കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വിമാനം റൺവേയിൽ നിന്നും തെന്നിമാറി അപകടത്തിൽ പെട്ട സംഭവത്തിൽ 19 പേർ മരിച്ചു. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത എന്നാണ് റിപ്പോർട്ട്.
ക്രാഷ് ലാൻഡിങ്ങിനിടെ എയർഇന്ത്യ വിമാനം റൺവേയിൽനിന്ന് തെന്നിമാറി 120 അടി താഴേക്കുപതിച്ച് രണ്ടായി മുറിഞ്ഞു. കോക്പിറ്റ് ഉൾപ്പെടുന്ന ഭാഗം മതിലിൽ ഇടിച്ചാണ് നിന്നത്. വലത് ചിറക് തകർന്ന് തെറിച്ചു. വിമാനത്തിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നിരുന്നു. കൊക്ക്പിറ്റിന് തൊട്ടുപിന്നിലുള്ളവർക്കാണ് ഗുരുതരമായ പരിക്കുകൾ ഉള്ളത്.
വിമാനത്തിന് തീ പിടിക്കാത്തതാണ് വലിയ ഭാഗ്യം എന്നുതന്നെ പറയാം. കനത്ത മഴയും മൂടൽ മഞ്ഞും ഉണ്ടായിരുന്നു. ഇതിനാൽ 7.40- നെത്തിയ വിമാനം മൂന്നുതവണ ചുറ്റിപ്പറന്ന ശേഷമാണ് ഇറങ്ങിയത്.
സാധാരണ റൺവേയുടെ കിഴക്ക് ഭാഗത്ത് നിന്നാണ് ലാന്റ് ചെയ്യുന്നത്. ഈ വിമാനം പടിഞ്ഞാറ് ഭാഗത്ത് നിന്നാണ് ലാന്റ് ചെയ്തത്. റൺവേയുടെ ടെച്ചിങ് ലൈൻ പകുതിയോളം കഴിഞ്ഞാണ് നിലത്തിറങ്ങിയതെന്ന് കരുതുന്നു. അപകടം മനസ്സിലാക്കിയ പൈലറ്റ് മാനുവൽ ബ്രേക്കിങ് സിസ്റ്റം ഉപയോഗിച്ച് നിർത്താൻ ശ്രമിച്ചതായി സൂചനയുണ്ട്.
കനത്ത മഴയിൽ നിയന്ത്രണം വിട്ട് താഴേക്ക് പതിക്കുകയായിരുന്നു. വേഗത കുറവായതിനാലും വിമാനത്തിന് തീ പിടിക്കാത്തതിനാലുമാണ് പൂർണമായ തകർച്ചയിൽ നിന്ന് രക്ഷപ്പെട്ടത്. അതുകൊണ്ടുതന്നെ തലനാരിഴയ്ക്ക് ഒഴിഞ്ഞുപോയ ഈ കരിപ്പൂർ ദുരന്തം നമ്മളെ കൊണ്ടുപോകുന്നത് പത്തു വർഷം പഴക്കമുള്ള മംഗലാപുരം വിമാനപകടത്തിലേക്കാണ്.
166 പേരുമായി 2010 മെയ് 21 ന് രാത്രി ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും മംഗലാപുരത്തേയ്ക്ക് പറന്നെത്തിയ വിമാനമാണ് ലാൻഡിങിന് തൊട്ടുമുൻപ് തീപിടിച്ച് അപകടത്തിൽപെട്ടത്.
രാവിലെ ആറരയോടെ Air India Express ന്റെ വിമാനം മംഗലാപുരം ബജ്പെ വിമാനത്താവളത്തിൽ ലാൻഡിങ്ങിന് ഒരുങ്ങുന്നതിനിടെ ആയിരുന്നു അപകടം. വിമാനം റൺവേയിൽ നിന്നും തെന്നിമാറി മൺതിട്ടയിൽ ഇടിക്കുകയായിരുന്നു. വീണ്ടും മുന്നോട്ട് നീങ്ങിയ വിമാനത്തിന്റെ ചിറകുകൾ കോൺക്രീറ്റ് ടവറിൽ ഇടിക്കുകയും ഇടിയുടെ ആഘാതത്തിൽ ഇന്ധനം ചോർന്ന് നിമിഷങ്ങൾക്കുള്ളിൽ വിമാനം കത്തിയമരുകയായിരുന്നു.
ഇതിൽ 8 യാത്രാക്കാർ മാത്രം അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ഇന്ത്യയിൽ നടന്ന മൂന്നാമത്തെ വലിയ വിമാന അപകടമായിരുന്നു ഇത്. മൃതദേഹങ്ങൾ മിക്കതും കത്തികരിഞ്ഞുപോയതിനാൽ ആരേയും തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. ഒടുവിൽ ഒന്നിച്ചു സംസ്ക്കരിക്കുകയായിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.