വളരെ സങ്കടകരമായ ഒരു കാര്യമാണ് എന്ന് പറഞ്ഞാണ് കഴിഞ്ഞ ദിവസം മോഹൻലാല്‍ ബിഗ് ബോസ് വീട്ടിലേക്ക് പ്രേക്ഷകരെ ക്ഷണിച്ചത്.
പ്രേക്ഷകരുടെ വോട്ടിന്റെ അടിസ്ഥാനത്തിലാണ് പുറത്തുപോകേണ്ട ആളെ തീരുമാനിക്കുക. എവിക്ഷനുള്ള പട്ടിക തയ്യാറാക്കുന്നത് മത്സരാര്‍ഥികളുടെ തന്നെയുള്ള നോമിനേഷന്റെ അടിസ്ഥാനത്തിലുമാണ്. എന്നാല്‍ കഴിഞ്ഞ ദിവസം വളരെ അപ്രതീക്ഷിതമായി ഒരാള്‍ പടിയിറങ്ങുന്നത് കാണിച്ചുകൊണ്ടാണ് ബിഗ് ബോസ് എപ്പിസോഡ് തുടങ്ങിയത്.
വൈല്‍ഡ് കാര്‍ഡ് എൻട്രിയായി എത്തിയ മണികണ്ഠനെ ബിഗ് ബോസ് കണ്‍ഫെഷൻ റൂമിലേക്ക് വിളിപ്പിക്കുന്നതായിരുന്നു ആദ്യം കണ്ടത്.
കണ്‍ഫെഷൻ റൂമിലേക്ക് എത്തിയ മണികണ്ഠനോട് ബിഗ് ബോസ് അദ്ദേഹത്തിന്റെ ആരോഗ്യകാര്യങ്ങളെ കുറിച്ച് സംസാരിച്ചു. മണികണ്ഠൻ നിങ്ങളുടെ വീട്ടില്‍ നിന്ന് നിങ്ങളുടെ ഡോക്ടറായ ആര്‍കെ പ്രഭുവില്‍ നിന്ന് ഒരു പ്രിസ്ക്രിപ്ഷൻ അയച്ചുതന്നിരുന്നു. പ്രത്യേക നിര്‍ദ്ദേശ പ്രകാരം നിങ്ങളുടെ ആരോഗ്യകാര്യത്തില്‍ ശ്രദ്ധയും ഡയറ്റും മരുന്നും വിശ്രമവും അത്യാവശ്യമാണ്. ദിവസവും നാല് നേരവുമുള്ള പ്രമേഹ പരിശോധനയും അതിനുശേഷമുള്ള ഇൻസുലിൻ കുത്തിവയ്പ്പുമാണ് ഡോക്ടര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഈ വീട്ടിലെ മുന്നോട്ടുള്ള യാത്രയില്‍ കഠിനമായ മത്സരങ്ങളും കൃത്യമായ ഭക്ഷണ ക്രമവും പിന്തുടരാൻ പറ്റാത്ത സാഹചര്യങ്ങളും ഇവിടെ ഉണ്ടായേക്കാം. ഈ അവസ്ഥയില്‍ ഈ ഷോയില്‍ തുടരുന്നതിനേക്കാള്‍ നിങ്ങളുടെ ആരോഗ്യത്തിന് അഭികാമ്യം കൃത്യമായി ഇതെല്ലാം ചെയ്യാൻ സാഹചര്യം ലഭിക്കുന്ന സ്വന്തം വീട്ടില്‍ നില്‍ക്കുന്നതായിരിക്കും, കാരണം നിങ്ങളുടെ ആരോഗ്യം ഞങ്ങള്‍ക്ക് വളരെ പ്രധാനമാണ്. അതുകൊണ്ട് പ്രത്യേക ശ്രദ്ധ ആവശ്യമായ താങ്കളുടെ ആരോഗ്യപ്രശ്നങ്ങള്‍ കണക്കിലെടുത്ത് അത് പരിപാലിക്കുന്നതും വിശ്രമിക്കുന്നതുമാണ് ഉചിതമെന്ന് ഞങ്ങള്‍ മനസിലാക്കുന്നു.നിങ്ങള്‍ എന്തുപറയുന്നുവെന്നും ബിഗ് ബോസ് ചോദിച്ചു.
ബിഗ് ബോസ് എന്തു പറഞ്ഞാലും അനുസരിക്കാം എന്നായിരുന്നു മണികണ്ഠന്റെ മറുപടി. നിങ്ങള്‍ മികച്ച ഒരു മത്സരാര്ഥിയാണ്. ചില സാഹചര്യങ്ങള്‍ ചില ഘട്ടങ്ങളില്‍ നമ്മെ പിന്തുണയ്ക്കാറില്ല. അത് നിങ്ങളെ പോലെ പക്വതയുള്ള ഒരു മനുഷ്യന് വ്യക്തമാകുമെന്ന് ഞങ്ങള്‍ കരുതുന്നുവെന്ന് ബിഗ് ബോസ് അറിയിച്ചു.ഇങ്ങനെ ഒരു ഷോയില്‍ പങ്കെടുക്കാൻ പറ്റിയതില്‍ സന്തോഷവാനാണ് എന്ന് മണികണ്ഠൻ പറഞ്ഞു. മോഹൻലാലിന്റെ അടുത്തുനില്ക്കാൻ തനിക്ക് കഴിഞ്ഞു. ലോകം മുഴുവൻ ആഗ്രഹിക്കുന്ന, എല്ലാ മലയാളികളും സ്വപ്നം കാണുന്ന ഒരു ഷോയില്‍ കുറച്ച് ദിവസമെങ്കിലും പങ്കെടുക്കാൻ പറ്റി. പക്ഷേ ആരോഗ്യം ഒരു പ്രശ്നമാണ്. തീര്‍ച്ചയായും തനിക്ക് സന്തോഷമേയുള്ളൂവെന്നും മണികണ്ഠൻ പറഞ്ഞു. രോഗാവസ്ഥ ആരുടെയും ഒരു തെറ്റല്ല. അതുകൊണ്ടാണ് നിര്‍ഭാഗ്യവശാല്‍ ഇങ്ങനെയൊക്കെ സംഭവിക്കേണ്ടി വന്നത്. എല്ലാ വിധ ആശംസകളും നേരുന്നുവെന്നും പറഞ്ഞ് ബിഗ് ബോസ് മണികണ്ഠനെ പുറത്തേക്കുള്ള വഴി തുറന്നു കൊടുത്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.