തിരുവനന്തപുരം: ഇതര സംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളെ തിരിച്ചെത്തിക്കാൻ നോൺ സ്റ്റോപ്പ് ട്രെയിനുകൾ അനുവദിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു.
കേരളത്തിൽ നിന്ന് പുറത്തേക്ക് അന്യസംസ്ഥാന തൊഴിലാളികളെ കൊണ്ടുപോകുന്ന ട്രെയിനുകൾ മലയാളികളെ തിരിച്ചെത്തിക്കാൻ ഉപയുക്തമാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
അതേ സമയം ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള മലയാളികളുടെ ആദ്യ സംഘം രാവിലെ കേരളത്തിലെത്തി.
പാലക്കാട് വാളയാർ ചെക്പോസ്റ്റിലാണ് ആദ്യ വാഹനമെത്തിയത്. രാവിലെ എട്ടോടെ വാളയാർ ചെക്പോസ്റ്റിലേക്ക് ആളുകൾ എത്തിത്തുടങ്ങി.
നോർക്ക വഴി രജിസ്റ്റർ ചെയ്തവർക്ക് പാസ് അനുവദിച്ചിരുന്നു. ഈ പാസ് ലഭിച്ചവർക്കാണ് പ്രവേശനം.
ചെക്പോസ്റ്റിലെ കർശനമായ പരിശോധനക്ക് ശേഷമാണ് വാഹനം കടത്തി വിടുന്നത്.14 കൗണ്ടറുകളാണ് കേരളത്തിലേക്കുള്ള വാഹനങ്ങളുടെ പരിശോധിക്കാനായി ഒരുക്കിയത്.
കേരളത്തിൽ നിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുന്നവർക്കായി രണ്ട് കൗണ്ടറുകളാണുള്ളത്.
ആരോഗ്യ പ്രവർത്തകരും പൊലീസും ക്ലർക്കുമാരും റവന്യു ഉദ്യോഗസ്ഥരും ചെക്പോസ്റ്റിലുണ്ട്.
കോവിഡ് രോഗലക്ഷണങ്ങളുള്ളവരെ ഡോക്ടർമാർ പരിശോധിച്ച ശേഷം 108 ആംബുലൻസിൽ ജില്ല ആശുപത്രിയിലെ നിരീക്ഷണ വാർഡിലേക്ക് മാറ്റും.
ആവശ്യമെങ്കിൽ അവരുടെ സ്രവം പരിശോധനക്കയച്ച് കൊറോണ കേസ് സെൻററിലേക്ക് വിടാനാണ് ഉദ്ദേശിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
മുത്തങ്ങ, ഇഞ്ചിവിള, ആര്യങ്കാവ്, കുമളി, മഞ്ചേശ്വരം ചെക്പോസ്റ്റുകളിലൂടെയും ഇതര സംസ്ഥാനങ്ങളിൽ നിന്ന് മലയാളികൾ കേരളത്തിലെത്തുന്നത്.
ഇവിടങ്ങളിലെല്ലാം ഹെൽപ് ഡസ്‌കുകൾ സജ്ജീകരിച്ചിട്ടുണ്ട്. പരിശോധനയ്ക്കായി കളിയിക്കാവിളയില്‍ 12 ഡോക്ടര്‍മാരെ നിയോഗിച്ചിട്ടുണ്ട്. വരുന്നവരെ പരിശോധിക്കാന്‍ തൊട്ടടുത്ത ഓഡിറ്റോറിയം സജ്ജമാക്കിയിട്ടുണ്ട്.