ശക്തമായ മഴയിലും നഗരത്തിൽ ഇനി വെള്ളക്കെട്ട് ഉണ്ടാവില്ല, മരം വീഴ്ചയ്ക്കും പരിഹാരം; കാരണം ഇതാണ്

ബെംഗളൂരു: ശക്തമായ മഴയിലും നഗരത്തിൽ ഇനി വെള്ളക്കെട്ട് ഉണ്ടാവാതിരിക്കാനും മരം വീഴ്ചയ്ക്ക് പരിഹാരം കാണാനും അധികൃതർ മുന്നൊരുക്കങ്ങൾ തുടങ്ങി. നഗരത്തിൽ 209 വെള്ളപ്പൊക്ക സാധ്യതാ പ്രദേശങ്ങൾ കണ്ടെത്തിയതിനെത്തുടർന്ന് മുന്നൊരുക്കങ്ങൾ ശക്തമാക്കിയത്.

ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന നിർമാണ പ്രവർത്തനങ്ങൾ അതിവേഗം പൂർത്തിയാക്കാൻ കോർപ്പറേഷൻ നിർദേശം നൽകിയിട്ടുണ്ട്.

ഓവുചാലുകളിലൂടെയുള്ള ഒഴുക്ക് തടസ്സപ്പെടുന്നതാണ് നഗരത്തിൽ വെള്ളപ്പൊക്കമുണ്ടാകുന്നതിന്റെ പ്രധാന കാരണമായി വിവിധ ഏജൻസികൾ കണ്ടെത്തിയത്. നഗരത്തിലെ വിവിധ ഭാഗങ്ങളിൽ ഓവുചാലുകളിലെയും കനാലുകളിലെയും ഒഴുക്ക് സുഗമമാക്കുന്ന പ്രവർത്തനവും നടന്നുവരികയാണ്.

ഇത്തവണ ഇത്തരം പ്രശ്നങ്ങൾ മഴ ശക്തമാകുന്നതിന് മുമ്പേ പരിഹരിക്കാനാണ് കോർപ്പറേഷൻ ലക്ഷ്യമിടുന്നത്. ഓഗസ്റ്റ് മാസത്തിൽ ആദ്യആഴ്ചകളിൽ സാധാരണയുണ്ടാകുന്ന മഴ ഇതുവരെ നഗരത്തിൽ പെയ്തിട്ടില്ലെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിരുന്നു.

നഗരത്തിൽ നിലവിൽ യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വടക്കൻ കർണാടകത്തിലും തീരദേശ ജില്ലകളിലും മഴ ശക്തമായ സാഹചര്യത്തിൽ ഏതുസമയവും ബെംഗളൂരുവിലും കനത്ത മഴപെയ്യാനുള്ള സാധ്യത അധികൃതർ തള്ളിക്കളയുന്നില്ല.

നഗരത്തിൽ വെള്ളപ്പൊക്കത്തിന് സാധ്യതയുള്ള പ്രദേശങ്ങളിൽ സെൻസറുകൾ സ്ഥാപിക്കുന്ന പ്രവർത്തനവും പുരോഗമിക്കുകയാണ്. മഴക്കാല മുന്നൊരുക്കങ്ങൾക്കായി റവന്യൂവകുപ്പ് അനുവദിച്ച 50 കോടിരൂപയിൽനിന്ന് 15 കോടിരൂപയാണ് സെൻസറുകൾ സ്ഥാപിക്കാൻ കോർപ്പറേഷൻ നീക്കിവെച്ചിരിക്കുന്നത്.

28 പ്രദേശങ്ങളിലാണ് ഇതുവരെ സെൻസറുകൾ സ്ഥാപിച്ചത്. മുഴുവൻ പ്രദേശങ്ങളിലും സെൻസറുകൾ സ്ഥാപിക്കുന്നതോടെ വെള്ളപ്പൊക്കം മുൻകൂട്ടി കണ്ട് നടപടികൾ സ്വീകരിക്കാൻ കഴിയുമെന്ന് അധികൃതർ പറയുന്നു.

ഇത്തവണ റോഡുകളുടെ അറ്റകുറ്റപ്പണി അതിവേഗം പൂർത്തിയാക്കാൻ അധികൃതർ കരാറുകാർക്ക് നിർദേശം നൽകിയിട്ടുണ്ട്. അതത് ഡിവിഷൻ എൻജിനിയർമാർക്കാണ് റോഡുകൾ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്താനുള്ള ചുമതല. കഴിഞ്ഞവർഷങ്ങളിൽ റോഡുകളിലെ കുഴികളിൽ വീണുണ്ടായ അപകടങ്ങളിൽ ഒട്ടേറെ യാത്രക്കാരാണ് മരിച്ചത്. ചെറുമഴയിൽപ്പോലും വെള്ളം റോഡിലൂടെ കുത്തിയൊലിക്കുന്ന സാഹചര്യമാണ് നഗരത്തിലുള്ളത്.

മരങ്ങൾ മുറിച്ചുമാറ്റുന്നതിൽ മുൻ വർഷങ്ങളിൽ വ്യാപകമായി കാലതാമസം നേരിട്ടെന്ന് പരാതികൾ ഉയർന്നിരുന്നു. ഇത്തവണ 28 പ്രത്യേക സംഘങ്ങളെയാണ് ഇതിനുവേണ്ടി നിയോഗിച്ചിരിക്കുന്നത്. അപകട വിവരം കൺട്രോൾ റൂമിൽ ലഭ്യമായാൽ അരമണിക്കൂറിനുള്ളിൽ സംഘാംഗങ്ങൾ പ്രദേശത്തെത്തുന്ന സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.

ബെസ്‌കോമിന്റെ നേതൃത്വത്തിലും പ്രത്യേക സംഘങ്ങൾ രൂപവത്‌കരിച്ചിട്ടുണ്ട്. കനത്ത മഴയിൽ മരങ്ങളും വൈദ്യുതപോസ്റ്റുകളും റോഡുകളിലേക്കും വാഹനങ്ങളിലേക്കും വീഴുന്നതാണ് മറ്റൊരു പ്രധാന വെല്ലുവിളി. ഇതിന് പരിഹാരം കാണാനാണ് പ്രത്യേക സംഘത്തെ രൂപീകരിച്ചിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us