ബെംഗളൂരു: ഇനിമുതൽ നഗരത്തിൽ പുതിയ വാഹനം വാങ്ങുന്നതിന് വീട്ടിൽ വാഹനം നിർത്താനുള്ള സൗകര്യം വേണമെന്ന് നിർദ്ദേശം. പാർക്കിങ് സൗകര്യം ഇല്ലാത്തവർക്ക് പുതിയ വാഹനം വാങ്ങുന്നതിന് വിലക്കേർപ്പെടുത്തുന്നതുൾപ്പെടെയുള്ള നിർദേശങ്ങളുമായി ബെംഗളൂരുവിന് പ്രത്യേക പാർക്കിങ് നയം വരുന്നു.
മുൻപ് അർബൻ ലാൻഡ് ട്രാൻസ്പോർട്ട് ഡയറക്ടറേറ്റ് തയ്യാറാക്കിയ കരട് പാർക്കിങ് നയത്തിൽ ആവശ്യമായ മാറ്റങ്ങൾവരുത്തി മന്ത്രിസഭയുടെ അനുമതിക്ക് സമർപ്പിക്കാൻ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ ചീഫ് സെക്രട്ടറി ടി.എം. വിജയ് ഭാസ്കറിന് നിർദേശം നൽകി. ഗതാഗതവകുപ്പ് ഉദ്യോഗസ്ഥരും കോർപ്പറേഷൻ, ബി.ഡി.എ. ഉദ്യോഗസ്ഥരും മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽചേർന്ന യോഗം പാർക്കിങ് നയത്തിന്റെ കരട്‌രേഖ കഴിഞ്ഞദിവസം ചർച്ചചെയ്തിരുന്നു.
ഇനിമുതൽ പുതുതായി വാങ്ങുന്ന വാഹനങ്ങൾക്ക് പാർക്കിങ് പെർമിറ്റ് നിർബന്ധമാക്കുക, സൗജന്യ പാർക്കിങ്ങിനുപകരം മുഴുവൻ പ്രദേശങ്ങളിലും പണംനൽകിയുള്ള പാർക്കിങ് സംവിധാനം, ഗതാഗതക്കുരുക്കിന് ഇടനൽകാത്തവിധമുള്ള പാർക്കിങ് എന്നിവയാണ് ‘പാർക്കിങ് പോളിസി 2.0’ എന്നുവിശേഷിപ്പിക്കുന്ന നയത്തിന്റെ കാതൽ.
നിലവിൽ നഗരത്തിൽ വാഹനങ്ങൾ പാർക്കുചെയ്യുന്ന സംവിധാനങ്ങൾക്ക് സമഗ്രമായ മാറ്റം ആവശ്യമാണെന്ന് കരടുനയത്തിൽ പറയുന്നു. അതേസമയം, വാഹനങ്ങൾക്ക് പാർക്കിങ് വേണമെന്നുള്ള നിർദേശം കനത്ത പ്രതിഷേധത്തിന് വകവെക്കുമെന്ന ആശങ്കയും അധികൃതർക്കുണ്ട്.
രണ്ടുവർഷംമുമ്പും സമാനമായ ആലോചന നടത്തിയിരുന്നെങ്കിലും കാര്യമായ നടപടികളൊന്നും പിന്നീടുണ്ടായില്ല. വലിയ ചരക്കുവാഹനങ്ങളിൽനിന്ന് പകൽസമയത്ത് സാധനങ്ങൾ ഇറക്കുന്നതിനും നിയന്ത്രണം വേണമെന്നും നിർദേശമുണ്ട്. ഇത്തരം വാഹനങ്ങൾ മാർക്കറ്റുകൾക്കുസമീപം നിർത്തിയിടുന്നത് വലിയ ഗതാഗതക്കുരുക്കാണ് സൃഷ്ടിക്കുന്നത്. ഏഴുവർഷത്തിനിടെ നഗരത്തിലെ വാഹനങ്ങളുടെ എണ്ണം കുത്തനെ വർധിച്ചതായാണ് കണക്ക്.
1.2 കോടിയാണ് ബെംഗളൂരുവിലെ ജനസംഖ്യ. എന്നാൽ, 80 ലക്ഷത്തോളം വാഹനങ്ങളാണ് നഗരത്തിലുള്ളത്. ഗതാഗതക്കുരുക്ക് നിയന്ത്രിക്കാനുള്ള പരിശ്രമങ്ങൾക്കൊപ്പം നഗരത്തിലെ പാർക്കിങ് സംവിധാനം വിപുലീകരിക്കണമെന്ന് നേരത്തേ ഈ രംഗത്തെ വിദഗ്ധർ നിർദേശിച്ചിരുന്നു. പുതിയ വാഹനം വാങ്ങുമ്പോൾ വീട്ടിൽ ഇവ നിർത്താനുള്ള സൗകര്യമുണ്ടെന്ന് തെളിയിക്കുന്ന രേഖകൾ ഹാജരാക്കണമെന്ന നിർദേശം പ്രാബല്യത്തിൽ വന്നാൽ പ്രതിസന്ധിയിലാകുന്നത് ഒട്ടേറെപ്പേരാണ്.
പേയിങ് ഗസ്റ്റ്(പി.ജി.) സ്ഥാപനങ്ങളിൽ താമസിക്കുന്നവർക്കാണ് ആശങ്കകൾ ഏറെയും. ഒട്ടുമിക്ക പി.ജി.കളിലും വാഹനങ്ങൾ നിർത്താനുള്ള സംവിധാനങ്ങളില്ല. എന്നാൽ, വാഹനങ്ങൾ വാങ്ങുമ്പോൾ ഏതുതരത്തിലുള്ള രേഖകളാണ് ഹാജരാക്കേണ്ടതെന്നുസംബന്ധിച്ച് ഇതുവരെ കാര്യമായ ചർച്ചകളൊന്നും നടന്നിട്ടില്ല. നാലുചക്രവാഹനങ്ങൾ വാങ്ങുമ്പോൾ പാർക്കിങ് സൗകര്യം തെളിയിക്കുന്ന രേഖകൾ ഹാജരാക്കണമെന്ന് നേരത്തേയും നിർദേശമുയർന്നിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.