പുതുവത്സരാഘോഷത്തിന് വിലക്ക്; നഗരത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു

ബെംഗളൂരു: നഗരത്തിൽ പുതുവത്സരാഘോഷത്തിന് വിലക്ക്. ഡിസംബർ 31-ന് വൈകീട്ട് ആറുമുതൽ ജനുവരി ഒന്ന് രാവിലെ ആറുവരെ നഗരത്തിൽ സി.ആർ.പി.സി.144(1)പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചതായി ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണർ കമൽപന്ത് അറിയിച്ചു.

പുതുവത്സരാഘോഷങ്ങൾക്കിടെ ആൾക്കൂട്ടമുണ്ടാകുന്നത് ഒഴിവാക്കാൻ നേരത്തേ നൈറ്റ് കർഫ്യൂ പ്രഖ്യാപിച്ചിരുന്നെങ്കിലും വ്യാപക എതിർപ്പുയർന്നതോടെ പിൻവലിച്ചിരുന്നു. ഇതോടെയാണ് പുതുവത്സരാഘോഷത്തിന് വിലക്ക് ഏർപ്പെടുത്തിയതും നഗരത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചതും.

പുതിയ തരം കോവിഡ് വ്യാപനം ഉയർത്തുന്ന ഭീഷണിയുടെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. ഇതുപ്രകാരം പൊതുസ്ഥലങ്ങളിലും തുറസ്സായ സ്ഥലങ്ങളിലും മറ്റും അഞ്ചിലധികംപേർ ഒത്തുചേരുന്ന പുതുവത്സരാഘോഷം നഗരത്തിൽ കർശനമായി നിരോധിച്ചു.

ഒരു തരത്തിലുള്ള ആഘോഷങ്ങളും അനുവദിക്കില്ല. പാർക്ക്, ഗ്രൗണ്ട് എന്നിവിടങ്ങളിൽ ആളുകൾ ഒത്തുകൂടുന്നത് അനുവദിക്കില്ല. എന്നാൽ റെസിഡൻഷ്യൽ കോംപ്ലക്‌സുകളിലും ക്ലബ്ബുകളിലും അവിടത്തെ അംഗങ്ങൾ നടത്തുന്ന പ്രത്യേക ചടങ്ങുകളില്ലാതെ ആഘോഷങ്ങൾ അനുവദിക്കും.

ഹോട്ടലുകൾ, മാളുകൾ, റസ്‌റ്റോറന്റുകൾ, ക്ലബ്ബുകൾ, മദ്യശാലകൾ, തുടങ്ങിയയിടങ്ങളിൽ പുതുവത്സരാഘോഷത്തിന്റെ ഭാഗമായി പ്രത്യേക പരിപാടികളൊന്നും അനുവദിക്കില്ല.

സംഗീതപരിപാടികളോ മറ്റ് അവതരണങ്ങളോ ഇത്തവണയുണ്ടാകില്ല. ഇവിടങ്ങളിലെല്ലാം കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം.

റിസോർട്ടുകളിലും മറ്റും മുൻകൂട്ടി ബുക്കുചെയ്തവരെ മാത്രമേ അനുവദിക്കൂ. ഇവയുടെ മുമ്പിൽ ആളുകൾ കൂടിനിൽക്കാൻ അനുവദിക്കില്ല.

പുതുവത്സരാഘോഷങ്ങൾ നിയന്ത്രിക്കാൻ കർശനമായ നടപടികൾ സ്വീകരിക്കണമെന്ന് സിറ്റി പോലീസ് കമ്മിഷണർക്ക് ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മെയും നിർദേശം നൽകിയിരുന്നു.

ഈവർഷം സുരക്ഷ പരിഗണിച്ച് ആഘോഷങ്ങൾ വീടുകൾക്കുള്ളിൽത്തന്നെ ഒതുക്കാൻ തയ്യാറാകണമെന്നാണ് സംസ്ഥാന സർക്കാർ നിർദേശം നൽകിയിരുന്നു.

നഗരത്തിന് സമീപപ്രദേശങ്ങളിലുള്ള വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്ക് പുതുവത്സരദിനത്തിൽ പ്രവേശിക്കുന്നതിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

നഗരത്തിൽ ഏറ്റവുംകൂടുതൽ ആഘോഷങ്ങൾ നടന്നിരുന്ന എം.ജി. റോഡിലും ബ്രിഗ്രേഡ് റോഡിലും ഇത്തവണ ആഘോഷങ്ങളൊന്നുമുണ്ടാകില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us