കോഴിക്കോട്: വടകര തൂണേരിയില്‍ വെള്ളിയാഴ്ച വൈകുന്നേരം മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ അസ്‍ലം കൊല്ലപ്പെട്ട സംഭവത്തില്‍ അക്രമികള്‍ ഉപയോഗിച്ച വാഹനം തിരിച്ചറിഞ്ഞു. എന്നാല്‍ യഥാര്‍ത്ഥ ഉടമ രണ്ട് വര്‍ഷം മുമ്പ് വാഹനം വിറ്റിരുന്നെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. അതേസമയം പ്രതികള്‍ കണ്ണൂര്‍ ജില്ലയിലേക്ക് കടന്നിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം കൂടുതല്‍ പേരിലേക്ക് വ്യാപിപ്പിച്ചു.
വെള്ളിയാഴ്ച വൈകുന്നേരം അസ്‍ലമും ഒപ്പമുണ്ടായിരുന്ന സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്കിനെ, ഇന്നോവ കാറില്‍ ഏറെ നേരം പിന്തുടര്‍ന്ന ശേഷമാണ് വെട്ടിക്കൊലപ്പെടുത്തിയത്. ഇതിനിടെ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് കാറിന്റെ നമ്പര്‍ കുറിച്ചെടുത്തിരുന്നു. ഈ നമ്പര്‍ പിന്തുടര്‍ന്നതിന്റെ അടിസ്ഥാനത്തിലാണ് വാഹനം തിരിച്ചറിഞ്ഞത്. എന്നാല്‍ ആര്‍.സി ഉടമ രണ്ട് വര്‍ഷം മുമ്പ് കാര്‍ വിറ്റിരുന്നെന്ന് പിന്നീട് കണ്ടെത്തി. രണ്ട് വര്‍ഷത്തിനിടെ ആറ് പേരോളം ഈ വാഹനം ഉപയോഗിച്ചിരുന്നെന്നാണ് വിവരം. എന്നാല്‍ ആരും രേഖകളിലെ പേര് മാറ്റിയിരുന്നില്ല. ഈ സാഹചര്യത്തില്‍ ഇവരെ ഓരോരുത്തരെയും കണ്ടെത്താനുള്ള പരിശ്രമത്തിലാണ് അന്വേഷണ സംഘം.
അതേസമയം കൊല നടത്തിയവര്‍ സംഭവത്തിന് ശേഷം കണ്ണൂര്‍ ജില്ലയിലേക്ക് കടന്നിട്ടുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ പേരിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. നാദാപുരത്തും പരിസര പ്രദേശങ്ങളിലും സമാധാനം പുനഃസ്ഥാപിക്കാന്‍ ലക്ഷ്യമിട്ട് ജില്ലാ കളക്ടര്‍ വിളിച്ചുചേര്‍ത്ത സര്‍വ്വകക്ഷി യോഗം ഇന്ന് രാവിലെ വടകര റസ്റ്റ് ഹൗസില്‍ നടക്കും. സമാധാനം പുനഃസ്ഥാപിക്കാന്‍ എല്ലാവരും മുന്‍കൈ എടുക്കണമെന്നും സാമൂഹ്യ മാധ്യമങ്ങളിലൂടെ അടക്കം ഇതിനെതിരായ പ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ അസ്‍ലം കൊല്ലപ്പെട്ട സംഭവത്തില്‍ അക്രമികള്‍ ഉപയോഗിച്ച വാഹനം തിരിച്ചറിഞ്ഞു
