ആര്‍ എസ് എസ്സിന്റെയും പരിവാര്‍ പ്രസ്ഥാനങ്ങളുടെയും പ്രത്യേകത, ഞാന്‍ മനസ്സിലാക്കിയത്, എവിടെ അവര്‍ക്ക് എതിര്‍പ്പുകളും വിമര്‍ശനങ്ങളും നിയന്ത്രണങ്ങളും നേരിടേണ്ടി വരുന്നോ, അപ്പോഴൊക്കെ അവര്‍ വര്‍ധിത വീര്യത്തോടെ ഉണരുന്നു എന്നതാണ്. ഇന്ന് സംഘവും പരിവാര്‍ പ്രസ്ഥാനങ്ങളും ഏതാണ്ട് ആ അവസ്ഥയില്‍ ആയിരിക്കുന്നു.
മുന്‍പ് പരിവാര്‍ പ്രസ്ഥാനങ്ങള്‍ക്കിടയില്‍ ഇതുപോലെ ഒരു ഉണര്‍വ്വുണ്ടായി കണ്ടത് , ആദ്യം നിലക്കല്‍ പ്രക്ഷോഭ കാലത്തും, പിന്നീട് അയോധ്യാ വിഷയം മൂര്‍ദ്ധിന്യാവസ്ഥയില്‍ നിന്നപ്പോഴും ആണ്. ആ രണ്ടു സന്ദര്‍ഭങ്ങളും ഉണ്ടായത്, നിര്‍ഭാഗ്യവശാല്‍ ഇതര സമുദായങ്ങളും ആയുണ്ടായ പ്രശ്നങ്ങളുടെ പേരില്‍ ആയിരുന്നു.
ഇന്ന് സ്ഥിതി മാറിയിരിക്കുന്നു, ഹിന്ദു സമൂഹവും സംഘ പരിവാറും കേരളത്തില്‍ എങ്കിലും ഇതരമതസ്തരും ആയി സൌഹൃദത്തില്‍ തന്നെ ആണ് നിലനില്‍ക്കുന്നത്. മാര്‍ക്സിസ്റ്റ് പാര്‍ടിയുമായി, അവര്‍ ഭരണത്തില്‍ വന്നതിനു ശേഷം വടക്കന്‍ ജില്ലകളില്‍ ഉണ്ടായ ചില രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ആണ് ക്രമസമാധാന പ്രശ്നമായി ഉണ്ടായത്.
കേരളത്തില്‍ പിണറായി സര്‍ക്കാര്‍ അധികാരമേറ്റത് ജനങ്ങളുടെ വന്‍ പ്രതീക്ഷയുടെ ഭാരവും പേറിയാണ്. കേന്ദ്രത്തില്‍ രണ്ടുവര്‍ഷം മുന്‍പ് മോഡി സര്‍ക്കാര്‍ അധികാരം ഏറ്റെടുത്തപ്പോള്‍ മുണ്ടായതിന് സമാനമായ അവസ്ഥ. അതുകൊണ്ട് തന്നെ, വളരെ പെട്ടെന്ന് ആ പ്രതീക്ഷക്കു തക്കവണ്ണം പ്രതിഫലനങ്ങള്‍ ഉണ്ടാകാന്‍ സര്‍ക്കാരിന് കഴിയുമായിരുന്നില്ല. ആദ്യ ദിനങ്ങളില്‍ അത് ജനങ്ങളില്‍ ചിലര്‍ക്കെങ്കിലും നിരാശ പകര്‍ന്നു എങ്കിലും പിന്നീടങ്ങോട്ട് കേന്ദ്ര മന്ത്രിസഭയുടെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളുടെ സ്വപ്നങ്ങള്‍ക്ക് ജീവന്‍ വയ്പ്പിക്കുന്ന രീതിയില്‍ തന്നെ ആയിരുന്നു, ആ പ്രതീക്ഷകള്‍ ഇപ്പോഴും മങ്ങിയിട്ടില്ല എന്നുതോന്നുന്നു.
കേരളത്തിലെ സ്ഥിതിയും മറിച്ചല്ല. ഇപ്പോള്‍ ഒരു പ്രമുഖ പത്രം നടത്തുന്ന സര്‍വെയില്‍ ഞാനിത് എഴുതുമ്പോള്‍ ഏതാണ്ട് അറുപത്തിയഞ്ചു ശതമാനത്തില്‍ കൂടുതല്‍ ജനങ്ങള്‍ പ്രതീക്ഷ പകരുന്ന സര്‍ക്കാര്‍ എന്ന് അഭിപ്രായപ്പെട്ടുകഴിഞ്ഞു, മോശമെന്നോ നിരാശാ ജനകമെന്നോ അഭിപ്രായമുള്ളത് മുപ്പതു ശതമാനത്തില്‍ താഴെ മാത്രം വായനക്കാര്‍ക്കാണ്.
കേന്ദ്രവുമായി സന്ഘര്‍ഷതിനില്ല എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയും, കേന്ദ്രം പക്ഷപാതം കാട്ടില്ല എന്ന പ്രധാനമന്ത്രിയുടെ ഉറപ്പും കേരള വികസനത്തിന് ഒരു പുത്തന്‍ ഉണര്‍വ് നല്‍കും എന്ന് ജനം കണക്കുകൂട്ടുന്നു.
കേന്ദ്രത്തില്‍ പ്രധാനമന്ത്രിക്ക് ഏറ്റവും കൂടുതല്‍ ബുധിമുട്ടുണ്ടാക്കിയത്, പാര്‍ടിയിലെ ചില മുതിര്‍ന്ന സന്യാസി എം പി മാരും, വിവരം തൊട്ടു തീണ്ടിയിട്ടില്ലാത്ത ചില നേതാക്കന്മാരും ആയിരുന്നെങ്കില്‍, പിണറായി വിജയനെ ആശങ്കയിലാഴ്തിയത് , സ്വന്തം മന്ത്രിസഭയിലെ അംഗങ്ങള്‍ തന്നെ പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ചില കാര്യങ്ങള്‍ ആണ്.
വളരെ സീരിയസ് ആയി ജനം നോക്കിക്കണ്ട സര്‍ക്കാരില്‍ നിന്നും ആദ്യം പൊട്ടിയ വെടി ജയരാജന്‍ സഖാവില്‍ നിന്നും ആയിരുന്നു. മുഹമ്മദാലിയുടെ മരത്തെ തുടര്‍ന്ന് ജയരാജന്‍ നടത്തിയ പ്രതികരണം . ആ മണ്ടത്തരത്തെ ആരവത്തോടെ ആണ് സോഷ്യല്‍ മീഡിയ സ്വീകരിച്ചത്, പക്ഷെ തുടര്‍ന്ന് അങ്ങോട്ടുണ്ടായ , പല മന്ത്രിമാരുടെയും പല നേതാക്കളുടെയും ചില പ്രസ്താവനകള്‍ ജനങ്ങളുടെ നെറ്റി ചുളിപ്പിക്കുന്നതായിരുന്നു. , അതില്‍ പലതും തന്നെ, സംസ്കാര ചിഹ്നങ്ങളും മത ചിഹ്നങ്ങളും തമ്മില്‍ വേര്‍തിരിച്ചറിയാന്‍ കഴിയാതിരുന്ന അവരുടെ വിവരക്കേടുകളില്‍ നിന്നും ഉണ്ടായവ ആയിരുന്നു.
അതില്‍ ആദ്യതേത് ശൈലജ ടീച്ചറുടെ വകയായിരുന്നു. ലോകം ഒന്നടങ്കം യോഗയെ നെഞ്ചില്‍ ഏറ്റിയപ്പോള്‍, , കൃത്യം ഒരുവര്‍ഷം മുന്‍പ് സഖാവ് കാരാട്ട്, യോഗാ എന്ന് പറയുന്നത് പട്ടി മുള്ളാന്‍ നില്‍ക്കുന്നതുപോലെയാണ് എന്ന് പരിഹസിച്ചതിന്റെ ഒന്നാം വാര്‍ഷികത്തില്‍, ഇടതു സര്‍ക്കാര്‍ വളരെ ഗംഭീരമായി കേരളത്തില്‍ യോഗാ ദിനം കൊണ്ടാടിയപ്പോള്‍, അവിടെ ഉയര്‍ന്ന ഒരു പ്രാര്‍ഥനാ ഗീതം, അതിന്റെ അര്‍ഥം പോലും തിരിച്ചറിയാന്‍ കഴിയാതെ, സംസ്കൃതത്തില്‍ ആയിരുന്നു എന്നുള്ള കേവല കാരണം കൊണ്ട് മാത്രം ശൈലജ ടീച്ചര്‍ അതിനെതിരെ രൂക്ഷമായി പ്രതികരിച്ചതായിരുന്നു. അത് ജനങ്ങളില്‍ കേവലം പരിഹാസം മാത്രമല്ല, അല്പം അമ്പരപ്പും കൂടി ഉണ്ടാക്കി.
അധികം വൈകിയില്ല, സുധാകരന്റെ ജെട്ടി പരാമര്‍ശം. ഹൈന്ദവ സന്യാസിമാര്‍ ജെട്ടി ധരിക്കില്ല പോലും. അത് ജനങ്ങളില്‍ പരിഹാസതെക്കാള്‍ പുച്ഛം ആണ് ഉണ്ടാക്കിയത്. എന്താണ് ഇവരുടെ ഭാവം എന്ന് ചിന്തിക്കുന്നതിലേക്ക് കാര്യങ്ങള്‍ കടന്നു.
ഒരിടവേളക്ക് ശേഷം നിലവിളക്ക് വിവാദവുമായി സുധാകരന്‍ മന്ത്രി തന്നെ എത്തി. . അതോടെ കാര്യങ്ങള്‍ ഏതാണ്ട് കൈവിട്ടുപോയി. മാര്‍ക്സിറ്റ് പ്രവര്‍ത്തകരും നേതാക്കളും തന്നെ പ്രതിഷേധവും പരിഹാസവുമായി രംഗതെത്തി. സീ പീ എം എം എല്‍ എ പി ശശി ചുട്ട മറുപടി തന്നെ സുധാകരന് കൊടുത്തു,. ഏതു ദൈവം തമ്പുരാന്‍ പറഞ്ഞാലും താന്‍ നിലവിളക്ക് കൊളുത്തുക തന്നെ ചെയ്യുമെന്ന് അദ്ദേഹത്തിന് പറയേണ്ടി വന്നു.
(എന്താണ് ഈ മന്ത്രിമാരുടെ ഉദ്ദേശം എന്ന് മനസ്സിലാവുന്നില്ല. നിലവിളക്കിനെയും യോഗയും ഒക്കെ മതപരമായി മാത്രം കാണാന്‍ കഴിയുന്ന, അത് നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാണ് എന്ന് വിശ്വസിക്കാന്‍ കഴിയാത്ത അല്പബുദ്ധി ആയിരിക്കാം കാരണം.)
അപ്പോഴാണ് മുഖ്യമന്ത്രി തന്നെ പൂക്കളം വിവാദമാക്കിയത്. ഓണക്കാലത്ത്, സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലിസമയത്ത് പൂക്കളം ഇടാന്‍ പാടില്ല അത്രേ. എന്തുകൊണ്ടാണ് ഇങ്ങിനെ ഒരു ഉത്തരവ് എന്ന് എത്ര ആലോചിച്ചിട്ടും ജനങ്ങള്‍ക്ക് മനസ്സിലാവുന്നില്ല. ഓണം എന്ന് പറയുന്നത് കേരളത്തിന്റെ ദേശീയോത്സവം എന്നാണു നമ്മള്‍ എല്ലാവരും പഠിച്ചിട്ടുള്ളത്. ഓണം പ്രമാണിച്ച് സര്‍ക്കാര്‍ തന്നെ ഒരുപാട് പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ആഘോഷങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്യുന്നുണ്ട് താനും. പിന്നെ ഈ പൂക്കളം…??? ജോലി സമയം അപഹരിക്കാതിരിക്കാനാണ്, ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാവാതിരിക്കാനാണ് എന്നൊക്കെ ന്യായം പറയാം എങ്കിലും അതൊക്കെ വിശ്വസിക്കാന്‍ മാത്രം പാവങ്ങള്‍ അല്ല കേരള ജനത. അങ്ങിനെയെങ്കില്‍ ജോലി സമയത്ത് യൂണിയന്‍ പ്രവര്‍ത്തനം ആവാമോ എന്നാ ചോദ്യവും ഉടലെടുക്കുന്നു.
ഈ വിഷയങ്ങളില്‍ ഒക്കെ സംഘ പരിവാര്‍ പ്രസ്ഥാനങ്ങള്‍ ചുരുക്കം ചില പ്രതികരണങ്ങള്‍ നടത്തി എങ്കിലും, വളരെ സൂക്ഷ്മമായി , ഒരു ചെറുപുഞ്ചിരിയോടെ കാര്യങ്ങള്‍ നിരീക്ഷിക്കുകയായിരുന്നു അവര്‍. ഇത്തരം മണ്ടത്തരങ്ങള്‍ ഇനിയും പോരട്ടെ, ഒടുവില്‍ ജനം എവിടെ ആര്‍ എസ് എസ്സുകാര്‍ എന്ന് അന്വേഷിക്കുന്ന അവസ്ഥ വരട്ടെ എന്നവര്‍ ഒരുപക്ഷെ തീരുമാനിച്ചു കാണും.
ആ അവസരത്തില്‍ ആണ് ശബരിമല സ്ത്രീ പ്രവേശന വിവാദം ഉണ്ടാവുന്നത്. വിവാദം ഉണ്ടാക്കിയവരുടെ പ്രസ്താവനകളും മറ്റും കാണുമ്പോള്‍ ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനമെയില്ല എന്ന് തോന്നിപ്പോകും, പക്ഷെ ചില കീഴ്വഴക്കങ്ങളും വിശ്വാസങ്ങളും മാത്രമാണ് യൌവ്വന യുക്തകളായ സ്ത്രീകള്‍ ശബരിമലയില്‍ കയറാതിരിക്കുന്നതിനു കാരണം എന്നുള്ള സത്യം എല്ലാവരും ബോധപൂര്‍വം മറച്ചു വെച്ചു. തന്നെയല്ല, വിശ്വാസികളായ സ്ത്രീകള്‍ ഒരിക്കലും ഈ കാര്യത്തിനു താല്‍പ്പര്യം കാണിച്ചിട്ടുമില്ല.
ഈ വിഷയത്തില്‍ വിശ്വാസികളെയും അവിശ്വാസികളേയും ഒരുപോലെ ഞെട്ടിച്ചത് ആര്‍ എസ് എസ്സിന്റെ നിലപാടാണ്. അവര്‍ ഒരിക്കലും സ്ത്രീകളെ ബലമായി ശബരിമലയില്‍ കയറ്റണം എന്ന് വാദിച്ചില്ല. , പക്ഷെ സ്ത്രീകളെ ശബരിമലയില്‍ കയറ്റാന്‍ പാടില്ല എന്നും പറഞ്ഞിട്ടില്ല. സാഹചര്യങ്ങള്‍ ഉരുത്തിരിഞ്ഞു വരട്ടെ, കാര്യങ്ങള്‍ ചര്‍ച്ചയാവട്ടെ, ഇതായിരുന്നു അവരുടെ നിലപാട്. ഒരിക്കലും തങ്ങളുടെ പ്രവര്‍ത്തകരോട് ശബരിമലയില്‍ പോകണം എന്നോ, വരുന്നവരെ തടയണം എന്നോ സംഘം പറഞ്ഞിട്ടില്ല. വേണ്ടത് ചെയ്യാന്‍ സംഘ പ്രവര്‍ത്തകര്‍ക്ക് അറിയാം എന്ന് നേതൃത്വത്തിന് അറിയാം.അതാണ് സത്യം എന്നാണു എന്റെ വിശ്വാസം. സമാനമായ വിഷയം ചില ഇതര മത വിശ്വാസികളുടെ ഇടയിലും നിലനില്‍ക്കുകയും ചെയ്യുന്നു, ആ കാര്യത്തില്‍ ശബരിമല വാദം ഉന്നയിക്കുന്നവരെക്കൊണ്ട് തന്നെ പ്രതികരിപ്പിക്കാനുള്ള ഒരു ഗൂഡ തന്ത്രവും സംഘപരിവാറിനു ഉണ്ട് എന്ന് തോന്നുന്നു.
എന്തായാലും പരിവാര്‍ ഒരു സമവായ നയം സ്വീകരിച്ചതോടെ, അല്ലെങ്കില്‍ സംഘര്‍ഷത്തിനു താല്‍പ്പര്യമില്ല എന്ന് വ്യക്തമാക്കിയതോടെ, ഈ പ്രശ്നവുമായി എത്തിയവരുടെ ആവേശം മുഴുവന്‍ ചോര്‍ന്നിരിക്കുകയാണ്. ആര്‍ എസ് എസ്സിനറിയാം, ശബരിമല എന്ന് പറയുന്നത് ഒരു വികാരമാണ് എന്ന്. അതില്‍ തൊട്ടാല്‍ ജനം പ്രതികരിക്കും എന്ന്. ഇതോടെ, വിശ്വാസികളായ, മുഴുവന്‍ ജനങ്ങളുടെയും പ്രശ്നമായി മാറിയിരിക്കുകയാണ് ശബരിമല സ്ത്രീ പ്രവേശനം. പ്രവേശന വാദികളെ എതിര്‍ക്കേണ്ടത് ഇപ്പോള്‍ മുഴുവന്‍ ഹൈന്ദവ വിശ്വാസികളുടെയും ആവശ്യമായി മാറിയിരിക്കുന്നു. ഇതുകൂടാതെ, അവര്‍ രഹസ്യമായി പലയിടത്തും ചോദിക്കുന്ന ചോദ്യം, യുവതികളായ കുടുംബാങ്ങങ്ങളും ആയി, ഈശ്വര വിശ്വാസികളായ എത്ര സഖാക്കള്‍ മലചവിട്ടും എന്നതാണ്. ആരും ഉണ്ടാവില്ല എന്നുതന്നെയല്ല, അങ്ങിനെ ആരെങ്കിലും ശ്രമിച്ചാല്‍ സഖാക്കളായ വിശ്വാസികള്‍ തന്നെ അതിനെ നിരുല്‍സാഹപ്പെടുതുകയും ചെയ്യും എന്നവര്‍ കരുതുന്നു. ചുരുക്കത്തില്‍ ആര്‍ എസ് എസ്സിന്റെ നിശബ്ദത, ഒരു ഹൈന്ദവ ഏകീകരണത്തിന് വിശ്വാസികളെ നിര്‍ബന്ധിതരാക്കിയിരിക്കുന്നു.
ശബരിമല വിഷയം അകത്തളങ്ങളില്‍ ഇരുന്ന സന്ഘപ്രവര്‍ത്തകരായ അമ്മമാരെയും യുവതികളെയും പുറത്തിറക്കി എന്ന വലിയ ഒരു നേട്ടം സംഘത്തിനു സമ്മാനിച്ചു എങ്കില്‍ കടകംപള്ളി സുരേന്ദ്രന്റെ , ദേവസ്വം ക്ഷേത്രങ്ങളില്‍ ശാഖ തടയും എന്ന പ്രസ്താവന നിഷ്ക്രിയരായിരുന്ന മുഴുവന്‍ സംഘ ബന്ധുക്കളെയും ഉണര്‍തിയിരിക്കുകയാണ്. സത്യത്തില്‍ അത് അനാവശ്യമായ ഒരു പരസ്യ പ്രസ്താവന ആയിരുന്നു. കാരണം, കേരളത്തിലെ ക്ഷേത്രങ്ങളില്‍ ചെറിയ ഒരു ശതമാനം മാത്രമാണ് ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ളത്. അതില്‍ തന്നെ സംഘ ശാഖകള്‍ നടക്കുന്നത് വളരെ ചെറിയ ഒരു ശതമാനം ക്ഷേത്രങ്ങളിലും. ബഹുഭൂരിപക്ഷം ക്ഷേത്രങ്ങളും ചില സംഘടനകളുടെയോ വ്യക്തികളുടെയോ അധീനതയില്‍ ഉള്ളതാണ്. സംഘ ശാഖകള്‍ കൂടുതലും നടക്കുന്നതും അങ്ങിനെ ഉള്ള ക്ഷേത്രങ്ങളിലാണ്. അവിടെ ഒന്നും ചെയ്യാന്‍ ശ്രീ കടകം പള്ളി സുരേന്ദ്രന് കഴിയില്ല എന്നതാണ് വാസ്തവം.
എന്തായാലും ഈ സര്‍ക്കാര്‍ വന്നതില്‍ പിന്നെ, നമ്മുടെ ആചാരാനുഷ്ടാനങ്ങള്‍ക്കും വിശ്വാസ പ്രമാണങ്ങള്‍ക്കും സാംസ്കാരിക പരിപാടികള്‍ക്ക് പോലും ഉണ്ടായിക്കൊണ്ടിരിക്കുന്ന എതിര്‍പ്പുകള്‍ ഒരു പരിധി വരെ ഗുണം ചെയ്തത് സംഘ പരിവാര്‍ പ്രസ്ഥാനങ്ങല്‍ക്കാണ്. ബഹുഭൂരിപക്ഷം വരുന്ന, നമ്മുടെ സംസ്കാരങ്ങളിലും ആചാരങ്ങളിലും വിശ്വസിക്കുന്ന ജനതയെ സംഘപരിവാറിന് അനുകൂലമായി ചിന്തിപ്പിക്കാന്‍ ഈ മന്ത്രിസഭയിലെ പ്രമുഖരായ മുഖ്യമന്ത്രിക്കും, ശ്രീ കടകംപള്ളിക്കും സുധാകരനും കൊടിയേരിക്കും ഒക്കെ കഴിഞ്ഞു എന്നത് പരിവാര്‍ പ്രസ്ഥാനങ്ങള്‍ എങ്കിലും വിസ്മരിക്കാന്‍ പാടില്ലാത്ത കാര്യമാണ്.
(ഈ ലേഖനത്തെക്കുറിച്ചുള്ള അഭിപ്രായങ്ങൾ സഭ്യമായ രീതിയിൽ താഴെ കമന്റ് ബോക്സിൽ എഴുതാവുന്നതാണ് ,താഴെ വരുന്ന ഏതൊരു അഭിപ്രായത്തിനും ലേഖകനോ പോർട്ടലോ ഉത്തരവാദി ആയിരിക്കില്ല എന്ന് അറിയിക്കുന്നു )