ബെംഗളൂരു: കോവിഡ് സംശയമുള്ള മരണങ്ങളിൽ മൃതദേഹം വിട്ടുകൊടുക്കാൻ പരിശോധനഫലത്തിനായി കാത്തിരിക്കേണ്ടെന്ന് കർണാടകസർക്കാർ.
കോവിഡ് പരിശോധനഫലം വൈകുന്നതിനെത്തുടർന്ന് മൃതദേഹം വിട്ടുകിട്ടുന്നതിലുള്ള കാലതാമസം ഒഴിവാക്കാനാണ് സർക്കാർ പുതിയ മാർഗനിർദേശം പുറത്തിറക്കിയത്.
ആശുപത്രിയിലോ വീട്ടിലോ മരിക്കുന്നവരുടെ മൃതദേഹം പരിശോധനയ്ക്കുശേഷമാണ് ബന്ധുക്കൾക്ക് വിട്ടുകൊടുത്തിരുന്നത്.
ഇതിനായി ഒരാഴ്ചവരെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കുകയാണു പതിവ്.
കോവിഡ് ബാധിച്ചു മരിക്കുന്നവരുടെ എണ്ണം കൂടിയതോടെ മൃതദേഹം സൂക്ഷിക്കാൻ ആശുപത്രി മോർച്ചറികളിൽ സൗകര്യമില്ലാതായി.
ഇത്തരമൊരു സാഹചര്യത്തിലാണ് പുതിയ തീരുമാനം.
ആശുപത്രിയിലോ വീട്ടിലോവെച്ച് മരിക്കുന്നവർക്ക് കോവിഡ്ബാധ സംശയമുണ്ടെങ്കിലും ഇനി വേഗത്തിൽ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കാം.
ലോക്ഡൗൺ നിയന്ത്രണം പാലിച്ച് ശ്മശാനങ്ങളിൽ സംസ്കരിക്കാം. മൃതദേഹത്തിൽനിന്നു ശേഖരിക്കുന്ന സാംപിൾപരിശോധനറിപ്പോർട്ട് വരുന്നതുവരെ കുടുംബാംഗങ്ങളെ നിരീക്ഷണത്തിലാക്കും.
പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചാൽ കുടുംബാംഗങ്ങളെ ഐസൊലേഷനിലാക്കി ചികിത്സിക്കും.
രോഗലക്ഷണമുണ്ടെങ്കിൽ കോവിഡ് കെയർ സെന്ററിലേക്കു മാറ്റണമെന്നും നിർദേശമുണ്ട്.
നിലവിൽ രോഗലക്ഷണമില്ലാത്തവരെ വീടുകളിലാണ് ചികിത്സിക്കുന്നത്.
കോവിഡ് ബാധിച്ചു മരിക്കുന്നവരെ പ്രത്യേകം സജ്ജമാക്കിയ ശ്മശാനങ്ങളിലാണ് സംസ്കരിക്കുന്നത്. ഇതിനാണ് ഇപ്പോൾ മാറ്റംവരുത്തിയത്.
പുതിയ മാർഗനിർദേശമനുസരിച്ച് കോവിഡ് സംശയമുള്ള ആൾ മരിച്ചാൽ മൃതദേഹം ബന്ധുക്കൾ വേഗത്തിൽ ശ്മശാനത്തിലെത്തിച്ച് സംസ്കരിക്കണം.
ഇതിനായി ബന്ധപ്പെട്ട ആശുപത്രി താത്കാലിക സർട്ടിഫിക്കറ്റ് നൽകും. വീട്ടിൽവെച്ച് പെട്ടെന്ന് മരിക്കുകയാണെങ്കിൽ മരിച്ചയാളുടെ ഫോട്ടോ എടുക്കണം.
മൃതദേഹത്തിൽ സംശയാസ്പദമായതരത്തിൽ മുറിവുകളില്ലെന്ന് കോർപറേഷൻ ഹെൽത്ത് ഓഫീസർ ഉറപ്പാക്കണം.
കുടുംബാംഗങ്ങളെ പ്രാഥമികസമ്പർക്കമുള്ളവരായി കണക്കാക്കി ക്വാറന്റീനിൽ നിർത്തും.
മരിക്കുന്നവരുടെ ആധാർ വിവരങ്ങൾ അടക്കം എല്ലാ വിവരങ്ങളും ആശുപത്രിയും കോർപറേഷൻ ആരോഗ്യവകുപ്പും സൂക്ഷിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.