിച്ചത്. മൂന്ന് വര്‍ഷത്തിന് ശേഷമാണ് സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ദ്ധന.

നാല്‍പ്പത് യൂണിറ്റില്‍ താഴെ ഉപയോഗിക്കുന്നവര്‍ക്ക് വര്‍ദ്ധനയില്ല. 50 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് യൂണിറ്റ് ഒന്നിന് 10 പൈസയും 50 മുതല്‍ 100 വരെ 20 പൈസയും 100 യൂണിറ്റില്‍ കൂടുതല്‍ ഉപയോഗിക്കുന്നവര്‍ക്ക് 30 പൈസയുമാണ് ബില്ലില്‍ കൂടുക.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് പ്രതിമാസം 150 യൂണിറ്റ് വരെ 1.50 രൂപ നിരക്കില്‍ നല്‍കും. വ്യവസായ യൂണിറ്റുകളിലെയും നാണ്യവിളത്തോട്ടങ്ങളിലെയും കോളനികളിലെ താമസക്കാര്‍ക്ക് നിലവിലുള്ള ഫിക്‌സഡ് ചാര്‍ജ്ജ് ആയ ഒരു കോളനിക്ക് 2,200 എന്നതിനു പകരം ഗാര്‍ഹിക യൂണിറ്റ് ഒന്നിന് 30 രൂപ നിരക്കില്‍ മാത്രമെ ഈടാക്കു. കാര്‍ഷിക മേഖലയില്‍ വര്‍ദ്ധനവ് വരുത്തിയിട്ടില്ല. നിലവിലുള്ള നിരക്കായ യൂണിറ്റ് ഒന്നിന് രണ്ടു രൂപ എന്നത് ഭക്ഷ്യധാന്യ വിളകള്‍ക്കായിരുന്നു. ഇനി മുതല്‍ കാര്‍ഷിക വിളകളുടെ തരം പരിഗണിക്കാതെ ജലസേചനത്തിനായി രണ്ടു രൂപ നിരക്കില്‍ വൈദ്യുതി ലഭിക്കും.

ജലധാര, സുജലധാര, ജലനിധി തുടങ്ങിയ പദ്ധതികളിലുള്ള ഗ്രാമീണ കുടിവെള്ള വിതരണ യൂണിറ്റുകള്‍ക്ക് ഗാര്‍ഹിക നിരക്കില്‍ വൈദ്യുതി നല്‍കും. 500 യൂണിറ്റ് വരെ പ്രതിമാസ ഉപഭോഗമുള്ള സ്വകാര്യ ആശുപത്രികള്‍ക്ക് സര്‍ക്കാര്‍ ആശുപത്രിയുടെ നിരക്കായ അഞ്ച് രൂപ 50 പൈസക്ക് വൈദ്യുതി നല്‍കും.

കൊച്ചി മെട്രോ റെയില്‍ കോര്‍പ്പേറഷന് നാല് രൂപ 80 പൈസക്ക് വൈദ്യുതി നല്‍കും. മെഡിക്കല്‍ കോളേജുകളുടെ നിലവിലുള്ള താരിഫില്‍ ചെറിയ ഇളവ്. രാഷ്ട്രീയ പാര്‍ട്ടികളുടെ ഓഫീസ്, സ്‌പോര്‍ട്‌സ് ക്ലബ് തുടങ്ങിയവയ്ക്കും നിരക്ക് വര്‍ദ്ധിപ്പിച്ചു.

വര്‍ധനയിലൂടെ വൈദ്യുതി ബോര്‍ഡിനു പ്രതിവര്‍ഷം 500 മുതല്‍ 550 വരെ കോടി രൂപ അധികം ലഭിക്കുമെന്നാണ് കമ്മീഷന്റെ വിലയിരുത്തല്‍. മുന്‍വര്‍ഷങ്ങളിലെ വരുമാന കമ്മിയായ 4,944 കോടി രൂപ ഘട്ടംഘട്ടമായി നികത്തുന്നതിനാണ് നിരക്ക് വര്‍ദ്ധനയിലൂടെ ഉദ്ദേശിക്കുന്നത്.

വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിച്ചത് കുറഞ്ഞുപോയെന്ന് കെഎസ്ഇബി. തങ്ങളോട് ചോദിക്കാതെയാണ് താരിഫ് നിശ്ചയിച്ചത്. നിലവിലെ നഷ്ടം നികത്താന്‍ ഇതുകൊണ്ട് സാധിക്കില്ല. ഒമ്പത് മാസത്തെ കണക്കെടുപ്പില്‍ വൈദ്യുതി ബോര്‍ഡിന്റെ നഷ്ടം 1,400 കോടിയായി. മൂന്ന് മാസം കൂടി കഴിയുമ്പോള്‍ നഷ്ടം 1,750 കോടി കവിയും.

കെഎസ്ഇബി കണക്ക് സമര്‍പ്പിക്കുന്നില്ലെന്ന റെഗുലേറ്ററി കമ്മീഷന്റെ വാദം തെറ്റാണ്. സിഎജി ഓഡിറ്റ് ചെയ്ത് റിപ്പോര്‍ട്ട് സമര്‍പ്പിക്കാറുണ്ട്. 35,000 ജീവനക്കാരുണ്ട്. എന്നാല്‍, കമ്മീഷന്റെ കണക്കില്‍ ഇരുപത്തി അയ്യായിരവും. കമ്മീഷന്‍ പറയുന്ന തരത്തിലുള്ള കണക്കുകള്‍ സമര്‍പ്പിക്കണമെങ്കില്‍ പതിനായിരം ജീവനക്കാരെ പിരിച്ചുവിടണം. കമ്മീഷന്റെ കണക്കില്‍പ്പെടാത്ത ജീവനക്കാര്‍ക്കും കെഎസ്ഇബി ശമ്പളം നല്‍കുന്നുണ്ട്. അതിനാല്‍ കമ്മീഷന്റെ നടപടിക്രമങ്ങളില്‍ പുനഃപരിശോധന ആവശ്യമാണെന്നും വൈദ്യുതി വകുപ്പ് അക്കൗണ്ട്‌സ് വിഭാഗം അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us