ബെംഗളൂരു: ക്ലാസ്‌മുറിയിൽ വിദ്യാർഥിയെ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. മൈസൂരിൽ കെ.ആർ. നഗറിലെ കുപ്പള്ളിയിൽ പിന്നാക്കവിഭാഗങ്ങളിലെ കുട്ടികൾക്കായി സംസ്ഥാന സാമൂഹികക്ഷേമവകുപ്പ് നടത്തുന്ന ഇന്ദിരാഗാന്ധി റെസിഡൻഷ്യൽ സ്കൂളിലെ എട്ടാംക്ലാസ് വിദ്യാർഥി എസ്.എസ്. ഗൗതം (14) ആണ് മരിച്ചത്.
റെസിഡൻഷ്യൽ സ്കൂളായിട്ടും താമസസൗകര്യം പരിമിതമായതിനാൽ, കുട്ടികളെ ക്ലാസ്‌മുറിയിൽ കിടന്നുറങ്ങാൻ സ്കൂൾ അധികൃതർ നിർബന്ധിച്ചിരുന്നത്രെ. രാത്രി ക്ലാസ്‌മുറിയിൽ കിടന്നുറങ്ങിയ കുട്ടിയെ രാവിലെ സഹപാഠികളാണ് മരിച്ചനിലയിൽ കണ്ടത്.
സാലിഗ്രാമിനടുത്ത് സാലേകൊപ്പലു സ്വദേശി ശിവണ്ണയുടെയും രേഖമ്മയുടെയും മകനാണ് ഗൗതം. കുട്ടിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ഇവർ ആരോപിച്ചതിനെത്തുടർന്ന് സാലിഗ്രാം പോലീസ് അന്വേഷണം തുടങ്ങി.
മൃതദേഹം മൈസൂരു കെ.ആർ. ആശുപത്രിയിലെത്തിച്ച് പരിശോധിച്ചു. ചൊവ്വാഴ്ച രാവിലെയാണ് കുട്ടിയെ ക്ലാസ്‌മുറിയിൽ മരിച്ചനിലയിൽ സഹപാഠികൾ കണ്ടത്. ഞായറാഴ്ച അടുത്തുള്ള മേലൂർ ഗ്രാമത്തിലെ മുത്തച്ഛന്റെ വീട്ടിൽപ്പോയ ഗൗതം തിങ്കളാഴ്ച മടങ്ങിവന്നിരുന്നു.
രാത്രി ഭക്ഷണം കഴിച്ചശേഷം ഉറങ്ങാൻപോയി. മുറിയുടെ ജനാലകൾ തുറന്നിട്ടാണ് ഉറങ്ങിയത്. പിറ്റേന്നു രാവിലെ ആറുമണിയോടെ സഹപാഠികൾ തൊട്ടുവിളിച്ചപ്പോൾ അനക്കമില്ലാത്തനിലയിൽ കണ്ടു.
ഉറക്കത്തിനിടെ മരിച്ചതാകാമെന്നാണ് സംശയം. സ്കൂളിൽ ആകെ രണ്ടു മുറികൾ മാത്രമാണ് കുട്ടികൾക്ക് താമസിക്കാനുള്ളത്. 147 കുട്ടികളുണ്ട്. നിബിഡവനത്തോടുചേർന്നുള്ള സ്കൂൾ കെട്ടിടത്തിൽ കാട്ടുമൃഗങ്ങളുടെയും കവർച്ചക്കാരുടെയും ഭീഷണിയുമുണ്ട്. സാമൂഹികക്ഷേമ വകുപ്പ് രണ്ടുവർഷംമുമ്പ് ആരംഭിച്ച സ്കൂളാണിത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.