മലയാളിയുടെ പക്കൽനിന്ന് പട്ടാപകൽ കാറിലെത്തിയ മൂന്നംഗസംഘം കവർന്നത് 85,000 രൂപ; മൈസൂരുവിൽ കവർച്ചയും പിടിച്ചുപറിയും അക്രമവും കൂടുന്നു

ബെംഗളൂരു: മൈസൂരുവിൽ കവർച്ചയും പിടിച്ചുപറിയും അക്രമവും കൂടിവരികയാണ് നഗരത്തിൽ. ഒരു മാസത്തിനിടെ പത്തോളം പിടിച്ചുപറിക്കേസുകൾ പോലീസിൽ റിപ്പോർട്ട് ചെയ്യപ്പെട്ടു.

ഒരു മലയാളി കവർച്ചയ്ക്കിരയായ സംഭവവുമുണ്ടായി. ഹെബ്ബലിലുള്ള ഒരു റിസോർട്ടിൽ മാനേജരും മലയാളിയുമായ അമലിന്റെ പക്കൽനിന്ന് 85,000 രൂപയാണ് പട്ടാപ്പകൽ കാറിലെത്തിയ മൂന്നംഗസംഘം കവർന്നത്.

ഈ മാസം നാലിന് എൽ.ഐ.സി.സർക്കിളിലായിരുന്നു സംഭവം. അമലും സഹോദരനും സ്കൂട്ടറിൽ യാദവഗിരിയിലുള്ള എസ്.ബി.ഐ.യുടെ കാഷ് ഡെപ്പോസിറ്റ് കിയോസ്കിൽ പണമടയ്ക്കാൻ പോകുമ്പോൾ കാറിലെത്തിയ സംഘം തടഞ്ഞുനിർത്തി ആക്രമിച്ച് പണംകവർന്ന് രക്ഷപ്പെടുകയായിരുന്നു.

പരാതിനൽകിയതിനെത്തുടർന്ന് കവർച്ചാസംഘത്തിലെ ഒരാളെ എൻ.ആർ.പോലീസ് അറസ്റ്റ് ചെയ്തു. ഗൗസിയാബാദ് സ്വദേശി മുഹമ്മദ് സിദ്ദിഖ്(20)ആണ് പിടിയിലായത്. ഇയാളിൽനിന്ന് 2,500 രൂപയാണ് കണ്ടെടുത്തത്. ഇയാളുടെ ബൈക്കും കവർച്ചയ്ക്ക് ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു.

കഴിഞ്ഞ ബുധനാഴ്ച ശാന്തിനഗറിൽ റോഡിൽ നിൽക്കുകയായിരുന്ന ഒരാളെ ആക്രമിച്ച് 50,000 രൂപ കവർന്ന സംഭവമുണ്ടായി. റോഡിൽ സംസാരിച്ചുനിൽക്കുമ്പോൾ രണ്ടുപേർ സ്കൂട്ടറിലെത്തി കത്തികാണിച്ച് പണവും മൊബൈൽഫോണും കവർന്ന് രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ ഉദയഗിരി പോലീസ് കേസെടുത്തു.

നവംബർ രണ്ടിന് ജെ.സി.വാഡിയാർ സർക്കിളിലെ ബി.എസ്.എൻ.എൽ.ഓഫീസിനുസമീപം വിദേശിയെ ആക്രമിച്ച് ഐഫോണും രണ്ട് ഡെബിറ്റ് കാർഡുകളും കവർന്നു. ബൈക്കിലെത്തിയ രണ്ടംഗസംഘമാണ് ആക്രമണം നടത്തിയത്. സംഭവത്തിൽ നസാർബാദ് പോലീസ് കേസെടുത്തിട്ടുണ്ട്.

അന്നുതന്നെ ജെ.എൽ.ബി.റോഡിൽ ഒരു കൊറിയർ കമ്പനിയുടെ പാർസൽ വിതരണക്കാരനും കവർച്ചയ്ക്കിരയായി. രാത്രി പത്തരയോടെ ബൈക്കിലെത്തിയ രണ്ടംഗസംഘം പ്രസന്നകുമാർ എന്ന കൊറിയർ വിതരണക്കാരന്റെ പാർസലുകൾ അടങ്ങിയ സഞ്ചിയും മൊബൈൽ ഫോണും കവർന്ന് രക്ഷപ്പെടുകയായിരുന്നു.

ഒക്ടോബർ 28-ന് കോയമ്പത്തൂർ സ്വദേശി രാത്രി വൈകി നഗരത്തിൽ ബസിറങ്ങി മകളുടെ വീട്ടിലേക്ക് നടന്നുപോകവേ സ്കൂട്ടറിലെത്തിയ രണ്ടംഗസംഘം തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തി രണ്ട് മൊബൈൽഫോണുകളും ഒരു സ്വർണമോതിരവും കവർന്നു. രാമാനുജ റോഡിലായിരുന്നു സംഭവം.

കഴിഞ്ഞ 28-ന് ആലനഹള്ളിയിൽ താമസിക്കുന്ന ഉമ എന്ന സ്ത്രീയുടെ കഴുത്തിൽനിന്ന് സ്വർണമാല കവരാൻ ശ്രമം നടന്നു. ബൈക്കിലെത്തിയ മോഷ്ടാവിന് മാലയുടെ ഒരു കഷണം മാത്രമാണ് കൈപ്പിടിയിലാക്കി രക്ഷപ്പെടാനായത്.

ഒക്ടോബർ 17-ന് കൃഷ്ണവിലാസ് റോഡിലൂടെ നടന്നുപോകുകയായിരുന്ന യാത്രക്കാരന്റെ പക്കൽനിന്നും ബൈക്കിലെത്തിയ ആൾ മൊബൈൽഫോൺ കവർന്ന് രക്ഷപ്പെട്ട സംഭവമുണ്ടായി. കുശാൽഗുപ്ത എന്നയാളാണ് കവർച്ചയ്ക്കിരയായത്.

ഒക്ടോബർ 13-ന് രാത്രി സിറ്റി ബസ് സ്റ്റാൻഡിൽ വിനയ് എന്നൊരാളുടെ മൊബൈൽഫോണും കവർന്നതായി പരാതിയുണ്ട്. ഒക്ടോബർ ഒമ്പതിന് ദസറ പ്രദർശന പാർക്കിന്റെ മുമ്പിൽ നിർത്തിയിട്ടിരുന്ന കാറിൽ സൂക്ഷിച്ചിരുന്ന ലക്ഷങ്ങൾ വിലവരുന്ന സ്വർണാഭരണങ്ങളടങ്ങിയ ബാഗ് മോഷ്ടിച്ചതായും പരാതിയുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us