ബെംഗളൂരു: രണ്ടുവർഷമായി നഗരത്തിലെ സാഖ്റ വേൾഡ് ആശുപത്രിയിൽ നഴ്സായി ജോലി ചെയ്യുകയായിരുന്നു കൊല്ലം എഴുകോൺ എടക്കാട് ഐശ്വര്യയിൽ ശശിധരന്റെ മകൻ അതുൽ ശശിധരൻ.
കഴിഞ്ഞ വെളളിയാഴ്ച രാവിലെ ജോലിക്കെത്തിയ അതുലിനെ പതിനൊന്നരയോടെ കോവിഡ് കെയർ ഐസിയുവിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.
നഴ്സുമാരുടെ സംഘടനയുടെ പ്രവർത്തനത്തിൽ സജീവമായിരുന്ന അതുലിനോട് ആശുപത്രി അധികൃതർക്ക് വിരോധമുണ്ടായിരുന്നുവെന്നും അതിനാൽ അധിക ജോലി അടിച്ചേൽപ്പിച്ച് അതുലിനെ ആശുപത്രി അധികൃതർ പീഡിപ്പിച്ചിരുന്നതായും ബന്ധുക്കൾ പറയുന്നു. അതുലിന്റെ മരണത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് ഐഎൻഎ കർണാടക ഘടകം പ്രാദേശിക പോലീസിൽ പരാതി നൽകി.
അതുലിന്റെ ബന്ധു പറയുന്നതിങ്ങനെ: “ആശുപത്രി അധികൃതർ പറയുന്ന കാര്യങ്ങളിൽ വ്യക്തതയില്ല. അവർ പലരീതിയിലാണ് സംസാരിക്കുന്നത്. ആദ്യം അറിഞ്ഞത് ഹൃദയാഘാതത്തെ തുടർന്ന് ശുചിമുറിയിൽ കുഴഞ്ഞുവീണെന്നാണ്. പിന്നീട് ആത്മഹത്യ ചെയ്തതായി പറഞ്ഞു.”
അതുലിന്റെ മരണത്തിന് പിന്നിൽ എന്തെങ്കിലും ദുരൂഹതയുണ്ടെങ്കിൽ അത് പുറത്തുകൊണ്ടുവരണമെന്നും ഈ വിഷയത്തിൽ വിശദമായ അന്വേഷണം വേണമെന്നും കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് കേരള മുഖ്യമന്ത്രിക്കും കേന്ദ്ര ആഭ്യന്തരമന്ത്രിക്കും പരാതി നൽകാൻ തീരുമാനിച്ചിട്ടുണ്ടെന്നും ബന്ധുക്കൾ പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.